തീരദേശപാത; കല്ലുകൾ സ്ഥാപിക്കാൻ തുടങ്ങി
text_fieldsവള്ളിക്കുന്ന്: തീരദേശ പാതക്കായി വള്ളിക്കുന്നിൽ അതിർത്തി നിർണയിച്ച് സർവേ കല്ലുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾക്ക് തുടക്കം. തിരൂർ ഉണ്യാലിൽനിന്ന് തുടങ്ങി മുതിയം ബീച്ച് വരെയാണ് ആദ്യഘട്ടം. ഇതിൽ പരപ്പനങ്ങാടി -വള്ളിക്കുന്ന് അതിർത്തിയിലെ പാലക്കാട് തോട് മുതൽ മുതിയം വരെ 2.6 കിലോമീറ്ററാണ് വള്ളിക്കുന്നിൽ ആദ്യഘട്ടം പാത നിർമിക്കുക. 15.6 മീറ്റർ വീതിയിൽ നിലവിലുള്ള ടിപ്പുസുൽത്താൻ റോഡിൽനിന്ന് മാറിയാണ് കാലുകൾ സ്ഥാപിച്ചു തുടങ്ങിയത്. ഇരുഭാഗങ്ങളിലും അതിർത്തി നിർണയിക്കുന്ന പ്രവൃത്തികളാണ് പുരോഗമിക്കുന്നത്.
15.6 മീറ്ററിലുള്ള പാതയിൽ സൈക്കിൾ പാതയും ഒരുക്കും. മണ്ണ് പരിശോധന പൂർത്തിയായി. ആദ്യ റീച്ചിന്റെ നിർമാണം കേരള റോഡ് ഫണ്ട് ബോഡിനാണ്. സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച് നടപടിക്രമങ്ങൾ ആരംഭിച്ചു. ഇതുസംബന്ധിച്ച് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം നേരത്തേ എം.എൽ.എയുടെ അധ്യക്ഷതയിൽ വിളിച്ചിരുന്നു. സ്ഥലവും വീടും നഷ്ടപ്പെടുന്ന ഭൂവുടമകൾക്ക് ലഭിക്കുന്ന നഷ്ടപരിഹാരം സംബന്ധിച്ച രൂപരേഖ കേരള റോഡ് ഫണ്ട് ബോർഡ് അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ യോഗത്തിൽ അവതരിപ്പിച്ചിരുന്നു.
വീടുകൾക്ക് 14 ലക്ഷം രൂപയും കെട്ടിടത്തിന്റെ ചതുരശ്ര അടിയനുസരിച്ച് കൂടുതൽ നൽകേണ്ട തുകയും തീരുമാനിച്ചിട്ടുണ്ട്. കാലങ്ങളായി വീടു വെച്ച് താമസിക്കുന്ന ഭൂരേഖയില്ലാത്തവർക്കും നഷ്ടപരിഹാരം ലഭിക്കും. എന്നാൽ, ഇവരുടെ ഭൂമിക്ക് വില നൽകില്ല.
കാലുകൾ സ്ഥാപിച്ചുകഴിഞ്ഞാൽ പരിസ്ഥിതി ആഘാത പഠനം നടത്തും. ഇതിനു പുറമെ വിദഗ്ധ സമിതിയുടെ സ്ഥലപരിശോധനയും പൊതുജനങ്ങൾക്കായി ഹിയറിങ്ങും നടത്തും. ഏറ്റെടുക്കുന്ന സ്ഥലത്തിന് ചുറ്റുപാടുമുള്ള അഞ്ച് കിലോമീറ്റർ പരിധിയിലുള്ളവരുടെ ആധാരത്തിന്റെ ഏറ്റവും കൂടിയ വിലയുടെ ശരാശരി പരിഗണിച്ചാകും നഷ്ടപരിഹാര തുക കണക്കാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.