ചുങ്കത്തറയിൽ വൈസ് പ്രസിഡന്‍റിനെതിരെ അവിശ്വാസം പാസായി; പൂർണമായും ഭരണം തിരിച്ചുപിടിക്കാൻ സി.പി.എം
text_fieldsചുങ്കത്തറ (മലപ്പുറം): ചുങ്കത്തറ പഞ്ചായത്തിൽ യു.ഡി.എഫുകാരിയായ വൈസ് പ്രസിഡന്‍റ് സൈനബ മാമ്പളിക്കെതിരെ സി.പി.എം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. ഒമ്പതിനെതിരെ 11 വോട്ടുകൾക്കാണ് അവിശ്വാസം വിജയിച്ചത്.
രാവിലെ 11ന് ഗ്രാമപഞ്ചായത്ത് ഓഫിസിൽ നിലമ്പൂർ ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫിസർ എ.ജെ. സന്തോഷിന്‍റെ മേൽനോട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. നേരത്തേ യു.ഡി.എഫിൽനിന്നുള്ള പ്രസിഡന്‍റ് വത്സമ്മ സെബാസ്റ്റ‍്യനെതിരെ സി.പി.എം കൊണ്ടുവന്ന അവിശ്വാസ പ്രമേയവും ഒമ്പതിനെതിരെ 11 വോട്ടുകൾക്ക് വിജയിച്ചിരുന്നു.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ 20 സീറ്റുകളുള്ള പഞ്ചായത്തിൽ 10 വീതം സീറ്റുകൾ നേടി എൽ.ഡി.എഫും യു.ഡി.എഫും തുല്യത നേടിയിരുന്നു. നറുക്കെടുപ്പിലൂടെയാണ് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങൾ യു.ഡി.എഫിന് ലഭിച്ചത്. യു.ഡി.എഫിലെ ലീഗ് സ്വതന്ത്ര സ്ഥാനാർഥിയായി ജയിച്ച് പിന്നീട് സി.പി.എമ്മിലേക്ക് കൂറുമാറിയ എം.കെ. നജ്മുന്നീസയുടെ പിന്തുണയോടെയാണ് സി.പി.എം പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് എന്നിവർക്കെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയങ്ങൾ പാസായത്.
ഏപ്രിൽ 26ന് നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പ്രസിഡന്‍റ് സ്ഥാനാർഥിയായ നിഷിദ മുഹമ്മദലിയെ തോൽപിച്ച് നജ്മുന്നീസ സി.പി.എമ്മിന്‍റെ പ്രസിഡന്‍റായി തെരഞ്ഞടുക്കപ്പെട്ടു.
വ‍്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്‍റ് പുറത്തായതോടെ ചുമതല വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ബിന്ദു സത‍്യനാണ്. തെരഞ്ഞെടുപ്പ് ഫലം റിട്ടേണിങ് ഓഫിസർ തെരഞ്ഞെടുപ്പ് കമീഷന് കൈമാറി. രണ്ടാഴ്ചക്കുള്ളിൽ നടക്കുന്ന വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർഥി വിജയിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. ഇതോടെ 11 വർഷത്തിനുശേഷം ചുങ്കത്തറ പഞ്ചായത്ത് ഭരണം പൂർണമായും സി.പി.എം തിരിച്ച് പിടിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.