മാറഞ്ചേരിയിലെ മാവേലി സ്റ്റോർ അടച്ചുപൂട്ടാൻ നീക്കം
text_fieldsമാറഞ്ചേരി: നിത്യോപയോഗ സാധനങ്ങൾ ന്യായവിലയിൽ ലഭിക്കുന്ന മാറഞ്ചേരി മുക്കാലയിലെ മാവേലി സ്റ്റോർ അടച്ചു പൂട്ടാൻ നീക്കം.
നിലവിൽ മാവേലി സ്റ്റോർ നിലനിൽക്കുന്ന കെട്ടിടം ഒഴിഞ്ഞു കൊടുക്കേണ്ട സമയമായെന്ന കാരണം പറഞ്ഞാണ് അടച്ചു പൂട്ടാൻ ശ്രമിക്കുന്നത്. പുതിയ കെട്ടിടത്തിലേക്ക് മാവേലി സ്റ്റോർ മാറ്റണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും ഇതൊന്നും അധികൃതർ ഗൗനിക്കുന്നില്ലെന്നാണ് പരാതി.
പൂട്ടാനുള്ള ആദ്യ നടപടി എന്ന നിലയിൽ ഇവിടെയിപ്പോൾ സാധനങ്ങൾ ഇറക്കുന്നില്ല. മാറഞ്ചേരി പഞ്ചായത്തിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങൾക്ക് ഏറെ ആശ്വാസമായിരുന്നു ഈ മാവേലി സ്റ്റോർ.
മിക്ക സമയങ്ങളിലും സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ വലിയ തിരക്കാണ് ഇവിടെയുണ്ടാകാറുള്ളത്. അടച്ചുപൂട്ടാനുള്ള തീരുമാനത്തിനിടയിലും പഞ്ചായത്ത് ഭരണസമിതി മൗനം പാലിക്കുന്നുവെന്നാണ് ആരോപണം. മാവേലി സ്റ്റോർ അടച്ചു പൂട്ടാനുള്ള നീക്കത്തിനെതിരെ കോൺഗ്രസ് മാറഞ്ചേരി മണ്ഡലം കമ്മിറ്റി സമരം ചെയ്യാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പരാതി നൽകാനും തീരുമാനിച്ചു.
മാവേലി സ്റ്റോർ പൂട്ടുന്നതിനെതിരെ ശക്തമായ സമരവുമായി മുന്നോട്ടുപോകാൻ മണ്ഡലം കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് ടി. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. മൈനൊരിറ്റി ജില്ല സെക്രട്ടറി എ.വി. ഉസ്മാൻ, മഹിള കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി സുലൈഖ റസാഖ്, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം പി. നൂറുദ്ധീൻ, വാർഡ് മെമ്പർമാരായ എം.ടി. ഉബൈദ്, സംഗീത രാജൻ, ദിനേശ് അറക്കൽ, ബജിത് പരിചകം, ബാവ അത്താണി, മൊയ്ദുണി കാഞ്ഞിരമുക്ക്, ഹംസ വടമുക്ക്, പ്രമോദ് പനമ്പാട്, ബി.പി. റഷീദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.