ചുങ്കത്തറയിൽ സി.പി.എമ്മിന്‍റെ അവിശ്വാസ പ്രമേയം പാസായി; ഭരണം എല്‍.ഡി.എഫിന്
text_fieldsചുങ്കത്തറ (മലപ്പുറം): ചുങ്കത്തറ ഗ്രാമപഞ്ചായത്തിൽ ഭരണപക്ഷമായ യു.ഡി.എഫിനെതിരെ സി.പി.എം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഒമ്പതിനെതിരെ 11 വോട്ടുകൾക്ക് പാസായി. വനിത സംവരണമായ കളക്കുന്ന് 14-ാം വാർഡിൽനിന്ന് മുസ്ലിം ലീഗ് സ്വതന്ത്രയായി വിജയിച്ച എം.കെ. നജ്മുന്നീസയുടെ പിന്തുണയോടെയാണ് അവിശ്വാസം വിജയിച്ചത്. ഇതോടെ ചുങ്കത്തറ പഞ്ചായത്ത് ഭരണം 11 വര്‍ഷത്തിനു ശേഷം എല്‍.ഡി.എഫിന്‍റെ കൈകളിലെത്തും.
നജ്മുന്നീസ ഇടതു പാളയത്തിലെത്തിയതോടെ അവർക്ക് 11 അംഗങ്ങളായി. യു.ഡി.എഫ് 10ൽനിന്ന് ഒമ്പതിലേക്ക് താഴ്ന്നു. അടുത്ത തെരഞ്ഞെടുപ്പു വരെ പ്രസിഡന്‍റിന്‍റെ ചുമതല വൈസ് പ്രസിഡന്‍റ് സൈനബ മാമ്പള്ളിക്ക് നൽകി. 14 ദിവസത്തിനുള്ളിൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. റിട്ടേണിങ് ഓഫിസറായ നിലമ്പൂര്‍ ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫിസർ എ.ജെ. സന്തോഷ് നടപടികൾക്ക് നേതൃത്വം നല്‍കി. 20 സീറ്റുകളുള്ള പഞ്ചായത്തിൽ കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ 10 വീതം സീറ്റുകള്‍ നേടി ഇരു മുന്നണികളും തുല്യമായിരുന്നു. കോൺഗ്രസ് -7, മുസ്ലിംലീഗ് -3, സി.പി.എം 10 എന്നിങ്ങനെയായിരുന്നു കക്ഷിനില.
പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ വത്സമ്മ സെബാസ്റ്റ്യനും വൈസ് പ്രസിഡന്‍റായി യു.ഡി.എഫിലെത്തന്നെ സൈനബ മാമ്പള്ളിയും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഭരണം യു.ഡി.എഫിന് ലഭിച്ചത്. പ്രസിഡന്‍റ് വത്സമ്മ സെബാസ്റ്റ്യൻ അംഗങ്ങളെ വിശ്വാസത്തിലെടുക്കുന്നില്ലെന്നും തന്നിഷ്ടം പോലെ പ്രവര്‍ത്തിക്കുന്നതായും ഒരു വര്‍ഷം പിന്നിട്ടതോടെ യു.ഡി.എഫ് അംഗങ്ങളിൽ തന്നെ അഭിപ്രായമുയർന്നു.
പ്രസിഡന്‍റിനെതിരെ ലീഗ് സ്വതന്ത്ര നജ്മുന്നീസ യു.ഡി.എഫിന് പരാതി നൽകിയതോടെ അവരുടെ പിന്തുണ സി.പി.എം ഉറപ്പാക്കി. തുടർന്ന് പ്രസിഡന്‍റിനെതിരെ 10 പ്രതിപക്ഷ അംഗങ്ങള്‍ ചേര്‍ന്ന് ബ്ലോക്ക് ഡെവലപ്‌മെന്‍റ് ഓഫിസര്‍ സന്തോഷ് മുമ്പാകെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കുകയായിരുന്നു.
