പന്നിക്കോട്ടുമുണ്ട പാലം; കാത്തിരിപ്പിന്റെ പത്ത് വർഷം
text_fieldsചോക്കാട്: ഗതാഗതത്തിന് അനുയോജ്യമായ പാലത്തിനായുള്ള നാടിന്റെ കാത്തിരിപ്പ് പത്ത് വർഷം പിന്നിട്ടു. ചോക്കാട് പഞ്ചായത്തിലെ മമ്പാട്ടുമൂല-പനക്കപ്പാടം-പന്നിക്കോട്ടുമുണ്ട പാലമാണ് ഭരണാനുമതി കാത്തുകിടക്കുന്നത്. മമ്പാട്ടുമൂല, മഞ്ഞപ്പെട്ടി, പനക്കപ്പാടം പ്രദേശക്കാർക്ക് മിനുട്ടുകൾ കൊണ്ട് മലയോരഹൈവേയിലും പൂക്കോട്ടുംപാടം, നിലമ്പൂർ ടൗണുകളിലും എത്താനുള്ള മാർഗമാണിത്. പാലം യാഥാർഥ്യമാകുന്നതോടെ യാത്രാദൂരം അഞ്ചു കിലോമീറ്റർ കുറയും. നിലവിൽ ഇവിടെ ചോക്കാടൻ പുഴക്കു കുറുകെ 20 വർഷം പഴക്കമുള്ള നടപ്പാലമാണുള്ളത്. ഇതിലൂടെ ബൈക്കുകളും ഓട്ടോറിക്ഷയും മാത്രമെ കടന്നുപോകുകയുള്ളു.
നാട്ടുകാരുടെയും പഞ്ചായത്ത് ഭരണസമിതിയുടെയും നിരന്തര ഇടപെടൽ മൂലം പൊതുമരാമത്ത് വകുപ്പ് ഒരു വർഷം മുമ്പ് ഏഴരക്കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കി സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്. അതിനിടെ പാലം പണിക്ക് അനുമതി ലഭ്യമാക്കാൻ കഴിഞ്ഞ വർഷം എ.പി. അനിൽകുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ സർവകക്ഷിയോഗം ചേർന്നു. ജനപ്രതിനിധികളും പൊതുമരാമത്ത് ഉദ്യോഗസ്ഥരും വില്ലേജ് ഓഫിസറും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും നാട്ടുകാരും യോഗത്തിൽ സംബന്ധിച്ചു.
പാലത്തിന്റെ രൂപരേഖയെക്കുറിച്ച് പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സി. വിനോദ് യോഗത്തിൽ വിശദീകരിച്ചു. എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ടെങ്കിലും ഭരണാനുമതി ലഭിച്ചിട്ടില്ലാത്തതാണ് നിലവിലെ തടസ്സം. പാലത്തിന് ഫണ്ടും ഭരണാനുമതിയും ലഭിക്കുന്ന മുറക്ക് മറ്റ് നടപടികൾ വേഗത്തിലാക്കാമെന്നും അദ്ദേഹം പറഞ്ഞു. പാലത്തിനിരുവശവും സ്ഥലം വിട്ടു നൽകാൻ നാട്ടുകാർ സഹകരിക്കുമെന്ന് നേരത്തെ സർക്കാറിനെ അറിയിച്ചിട്ടുമുണ്ട്. സ്ഥലം നൽകാനുള്ള സമ്മതപത്രവും നാട്ടുകാർ അധികൃതർക്ക് കൈമാറിയിട്ടുണ്ട്. വലിയ തുക ആവശ്യമായതിനാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ സർക്കാർ പാലത്തിന് അനുമതി നൽകുമോ എന്ന സംശയവും നാട്ടുകാർക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.