കോളറ; ഉറവിടം കാരക്കോടൻ പുഴ ?
text_fieldsനിലമ്പൂർ: വഴിക്കടവിലെ കോളറ രോഗത്തിന്റെ ഉറവിടം ടൗണിനോട് ചേർന്ന് ഒഴുകുന്ന കാരക്കോടൻ പുഴയിലെ വെള്ളത്തിൽ നിന്നെന്ന് സൂചന.
വെള്ളത്തിൽ മലത്തിന്റെ അംശം വരെ സംശയിക്കുന്നതായി ആരോഗ്യവകുപ്പ് ആശങ്ക അറിയിച്ചു. വെള്ളത്തിന്റെ സാമ്പിൾ പരിശോധന ഫലം ലഭിച്ചിട്ടില്ലെങ്കിലും പ്രാഥമിക വിലയിരുത്തലാണിത്. വെള്ളത്തിന് കറുപ്പ് നിറമാണ്.
ഒഴുക്ക് കുറഞ്ഞ പുഴയുടെ ചില ഭാഗങ്ങളിൽ ദുർഗന്ധം വരെ അനുഭവപ്പെടുന്നുണ്ട്. പുഴയോട് ചേർന്ന് വഴിക്കടവ് ടൗണിലുള്ള ജലനിധിയുടെ കിണറിൽ നിന്നുള്ള വെള്ളം വിതരണം ചെയ്യുന്ന പ്രദേശങ്ങളിലാണ് കോളറ സ്ഥിരീകരിച്ചവരുള്ളത്. കിണർ വെള്ളവും പരിശോധനക്കെടുത്തിട്ടുണ്ട്.
കാരക്കോടൻ പുഴയിൽ വ്യാപക തോതിൽ കൈയേറ്റമുണ്ട്. നാടുകാണി ചുരം വനമേഖലയിലൂടെ ഒഴുകിവരുന്ന പുഴ വഴിക്കടവ് ടൗണിനോട് ചേർന്നാണുള്ളത്. ഇവിടങ്ങളിൽ പുഴയിലേക്കിറക്കിയാണ് ചില വ്യാപാര സ്ഥാപനങ്ങളുടെ കെട്ടിടങ്ങളുള്ളത്.
ഹോട്ടൽ ഉൾപ്പെടെ സ്ഥാപനങ്ങളിലെ മാലിന്യമടങ്ങിയ വെള്ളം പുഴയിൽ തള്ളുന്നതായി കണ്ടെത്തിയിട്ടുണ്ട്.
അഴുക്കുചാലിലെ മലിനജലവും പുഴയിലേക്കാണ് ഒഴുകുന്നത്. പുഴയിലെ നീരൊഴുക്ക് കുറഞ്ഞതോടെ മാലിന്യം കെട്ടി കിടന്ന് പുഴ ഏറെ മലിനമായി. ഇതാണ് പ്രദേശത്ത് കോളറ പടർന്നുപിടിക്കാനിടയാക്കിയതെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ.
ഹോട്ടലുകളിൽനിന്ന് ദിവസേന ഒഴുക്കുന്ന മാലിന്യങ്ങൾക്ക് പുറമെ രാത്രി മാലിന്യം പുഴയിൽ ഒഴുക്കിവിടുന്നതായും പരാതിയുണ്ട്. പുഴയോട് ചേർന്ന ചില കെട്ടിടങ്ങളിൽ ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ താമസിക്കുന്നുണ്ട്. കെട്ടിടത്തിൽ മലമൂത്ര വിസർജ്ജനത്തിന് മതിയായ സൗകര്യമില്ലാത്തതിനാൽ ഇവർ പുലർച്ച പുഴയോരം ഉപയോഗിക്കുന്നതായി നാട്ടുകാർ പറയുന്നു. പുഴ മലിനമാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.