വിവിധ മേഖലകളിലെ അഴിമതി ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയും സര്‍ക്കാറിന്‍റെ വികസന പദ്ധതികള്‍ പഞ്ചായത്തില്‍ നടപ്പാക്കുന്നതില്‍ കാണിച്ച അനാസ്ഥയും ഉയര്‍ത്തിയായിരുന്നു നോട്ടീസ്. സര്‍ക്കാര്‍ നിയമിച്ച ഡ്രൈവര്‍ ചുമതലയേറ്റിട്ടും താല്‍ക്കാലിക ഡ്രൈവറെ പിരിച്ചുവിടാതെ പഞ്ചായത്ത് ഫണ്ടില്‍നിന്ന് താൽക്കാലിക ഡ്രൈവർക്ക് ശമ്പളം നൽകുന്നതും ചൂണ്ടിക്കാട്ടിയിരുന്നു.
നാടകീയതകളില്ലാതെ അവിശ്വാസ വോട്ടെടുപ്പ്
ഒട്ടും നാടകീയതകളില്ലാതെയാണ് ചുങ്കത്തറ ഗ്രാമപഞ്ചായത്തിൽ സി.പി.എം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ ചർച്ചയും വോട്ടെടുപ്പും നടന്നത്. യു.ഡി.എഫും എൽ.ഡി.എഫും തുല്യ സീറ്റുകൾ പങ്കിട്ട പഞ്ചായത്തിൽ മുസ്ലിം ലീഗ് സ്വതന്ത്രയായി വിജയിച്ച എം.കെ. നജ്മുന്നീസയുടെ പിന്തുണ ഉറപ്പിച്ച ശേഷമാണ് പ്രതിപക്ഷത്തുള്ള സി.പി.എമ്മിന്‍റെ പത്ത് അംഗങ്ങൾ ഒപ്പിട്ട് പ്രസിഡന്‍റിനെതിരെ നിലമ്പൂർ ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫിസർക്ക് അവിശ്വാസ നോട്ടീസ് നൽകിയത്.
തിങ്കളാഴ്ച രാവിലെ 11നാണ് അവിശ്വാസ പ്രമേയത്തിൽ ചർച്ച തീരുമാനിച്ചത്. പ്രശ്നസാധ‍്യത കണക്കിലെടുത്ത് രാവിലെ 8.30ന് തന്നെ എടക്കര എസ്.ഐയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം പഞ്ചായത്ത് ഓഫിസ് പരസരത്ത് നിലയുറപ്പിച്ചിരുന്നു. കൂറുമാറിയ നജ്മുന്നീസയെ യു.ഡി.എഫ് തടയുമെന്ന ശ്രുതി പരന്നിരുന്നു. ഇതിനാൽ പഞ്ചായത്ത് ഓഫിസ് പരിസരത്ത് രാവിലെ മുതൽ എൽ.ഡി.എഫ് പ്രവർത്തകരുണ്ടായിരുന്നു. സമീപത്തെ സി.പി.എം ഏരിയ കമ്മിറ്റി ഓഫിസിൽ പി.വി. അൻവർ എം.എൽ.എയുമുണ്ടായിരുന്നു.
രാവിലെ 10.20ഓടെ സി.പി.എം അംഗങ്ങളുടെ കൂടെ വാഹനത്തിൽ നജ്മുന്നീസ വന്നിറങ്ങി. എന്നാൽ, പ്രതിഷേധ മുദ്രാവാക‍്യംപോലും ഉയർന്നില്ല. സി.പി.എം അംഗങ്ങൾക്കൊപ്പം തന്നെ അവർ വോട്ടെടുപ്പ് നടക്കുന്ന ഹാളിലെത്തി. അവസാന ഘട്ടത്തിൽ നജ്മുന്നീസ തങ്ങൾക്കൊപ്പം തന്നെ നിൽക്കുമെന്ന യു.ഡി.എഫ് പാളയത്തിന്‍റെ പ്രതീക്ഷക്ക് അതോടെ തീർത്തും മങ്ങലേറ്റു. യു.ഡി.എഫ് പ്രവർത്തകർക്കൊപ്പം നേതാക്കളായ വി.എസ്. ജോയ്, കെ.ടി. കുഞ്ഞാൻ, വി.എ. കരീം എന്നിവരുണ്ടായിരുന്നു.
