പെരുണ്ണീരി തോട്ടിൽ ഇനി തെളിനീരൊഴുകും
text_fieldsചേലേമ്പ്ര: ഗ്രാമപഞ്ചായത്തിലെ പെരുണ്ണീരി തോട്ടിൽ ഇനി തെളിനീരൊഴുകും. മാലിന്യകൂമ്പാരമായി മാറിയ പെരുണ്ണിരി തോട് ചേലേമ്പ്ര എൻ.എം.എം.എച്ച്.എസ് സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റും സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂനിറ്റും ചേലേമ്പ്രയിലെ മധുരം മാനവീയം കലാ കൂട്ടായ്മയും സംയുക്തമായാണ് ശുചീകരിച്ചത്. രണ്ട് കിലോമീറ്ററോളം വരുന്ന തോട് പ്ലാസ്റ്റിക് മാലിന്യങ്ങളാലും ചപ്പുചവറുകളാലും കുപ്പികളാലും നിറഞ്ഞ അവസ്ഥയിലായിരുന്നു.
ഞായറാഴ്ച രാവിലെ എട്ട് മുതൽ ഉച്ചവരെയുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് വിദ്യാർഥികൾ ശുചീകരിച്ചത്. എൻ.എസ്.എസ് യൂനിറ്റിന്റെയും സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂനിറ്റിന്റെയും 70ഓളം വരുന്ന വിദ്യാർഥികളും ചേലേമ്പ്ര കലാ കൂട്ടായ്മ എന്ന സംഘടനയിലെ ഇരുപതോളം വരുന്ന പ്രദേശവാസികളുമാണ് പങ്കാളികളായത്. ഏകദേശം 20 ചാക്കോളം പ്ലാസ്റ്റിക് കുപ്പികളാണ് തോട്ടിൽനിന്ന് ശേഖരിച്ചത്. ശുചീകരണ യജ്ഞത്തോടൊപ്പം പ്ലാസ്റ്റിക് മാലിന്യങ്ങൾക്കെതിരെയുള്ള ‘ചുടലയൊരുക്കുന്നവർ’ എന്ന ഏകപാത്ര നാടകം ബാബു ഒലിപ്രം അവതരിപ്പിച്ചു.ഇനി തോടുകളിലും പൊതുയിടങ്ങളിലും പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിക്കില്ല എന്ന പ്രതിജ്ഞ സ്കൂൾ കുട്ടികളും കലാകൂട്ടായ്മ പ്രവർത്തകരും നാട്ടുകാരും എടുത്തു.
ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. ദേവദാസ് ഉദ്ഘാടനം ചെയ്തു. കലാ കൂട്ടായ്മയുടെ പ്രതിനിധികളായ നവാസ് നീലാട്ട്, ബാലു ചേലേമ്പ്ര, സി.പി. ബാലകൃഷ്ണൻ, സുരേഷ്, ഗിരീഷ്, ചേലേമ്പ്ര ലയൺസ് ക്ലബ് പ്രസിഡൻറ് ഫൈസൽ, കാലിക്കറ്റ് യൂനിവേഴ്സിറ്റി ലയൺസ് ക്ലബ് അംഗം ശ്രീഹരി, പ്രശാന്ത് പുത്തലത്ത്, ഉണ്ണികൃഷ്ണൻ പിള്ളാട്ട്, രാജീവ്, വെലായി, മുനീർ, സ്കൂൾ പ്രിൻസിപ്പൽ പി. മനോജ് കുമാർ, സ്കൂളിലെ ഗൈഡ്സ് ചാർജുള്ള അധ്യാപിക കെ.ടി. ശ്വേതാ അരവിന്ദ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ബൈജീവ്, അഖിലേഷ്, ഗോപകുമാർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.