സങ്കടകേരം; കൂപ്പുകുത്തി നാളികേര വില
text_fieldsമലപ്പുറം: നാളികേര വിലത്തകർച്ചയിൽ ദുരിതത്തിലായി കേരകർഷകർ. പൊളിച്ച നാളികേരം കിലോക്ക് 43 രൂപ വരെ കിട്ടിയിരുന്ന സ്ഥാനത്ത് നിലവിൽ 20-22 വരെയാണ് വില. കൊപ്രയുടെയും വെളിച്ചെണ്ണയുടെയും വിലയിലും കാര്യമായ ഇടിവുണ്ട്. വെളിച്ചെണ്ണ ലിറ്ററിന് 126 രൂപയായി കുറഞ്ഞപ്പോൾ കൊപ്ര ക്വിന്റലിന് 7800ഉം ആണ് ചൊവ്വാഴ്ചയിലെ വില.
എടുക്കാൻ ആളില്ലാത്തതിനാൽ കൃഷി ഉപേക്ഷിക്കാനുള്ള ഒരുക്കത്തിലാണ് കേരകർഷകർ. കേന്ദ്ര-സംസ്ഥാന സർക്കാറുകളും കൃഷി വകുപ്പും അവഗണിക്കുന്നു എന്നാരോപിച്ച് ദേശ വ്യാപക പ്രതിഷേധത്തിനുള്ള ഒരുക്കത്തിലാണ് കർഷക സംഘടനകൾ. ആസിയാൻ കരാറിന്റെയും കർഷക വിരുദ്ധ നയങ്ങളുടെയും ഫലമായാണ് നാളികേരം ഉൾപ്പെടെയുള്ള നാണ്യവിളകളുടെ വിലത്തകർച്ചക്ക് കാരണമെന്ന് കർഷക നേതാക്കൾ പറയുന്നു. സംസ്ഥാന സർക്കാർ 32 രൂപ താങ്ങുവില നിശ്ചയിച്ച് നാളികേരം സംഭരിക്കുന്നുണ്ടെങ്കിലും പരിമിതമായ സംഭരണ കേന്ദ്രങ്ങളാണുള്ളത്. മാത്രമല്ല ഒരു തെങ്ങിൽനിന്ന് 70 നാളികേരം എന്ന ഉപാധി തരിച്ചടിയാണെന്ന് കർഷകർ പറയുന്നു.
കോഴിക്കോട് കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നാളികേര ഉൽപാദനമുള്ള ജില്ലയാണ് മലപ്പുറം. നാളികേര സംഭരണം പൂർണമായും ‘നാഫെഡ്’ ഏറ്റെടുത്ത് മതിയായ താങ്ങുവില നിശ്ചയിച്ച് നൽകണമെന്നാണ് കർഷകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.