പ്രസിഡന്‍റിനെതിരെ താൻ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നതായി അവിശ്വാസപ്രമേയ ചർച്ചയിലും നജ്മുന്നീസ പറഞ്ഞതോടെ പ്രമേയം പാസാകുമെന്ന് തീർച്ചയായി. വോട്ടെടുപ്പിന് ശേഷവും നജ്മുന്നീസ സി.പി.എം അംഗങ്ങളുടെ കൂടെ വാഹനത്തിലാണ് മടങ്ങിയത്. അവിശ്വാസ പ്രമേയം വിജയിച്ചതോടെ ചുങ്കത്തറ ടൗണിൽ എൽ.ഡി.എഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി.
നടപ്പായത് ജനഹിതം -പി.വി. അൻവർ എം.എൽ.എ
വൈകിയാണെങ്കിലും ചുങ്കത്തറയിൽ വീണ്ടും സി.പി.എം അധികാരത്തിലേറാൻ സാഹചര്യമൊരുങ്ങിയത് ജനഹിതമായി കാണണമെന്ന് പി.വി. അൻവർ എം.എൽ.എ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജാതീയവും മതപരവുമായ വിഷയങ്ങൾ പ്രചരിപ്പിച്ചും സാമ്പത്തിക ഇടപാടുകൾ പ്രോത്സാഹിപ്പിച്ചും യു.ഡി.എഫ് നടത്തിയ ഇടപെടലുകളിൽ വിരലിലെണ്ണാവുന്ന വോട്ടുകൾക്ക് എൽ.ഡി.എഫിന് പല വാർഡുകളും നഷ്ടമായി. നല്ലംതണ്ണി പോലുള്ള വാർഡുകൾ നഷ്ടമായതാണ് വിനയായത്. തെരഞ്ഞെടുപ്പ് കാലത്തെ ജനഹിതം വൈകിയാണെങ്കിലും ചുങ്കത്തറയിൽ നടന്നതിൽ സന്തോഷമുണ്ട്. യു.ഡി.എഫിന് കെട്ടുറപ്പോടെ ഭരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
പണാധിപത‍്യം വിഴുങ്ങി -വി.എസ്. ജോയ്
ജനാധിപത്യത്തെ പണാധിപത്യം വിഴുങ്ങുന്ന കാഴ്ചയാണ് ചുങ്കത്തറയിൽ കണ്ടതെന്ന് ഡി.സി.സി പ്രസിഡന്‍റ് വി.എസ്. ജോയ്. നടന്നത് രാഷ്ടീയ സദാചാര ലംഘനമാണ്. ഇടത് നേതാക്കൾ പണം കൊടുത്ത് അംഗങ്ങളെ വിലയ്ക്ക് വാങ്ങുന്ന നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. പോത്തുകല്ലിലും അമരമ്പലത്തും നേരത്തെ കണ്ടതാണിത്. ജനാധിപത്യ ധ്വംസനത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
നജ്മുന്നീസ രാജിവെക്കണം -ലീഗ്
മുസ്ലിം ലീഗിന്‍റെ ഔദാര്യത്തിൽ കിട്ടിയ പഞ്ചായത്ത് അംഗ സ്ഥാനം എം.കെ. നജ്മുന്നീസ രാജിവക്കണമെന്ന് മുസ്ലിം ലീഗ് ജില്ല പ്രവർത്തക സമിതി അംഗം കെ.ടി. കുഞ്ഞാൻ. ലീഗ് പിന്തുണച്ചില്ലെന്ന ബാലിശമായ ആരോപണം മാത്രമാണ് നജ്മുന്നീസ ഉന്നയിച്ചത്. ഇത് അസംബന്ധമാണ്. കാല് മാറ്റത്തിന് പിന്നിൽ പണാധിപത്യം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.