ചിങ്കക്കല്ല് ആദിവാസി കോളനിയിലെ വീട് നിർമാണം: നടപടി തുടങ്ങി
text_fieldsകാളികാവ്: ചിങ്കക്കല്ല് ആദിവാസി കോളനിയിലെ വീട് നിർമാണത്തിന് കലക്ടർ നടപടി തുടങ്ങി. കലക്ടർ വനം വകുപ്പിൽ നിന്ന് അന്തിമ റിപ്പോർട്ട് തേടിയത് പ്രകാരം ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ചർ കൃഷ്ണകുമാർ കോളനി സന്ദർശിച്ച് ഡി.എഫ്.ഒ ക്ക് റിപ്പോർട്ട് നൽകി. ഒരാഴ്ചക്കകം സമ്മതപത്രം നൽകുന്നതുമായി ബന്ധപ്പെട്ട് നടപടിയുണ്ടാവുമെന്നാണ് സൂചന.
ചിങ്കക്കല്ല് ആദിവാസി കോളനിയിലെ മൂന്ന് കുടുംബങ്ങളുടെ വീടെന്ന സ്വപ്നം ഇതോടെ യാഥാർഥ്യമായേക്കും. ഒമ്പത് വർഷത്തെ പോരാട്ടത്തിനൊടുവിലാണ് വിഷയത്തിൽ പ്രതീക്ഷക്ക് വക നൽകും വിധം അധികൃതർ ഇടപെടുന്നത്. വനം മന്ത്രിയുടെ ഇടപെടലിന് എൻ.സി.പി പ്രാദേശിക നേതൃത്വവും പരിശ്രമിച്ചിരുന്നു.
2013ലാണ് ഐ.ടി.ടി ഡി.പി സഹായത്തോടെ കോളനിയിലെ ഗീത, സരോജിനി, ശങ്കരൻ എന്നിവരുടെ മൂന്ന് വീടുകളുടെ തറ നിർമാണം നടന്നത്.
തറപ്പണി പൂർത്തിയായ സമയം സ്ഥലം മാറി വന്ന നിലമ്പൂർ സൗത്ത് ഡി.എഫ്.ഒ വനഭൂമിയിലാണ് വീടെന്ന് പറഞ്ഞ് നിർമാണം തടയുകയായിരുന്നു. വീട് പണി മുടങ്ങിയതോടെ ഈ കുടുംബങ്ങൾ ദുരിതത്തിലാണ് കഴിഞ്ഞിരുന്നത്.
തറ നിർമിച്ച ഭൂമിയുടെ അവകാശ രേഖ ഈ കുടുംബങ്ങൾക്ക് ലഭ്യമാക്കാൻ കഴിഞ്ഞ ഒമ്പതു വർഷമായിട്ടും സാധിച്ചിരുന്നില്ല.
2021ൽ വനംമന്ത്രി ശശീന്ദ്രൻ വിഷയത്തിൽ അടിയന്തര നടപടിക്ക് നിർദേശം നൽകിയിരുന്നു. തുടർന്ന് ഡി.എഫ്.ഒ കോളനിയിലെത്തി സർവേ നടപടി പൂർത്തിയാക്കി. എന്നാൽ അളന്ന് തിരിച്ച് ഒന്നര വർഷം കഴിഞ്ഞിട്ടും സമ്മത പത്രം നൽകിയിട്ടില്ല.
തുടർന്ന് കഴിഞ്ഞ ഡിസംബർ 21ന് ഗൃഹനാഥകളിലൊരാളായ ഗീത പരാതി പറഞ്ഞിരുന്നു. തുടർന്ന് മൂവരുടെയും സ്ഥലം അളന്ന് തിരിച്ച് നൽകി. വീട് പണിക്കുള്ള സമ്മത പത്രം ഉടൻ നൽകാനുള്ള നടപടികൾ അവസാന ഘട്ടത്തിലാണെന്ന് നിലമ്പൂർ സൗത്ത് ഡി.എഫ്.ഒ പ്രവീണും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.