പൂക്കോട്ടൂരിലെ നികത്തിയ നെൽവയൽ പൂർവ സ്ഥിതിയിലാക്കാൻ കലക്ടറുടെ ഉത്തരവ്
text_fieldsമലപ്പുറം: പൂക്കോട്ടൂരിൽ ഭൂമി തരംമാറ്റുന്നതിന്റെ മറവിൽ നെൽവയൽ നികത്തിയെന്ന പരാതിയിൽ കർശന നടപടിക്ക് ജില്ല കലക്ടർ ഉത്തരവിട്ടു. നികത്തിയ നെൽവയൽ പൂർവ സ്ഥിതിയിലാക്കണമെന്നും ഇല്ലെങ്കിൽ തണ്ണീർത്തട നിയമം ലംഘിച്ച ഭൂവുടമക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കണമെന്നും ജില്ല കലക്ടർ വി.ആർ. വിനോദ് ഉത്തരവിട്ടു.
പരമ്പരാഗതമായി നെൽകൃഷി നടത്തുന്ന പൂക്കോട്ടൂർ പള്ളിമുക്ക് പാടശേഖരത്തിന് നടുവിൽ നെൽവയൽ നികത്തി ചെങ്കല്ലുകൊണ്ട് മതിൽ കെട്ടി മണ്ണുനിറച്ച് കമുക്, വാഴ കൃഷി നടത്തിയതാണ് പരാതിക്കിടയായത്. ഭൂമിയുടെ കൈവശക്കാരനായ കുന്നുമ്മൽ മാനത്തൊടി സജീഷിനെതിരെയാണ് നടപടിക്ക് ഉത്തരവിട്ടത്.
പരിസരത്ത് നെൽകൃഷി നടത്തുന്ന കർഷകരാണ് 2021 ഒക്ടോബറിൽ പരാതി നൽകിയത്. വയലിന് നടുവിൽ മതിൽകെട്ടി മണ്ണ് നിറച്ചതോടെ നെൽകൃഷി തടസ്സപ്പെട്ടെന്നായിരുന്നു പരാതി. വയൽ നികത്തിയതോടെ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെട്ട് ചുറ്റുഭാഗത്തുമുള്ള നെൽകൃഷിക്ക് ഭീഷണിയായതായി പൂക്കോട്ടൂർ കൃഷി ഓഫിസർ പരിശോധനയിൽ കണ്ടെത്തിയിരുന്നു. വയൽ നികത്തിയ കൈവശക്കാരൻ വയൽ പൂർവസ്ഥിതിയിലാക്കിയെന്ന് അധികൃതർക്ക് മൊഴികൊടുത്തെങ്കിലും തുടർപരിശോധനയിൽ വയൽ പൂർവസ്ഥിതിയിലാക്കിയിട്ടില്ലെന്ന് അധികൃതർ കണ്ടെത്തി.
പെരിന്തൽമണ്ണ സബ്കലക്ടർ, പൂക്കോട്ടൂർ വില്ലേജ് ഓഫിസർ, കൃഷി ഓഫിസർ, ഡെപ്യൂട്ടി തഹസിൽദാർ എന്നിവർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ല കലക്ടർ ജനുവരി അഞ്ചിന് പരാതിക്കാർക്ക് അനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ചത്. 15 ദിവസത്തിനകം വയൽ മതിലും മണ്ണും നീക്കി പൂർവസ്ഥിതിയിലാക്കണം. കൈവശക്കാരൻ ഉത്തരവ് പാലിച്ചില്ലെങ്കിൽ പെരിന്തൽമണ്ണ റവന്യൂ ഡിവിഷനൽ ഓഫിസർ നെൽവയൽ പൂർവസ്ഥിതിലാക്കാൻ നടപടി സ്വീകരിക്കുകയും ചെലവ് കൈവശക്കാരനിൽനിന്ന് ഈടാക്കുകയും ചെയ്യും. ഉത്തരവ് ഭൂ ഉടമ പാലിക്കുന്നുണ്ടോയെന്ന് പൂക്കോട്ടൂർ വില്ലേജ് ഓഫിസർ നിരീക്ഷിച്ച് പെരിന്തൽമണ്ണ സബ്കലക്ടർക്ക് റിപ്പോർട്ട് നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.