യൂത്ത് കോൺഗ്രസ് എസ്.പി ഓഫിസ് മാർച്ചിൽ സംഘർഷം
text_fieldsമലപ്പുറം: യൂത്ത് കോൺഗ്രസ് എസ്.പി ഓഫിസ് മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പൊലീസിലെ ക്രിമിനലുകളെ പുറത്താക്കണമെന്നും ആഭ്യന്തര മന്ത്രി രാജിവെക്കണമെന്നുമാവശ്യപ്പെട്ട് മാർച്ച് നടത്തിയ പ്രവർത്തകരെ ട്രാഫിക് സ്റ്റേഷനു സമീപം പൊലീസ് ബാരിക്കേഡുപയോഗിച്ച് തടഞ്ഞു. മാർച്ചിന്റെ ഉദ്ഘാടനം കഴിഞ്ഞതോടെ പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് ബാരിക്കേഡിന് മുകളിൽ കയറി. ബാരിക്കേഡിന് മറുവശത്തേക്ക് ചാടിയ പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ജലപീരങ്കി രണ്ട് തവണ ഉപയോഗിച്ചെങ്കിലും സമരക്കാർ പിരിഞ്ഞ് പോവാൻ തയാറായില്ല. കൊടി കെട്ടാനുപയോഗിച്ച പി.വി.സി പൈപ്പ് പൊലീസിന് നേരെ എറിഞ്ഞ് പ്രവർത്തകർ പ്രകോപനം സൃഷ്ടിച്ചു. ഇതിനിടെ അറസ്റ്റ് ചെയ്തവരെ സ്റ്റേഷനിലേക്ക് കൊണ്ട് പോവുകയായിരുന്ന ജീപ്പ് ട്രാഫിക് പൊലീസ് ഓഫിസിന്റെ മുമ്പിൽ വെച്ച് സമരക്കാർ തടഞ്ഞു. പ്രവർത്തകർക്ക് പൊലീസിന്റെ മർദനമേറ്റിട്ടുണ്ടെന്നും അവരെ ആശുപത്രിയിലെത്തിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ജൂബിലി റോഡിൽ പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ശക്തമായ ഉന്തും തള്ളുമുണ്ടായി.
പ്രവർത്തകരെ തള്ളി മാറ്റി ജീപ്പ് കടന്ന് പോയെങ്കിലും പ്രകോപിതരായ സമരക്കാർ പാലക്കാട്-കോഴിക്കോട് ദേശീയപാതയിലേക്ക് പ്രകടനമായി നീങ്ങി. പെട്രോൾ പമ്പിന് സമീപം നടുറോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച വനിതകളുൾപ്പെടെ പ്രവർത്തകരെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കാനായത്.
ഇതിനിടയിൽ സംഘർഷത്തിൽ തോളിന് പരിക്കേറ്റ, ഡി.സി.സി വൈസ് പ്രസിഡന്റ് ഷാജി പാച്ചേരിയെ സഹപ്രവർത്തകർ ഓട്ടോയിൽ ആശുപത്രിയിലെത്തിച്ചു.
അറസ്റ്റ് ചെയ്ത 25 പ്രവർത്തകരെ ജാമ്യം നൽകി വിട്ടു. മാർച്ചിന് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ഹാരിസ് മുതൂർ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് പാറയിൽ, സംസ്ഥാന ഭാരവാഹികളായ സഫീർ ജാൻ പാണ്ടിക്കാട്, ഷിമിൽ അരീക്കോട്, എ.കെ. ഷാനിദ്, ടി.എം. മനീഷ്, നാസിൽ പൂവിൽ, ഡി.സി.സി ജനറൽ സെക്രട്ടറി സി.കെ. ഹാരിസ്, ജില്ല ഭാരവാഹികളായ നിസാം കരുവാരകുണ്ട്, അഡ്വ. പ്രജിത്, റാഷിദ് ചോല, എം.ടി. റിയാസ്, മൻസൂർ പാണ്ടിക്കാട് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.