കുട്ടികളുടെ മാനസികാരോഗ്യം; കളിവീട് പദ്ധതിയുമായി ജില്ല ആരോഗ്യ വകുപ്പ്
text_fieldsമലപ്പുറം: ജില്ലയിലെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശ്വാസം പകരാന്‍ ആരോഗ്യവകുപ്പ് ജില്ല മാനസികാരോഗ്യ പദ്ധതിയുടെ കീഴില്‍ കളിവീട് പദ്ധതി ആരംഭിക്കുന്നു. കുട്ടികളുടെ മാനസികാരോഗ്യത്തിന് പ്രാധാന്യം നല്കി മികച്ച തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പും ആരോഗ്യകേരളം മലപ്പുറവും സംയുക്തമായി ജില്ല മെന്റല്‍ ഹെല്‍ത്ത് യൂനിറ്റിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന പുതിയ പദ്ധതിയാണ് കളിവീട്.
ആഗോളതലത്തില്‍ എടുത്താല്‍ ഏകദേശം പകുതിയോളം മാനസികരോഗങ്ങള്‍ ആരംഭിക്കുന്നത് 14 വയസ്സിന് മുമ്പാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഈ പ്രായത്തില്‍ കുഞ്ഞുങ്ങളില്‍ കാണുന്ന മാനസിക ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി പരിഹാരം കണ്ടെത്താനും അവര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കാനും കളിവീട് പദ്ധതിയിലൂടെ സാധിക്കും.
ലക്ഷ്യങ്ങള്‍
കുട്ടികളിലെ പെരുമാറ്റത്തെ രൂപവത്കരിക്കുകയും വ്യക്തിത്വത്തിന് അടിത്തറ പാകുകയും ചെയ്യുന്ന ജന്മസിദ്ധമായ ചില ഘടകങ്ങളുണ്ട്. ഈ ഘടങ്ങളെ നല്ലതെന്നോ ചീത്തയെന്നോ വേർതിരിക്കാനുള്ള കഴിവ് കുട്ടികളിലുണ്ടാക്കി അവരെ നല്ല വ്യക്തിത്വത്തിനുടമയാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
പ്രവര്‍ത്തനങ്ങള്‍
രോഗാവസ്ഥ ആദ്യമേ മനസ്സിലാക്കി ചികിത്സിക്കുകയാണ് ചെയ്യുന്നത്. മരുന്ന്, വിദ്യാഭ്യാസം, കുടുംബം, മനസ്സ് എന്നീ ഘടകങ്ങളെയെല്ലാം കുട്ടിച്ചേര്ത്തുള്ള സമഗ്ര ചികിത്സരീതിയാണ് ഇതിന് തയാറാക്കിയിരിക്കുന്നത്. ഇക്കാരണത്താല്‍ അത്തരം ചികിത്സകള്‍ ഒരു വിദഗ്ദ്ധ സംഘത്തിന്റെ നിയന്ത്രണത്തിലായിരിക്കണം നടക്കേണ്ടത്. മരുന്നു ചികിത്സയെക്കുറിച്ച വിവരങ്ങള്‍, രക്ഷിതാക്കള്‍ക്കും മറ്റു കുടുംബാംഗങ്ങള്‍ക്കുമുള്ള മനഃശാസ്ത്രപരമായ നിര്‍ദേശങ്ങള്‍, സ്കൂള്‍ അധികൃതരുമായുള്ള ചര്‍ച്ചകള്‍, പഠനകാര്യങ്ങളിലുള്ള സഹായം, വ്യക്തിഗത ഉപദേശങ്ങള്‍ എന്നിവയുള്‍പ്പെടുന്ന വലിയ പദ്ധതിയാണ് ഇത്. എൻ.എച്ച്.എം ജില്ല മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിന്റെ ഭാഗമായി ചൈല്‍ഡ് സൈക്യാട്രി വിഭാഗത്തില്‍ വൈദഗ്ധ്യം നേടിയ സൈക്യാട്രിസ്റ്റിന്റെ സേവനം ഈ പ്രോജക്ടിനായി ലഭ്യമാക്കിയിട്ടുണ്ട്.
ലോഗോ പ്രകാശനം ചെയ്തു
മലപ്പുറം: ജില്ലയില്‍ കുട്ടികള്‍ക്കായി ആരംഭിക്കുന്ന ചൈല്‍ഡ് സൈക്യാട്രി ക്ലിനിക് പദ്ധതി 'കളിവീട്' ലോഗോ ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഡി.എം.ഒ ഡോ. ആര്. രേണുകക്ക് നല്കി പ്രകാശനം ചെയ്തു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മയില്‍ മൂത്തേടം, ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. ടി.എന്‍. അനൂപ്, ജില്ല മാസ് മീഡിയ ഓഫിസര്‍ പി. രാജു, മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം നോഡല്‍ ഓഫിസര്‍ ഡോ. മര്‍വ കുഞ്ഞീന്‍ എന്നിവർ പങ്കെടുത്തു.
സേവനങ്ങള്‍ ലഭിക്കുന്നത്
ജില്ലയില്‍ എല്ലാ മാസവും ആദ്യ ആഴ്ചയിലെ ചൊവ്വാഴ്ച രാവിലെ 10 മുതല്‍ ഒന്നുവരെ പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയിലും രണ്ടാമത്തെ ആഴ്ച തൃപ്രങ്ങോട് എഫ്.എച്ച്.സി, മൂന്നാമത്തെ ചൊവ്വ കൊണ്ടോട്ടി താലൂക്ക് ആശുപത്രി, നാലാമത്തെ ചൊവ്വ മങ്കട സി.എച്ച്.സി, അഞ്ചാമത്തെ ചൊവ്വ കുറ്റിപ്പുറം താലൂക്ക് ആശുപത്രി, ആദ്യ ആഴ്ചയിലെ ബുധന്‍ രാവിലെ 10 മുതല്‍ ഒന്നുവരെ പൊന്നാനി താലൂക്ക് ആശുപത്രിയിലും രണ്ടാമത്തെ ആഴ്ച ബുധന്‍ വളവന്നൂര്‍ സി.എച്ച്.സി, മൂന്നാമത്തെ ബുധന്‍ മേലാറ്റൂര്‍ സി.എച്ച്.സി, നാലാമത്തെ ബുധന്‍ മാറഞ്ചേരി സി.എച്ച്.സി, അഞ്ചാമത്തെ ബുധന്‍ തൃക്കണാപുരം സി.എച്ച്.സി, ആദ്യ ആഴ്ചയിലെ വ്യാഴം രാവിലെ 10 മുതല്‍ ഒന്നുവരെ അരീക്കോട് താലൂക്ക് ആശുപത്രിയിലും രണ്ടാമത്തെ ആഴ്ച വ്യാഴം മലപ്പുറം താലൂക്ക് ആശുപത്രിയിലും മൂന്നാമത്തെ വ്യാഴം വേങ്ങര സി.എച്ച്.സി, നാലാമത്തെ വ്യാഴം പൂക്കോട്ടൂര്‍ സി.എച്ച് സി, അഞ്ചാമത്തെ വ്യാഴം ഓമാനൂര്‍ സി.എച്ച്.സി എന്നിവിടങ്ങളില്‍ ക്ലിനിക്കിന്റെ സേവനം ലഭ്യമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.