സിവിൽ സ്റ്റേഷനിൽ അടച്ചിട്ട ശുചിമുറികൾ തുറക്കാനൊരുങ്ങി മലപ്പുറം ജില്ല ഭരണകൂടം
text_fieldsമലപ്പുറം: ജില്ല ഭരണകൂടത്തിന്റെ ആസ്ഥാനമായ മലപ്പുറം സിവിൽ സ്റ്റേഷനിൽ വിവിധയിടങ്ങളിലായി അടച്ചിട്ട നിരവധി ശുചിമുറികൾ തുറക്കാൻ നടപടികളുമായി ജില്ല ഭരണകൂടം. സിവിൽ സ്റ്റേഷനിൽ നിരവധി ശുചിമുറികളുണ്ടായിട്ടും ഇവ അടഞ്ഞുകിടക്കുന്നതായി 'മാധ്യമം' വാർത്ത നൽകിയിരുന്നു.വാർത്തയുടെ അടിസ്ഥാനത്തിലാണ് ജില്ല ഭരണകൂടം നടപടി ആരംഭിച്ചിരിക്കുന്നത്. ശുചിമുറികൾ
അടച്ചിട്ടതോടെ പ്രയാസത്തിലായിരിക്കുന്നത് വിവിധ ഓഫിസുകളിൽ അത്യാവശ്യ കാര്യങ്ങൾക്ക് എത്തുന്നവരാണ്. പ്രശ്നം പരിഹരിക്കുന്നതിന് ഒരാഴ്ച മുമ്പ് എ.ഡി.എം യോഗം വിളിച്ചു ചേർത്തിരുന്നു. നിലവിൽ വിവിധ വകുപ്പുകൾക്ക് കീഴിലാണ് ശുചിമുറികളുള്ളത്. ഇതിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്നമാണ് ശുചിമുറി അടച്ചിടാൻ കാരണം. ഇതിനാവശ്യമായ ഫണ്ടോ ജീവനക്കാരെ നിയമിക്കാനോ നിലവിൽ സംവിധാനമില്ല. ഈ സാഹചര്യത്തിൽ പ്രവർത്തിച്ചാൽ ശുചിമുറികൾ ശോച്യാവസ്ഥയിലായിരിക്കും. ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിനുള്ള നടപടികളാണ് ആരംഭിച്ചിരിക്കുന്നത്. അതത് വകുപ്പുകൾക്ക് കീഴിലുള്ള അടഞ്ഞുകിടക്കുന്ന ശുചിമുറികൾ തുറക്കുന്നതിന് എന്ത് നടപടി സ്വീകരിക്കണമെന്ന് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഒരാഴ്ചക്കകം വീണ്ടും യോഗം ചേരും. തുടർന്ന് പ്രശ്നപരിഹാരം കണ്ട ശേഷമായിരിക്കും വീണ്ടും ശുചിമുറികൾ
പ്രവർത്തിക്കുക. കോടതി കോംപ്ലക്സ്, ജില്ല വിദ്യാഭ്യാസ ഓഫിസിന് സമീപം, കലക്ടറുടെ ഓഫിസ് പരിസരം, പരാതി പരിഹാര സെല്ലിന് സമീപം എന്നിങ്ങനെ വിവിധയിടങ്ങളിലാണ് ശുചിമുറികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.