ശിശുഭവനിലെ കുട്ടികളെ 'പോറ്റിവളര്‍ത്താം'
text_fieldsമലപ്പുറം: വിവിധ കാരണങ്ങളാല്‍ സ്വന്തം രക്ഷിതാക്കളുടെ കൂടെ താമസിക്കാന്‍ സാധിക്കാത്ത കുട്ടികളെ മറ്റൊരു കുടുംബത്തില്‍ വളര്‍ത്തുന്ന (ഫോസ്റ്റര്‍ കെയര്‍) പദ്ധതിയുടെ ഏഴാം പതിപ്പിന് ജില്ലയില്‍ തുടക്കമാകുന്നു. സര്‍ക്കാര്‍ ശിശുഭവനുകളില്‍ താമസിക്കുന്ന കുട്ടികളെ രണ്ടു മാസത്തെ അവധിക്കാലത്ത് വീടുകളിലെ സാഹചര്യം പരിചയപ്പെടുത്താനും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പുതിയ അനുഭവം നല്‍കാനുമായാണ് 'പോറ്റിവളര്‍ത്തല്‍' പദ്ധതി നടപ്പാക്കുന്നത്. വനിത ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി എന്നിവയുടെ മേല്‍നോട്ടത്തിലാണ് പദ്ധതി നടത്തിപ്പ്.
ശിശുഭവനിലെ കുട്ടികളെ രണ്ടു മാസക്കാലം സ്വന്തം വീട്ടില്‍ വളര്‍ത്താന്‍ താല്‍പര്യമുള്ളവര്‍ക്ക് നിശ്ചിത ഫോറത്തില്‍ ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റില്‍ ഏപ്രില്‍ 16 വരെ അപേക്ഷ നല്‍കാം. ആറിനും 16നും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണ് ഈ വേനലവധിക്ക് പോറ്റിവളര്‍ത്തല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
രണ്ടു മാസക്കാലം കുട്ടികള്‍ക്ക് വീടിന്‍റെ അന്തരീക്ഷം പരിചയപ്പെടുത്തി അവരുടെ ഉന്നമനത്തിന്ന് ഉതകുന്ന തരത്തില്‍ സംരക്ഷണം നല്‍കാന്‍ സാധിക്കുന്ന 35 വയസ്സ് പൂര്‍ത്തിയായ ഏതൊരു ദമ്പതികള്‍ക്കും പദ്ധതി പ്രകാരം കുട്ടികൾക്കായി അപേക്ഷ സമര്‍പ്പിക്കാം. നിലവില്‍ സ്വന്തം കുട്ടികള്‍ ഉള്ളവര്‍ക്കും അപേക്ഷ നല്‍കാമെന്ന് ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ അറിയിച്ചു. ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ക്ക് വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷയോടൊപ്പം തിരിച്ചറിയല്‍ രേഖ, കുടുംബ ഫോട്ടോ, വരുമാന സര്‍ട്ടിഫിക്കറ്റ്, വിവാഹ സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്ളടക്കം ചെയ്യണം. അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം: ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍, മൂന്നാം നില, മിനി സിവില്‍ സ്റ്റേഷന്‍, മഞ്ചേരി, മലപ്പുറം 676121. ഫോണ്‍: 9895701222, 04832978888.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.