അവർ പറന്നു, സ്വപ്നങ്ങൾക്കുമേൽ
text_fieldsമഞ്ചേരി: അതിരുകളില്ലാത്ത ആകാശത്തിനു കീഴിൽ പാറിപ്പറക്കുന്ന പക്ഷികളെപ്പോലെ അവർ പറന്നുയർന്നു. എന്നോ മനസ്സിൽ ബാക്കിവെച്ച ആ വലിയ സ്വപ്നം യാഥാർഥ്യമായതിന്റെ സന്തോഷമായിരുന്നു ഓരോരുത്തരുടെ മുഖത്തും.
ആ സ്വപ്നങ്ങൾക്ക് ചിറക് വിരിച്ചതാകട്ടെ പ്രദേശത്തെ ക്ലബ് ഭാരവാഹികളും. പുൽപറ്റയിലെ ഒരു കൂട്ടം വയോജനങ്ങളുടെ വിമാന യാത്രയെന്ന സ്വപ്നമാണ് ഈവനിങ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രവർത്തകർ സാക്ഷാത്കരിച്ചത്. ശനിയാഴ്ച രാവിലെ ഏഴരയോടെ പുൽപറ്റയിൽനിന്ന് ബസ് മാർഗം കരിപ്പൂർ വിമാനത്താവളത്തിലെത്തി.
9.30ന് കരിപ്പൂരിൽനിന്ന് എയർ ഇന്ത്യ വിമാനം വഴി കണ്ണൂരിലേക്ക്. വിമാനം ഉയർന്നതോടെ പലരും കൊച്ചുകുട്ടികളെപോലെ തങ്ങളുടെ ആഹ്ലാദം പങ്കുവെച്ചു. 27 വയോധികരും നാല് ക്ലബ് ഭാരവാഹികളും അടക്കം 31 പേരാണ് യാത്രാ സംഘത്തിലുണ്ടായിരുന്നത്. ശാരീരിക അവശതകളെല്ലാം മറന്ന് അവരും സ്വപ്നത്തിനുമേൽ പറന്നുയർന്നു. 10.30ഓടെ കണ്ണൂരിലിറങ്ങി. തുടർന്ന് ബസ് മാർഗം അറക്കൽ മ്യൂസിയം, പയ്യാമ്പലം ബീച്ച്, കണ്ണൂർ കോട്ട, കാപ്പാട് ബീച്ച് എന്നിവിടങ്ങളിലും സന്ദർശനം നടത്തി.
യാത്രകൾക്ക് പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിച്ചാണ് സംഘം നാട്ടിലേക്ക് തിരിച്ചത്. ജീവിതത്തിലാദ്യമായി ആകാശയാത്ര നടത്തിയതിന്റെ സന്തോഷം ദമ്പതികളായ അച്യുതനും രാധയും മറച്ചുവെച്ചില്ല. ഇങ്ങനെ ഒരു യാത്രക്ക് അവസരം നൽകിയ ക്ലബ് ഭാരവാഹികളെ അഭിനന്ദിക്കാനവും അവർ മറന്നില്ല. ഇവർക്ക് കൂട്ടായി എം.കെ. അയ്യപ്പനും ഗോവിന്ദൻ മാഷുമെല്ലാം ചേർന്ന് വിനോദയാത്ര കളർഫുൾ ആക്കി മാറ്റി. കലാ സാസ്കാരികം, ചാരിറ്റി, രക്തദാനം, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നടത്തുന്ന ക്ലബ് ഒട്ടേറെ വിനോദ യാത്രകൾ സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും ആകാശയാത്ര ആദ്യമായാണ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ഈവനിങ് ക്ലബ് പ്രസിഡൻറ് സി. സുനിൽകുമാർ, സെക്രട്ടറി സി. അനൂപ്, ജോയൻറ് സെക്രട്ടറി വി. രാഹുൽ, വൈസ് പ്രസിഡൻറ് ടി.വി. സായന്ത് എന്നിവർ യാത്രക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.