തീരദേശ ഹൈവേ: പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചില്ല, ആശങ്കയായി കല്ലിടൽ നടപടികൾ
text_fieldsതാനൂർ: തീരദേശ ഹൈവേക്കായി താനൂർ പുതിയ കടപ്പുറം, അഞ്ചുടി, ചീരാൻ കടപ്പുറം മേഖലകളിൽ സ്ഥലമേറ്റെടുക്കലിന്റെ ഭാഗമായി കല്ലിടൽ നടപടികൾ ആരംഭിച്ചു. 6500 കോടി രൂപയുടെ ഭരണാനുമതിയുള്ള പദ്ധതിക്ക് ഇതിനോടകം 2,289 കോടി രൂപയുടെ (36 കിലോമീറ്റർ പദ്ധതിക്കും സ്ഥലം ഏറ്റെടുക്കലിനുമായും 240 കിലോമീറ്റർ സ്ഥലമേറ്റെടുപ്പിനായും) സാമ്പത്തിക അനുമതി കിഫ്ബിയിൽ നിന്ന് ലഭ്യമായിട്ടുണ്ട്.
468 കിലോമീറ്റർ ഭാഗത്ത് സ്ഥലം ഏറ്റെടുക്കാനുള്ള റവന്യൂ ഉത്തരവും അതിർത്തി കല്ലുകൾ സ്ഥാപിക്കാൻ വിജ്ഞാപനവും വന്നിട്ടുണ്ട്. സാമ്പത്തിക അനുമതി ലഭ്യമായ ഇടങ്ങളിൽ കുടിയൊഴിപ്പിക്കപ്പെടുന്നവരെ വേണ്ട രീതിയിൽ അറിയിക്കുകയോ കാര്യങ്ങൾ ബോധ്യപ്പെടുത്തുകയോ ചെയ്യാതെ അതിർത്തി കല്ലുകൾ സ്ഥാപിക്കാൻ നടപടിയുമായി അധികൃതർ മുന്നോട്ട് പോവുന്നത് എതിർപ്പിനിടയാക്കി.
തീരദേശ മേഖലയുടെ സവിശേഷതകൾ കണക്കിലെടുത്ത് ഹൈവേയുടെ സ്ഥലം ഏറ്റെടുക്കലിന് പ്രത്യേക പുനരധിവാസ പാക്കേജ് പരിഗണനയിലുണ്ടെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നതെങ്കിലും അതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പുറത്തു വിടാത്തതാണ് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നത്.
തീരമേഖലയിൽ സ്ഥലവും തൊഴിലും നഷ്ടമാകുന്നവർക്ക് അതിനനുസൃതമായ മതിയായ നഷ്ടപരിഹാരം ഉൾപ്പെടെ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തിയായിരിക്കണം കല്ലിടൽ നടപടികളുമായി മുന്നോട്ടു പോകേണ്ടതെന്നാണ് നാട്ടുകാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.