ക്രിസ്മസ്-പുതുവത്സരം; സബ്സിഡി സാധനങ്ങൾ കിട്ടാനില്ല, നിരാശരായി ഉപഭോക്താക്കൾ
text_fieldsമലപ്പുറം: ക്രിസ്മസ്-പുതുവത്സരമെത്തിയിട്ടും ജില്ലയിൽ മാവേലി, സപ്ലൈകോ സ്റ്റോറുകളിൽ സബ്സിഡി സാധനങ്ങൾ എത്താത്തതിൽ നിരാശയോടെ ഉപഭോക്താക്കൾ.
ക്രിസ്മസ് ആഘോഷവേള മുന്നിൽക്കണ്ട് വെള്ളി, ശനി ദിവസങ്ങളിൽ സ്റ്റോറുകളിലെത്തിയവരാണ് നിരാശരായി മടങ്ങിയത്. ഡിസംബറിൽ ജില്ലയിലേക്ക് സബ്സിഡി സാധനങ്ങൾ കാര്യമായെത്താത്തതാണ് ഉപഭോക്താക്കൾക്ക് തിരിച്ചടിയായത്. നിലവിൽ സബ്സിഡി ഇനത്തിൽ പ്രധാനമായും വെളിച്ചെണ്ണ മാത്രമാണ് ഉപഭോക്താവിന് ലഭിക്കുന്നത്.
ഇതിന് ലിറ്ററിന് 141 രൂപയുമാണ്. നേരത്തെ ലഭിച്ചിരുന്ന അരി, പരിപ്പ്, ഉഴുന്ന്, കടല, ചെറുപയർ, പഞ്ചസാര എന്നിവ സബ്സിഡിയിൽ ലഭിക്കാനില്ല. നേരത്തെ സബ്സിഡിയിൽ അരിക്ക് കിലോക്ക് 25 രൂപക്കാണ് ലഭിച്ചിരുന്നത്. ഇപ്പോൾ സബ്സിഡിയില്ലാതെ കിലോക്ക് 43.50നാണ് നൽകുന്നത്. ഇത് സാധാരണക്കാരന് തിരിച്ചടിയാകുകയാണ്. ഇതിൽത്തന്നെ കുറുവ, മട്ട, ജയ എന്നിവയിൽ ഏതെങ്കിലുമൊന്ന് മാത്രമാണ് സ്റ്റോറുകളിൽ വിൽപനക്കുള്ളത്.
അര കിലോക്ക് സബ്സിഡിയിൽ 39.50 രൂപയുണ്ടായിരുന്ന ഉഴുന്നിന് സബ്സിഡിയില്ലാതെ 72.50 ആയി ഉയർന്നിട്ടുണ്ട്. മുളകും മല്ലിയും കിട്ടിയാൽ ഭാഗ്യമെന്ന സ്ഥിതിയാണ്. മഞ്ഞൾ സ്റ്റോറുകളിൽ കാലങ്ങളായി ലഭ്യമല്ല.
പട്ടാണി കടലയും സബ്സിഡി പട്ടികയിൽനിന്ന് പുറത്തുപോയിട്ട് വർഷങ്ങളായി. ഇതിനിടെയാണ് മറ്റ് സബ്സിഡി ഉൽപന്നങ്ങൾ കൂടി സ്റ്റോറുകളിൽനിന്ന് പിൻവലിഞ്ഞത്.
റേഷൻ കാർഡുമായി സാധനങ്ങൾ വാങ്ങാനെത്തുന്നവരെ മടക്കിയയക്കേണ്ട സ്ഥിതിയാണ് ജീവനക്കാർ. ഇനി ഈ അവശ്യസാധനങ്ങൾ വൻ തുക മുടക്കി പൊതുവിപണിയെ ആശ്രയിക്കേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.