കോളജ് യൂനിയൻ തെരഞ്ഞെടുപ്പ്; മുന്നേറിയും നഷ്ടപ്പെട്ടും വിദ്യാർഥി സംഘടനകൾ
text_fieldsമലപ്പുറം: കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ കോളജുകൾ ഭരണം പിടിച്ചും നഷ്ടപ്പെട്ടും വിദ്യാർഥി സംഘടനകൾ. കൂടുതൽ നേട്ടമുണ്ടാക്കി എന്ന് എം.എസ്.എഫാണ് അവകാശവാദം ഉന്നയിക്കുന്നത്. കഴിഞ്ഞ തവണ 48 കോളജുകളില്‍ ഒറ്റക്ക് ഭരണം നേടിയ എം.എസ്.എഫ് ഇത്തവണ 71 കോളജുകളായി ഉയര്‍ത്തിയെന്നാണ് അവർ അവകാശപ്പെടുന്നത്. എന്നാൽ, എം.എസ്.എഫിന്റെ പല അവകാശവാദങ്ങളും തെറ്റാണെന്ന് എസ്.എഫ്.ഐ വ്യക്തമാക്കി. ആകെ നേട്ടത്തിൽ തങ്ങൾ മുന്നിലാണെന്നും വലതുപക്ഷ യൂനിയനുകൾ ഭരിച്ചിരുന്ന കോളജുകളിൽ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ടെന്നും നഷ്ടപ്പെട്ടവ തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങളുണ്ടാകുമെന്നും എസ്.എഫ്.ഐ വ്യക്തമാക്കി. നവംബർ ആറിന് തിരുവനന്തപുരത്ത് ചേരുന്ന എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി യൂനിയൻ തെരഞ്ഞെടുപ്പ് അവലോകനം ചെയ്യും. യോഗത്തിൽ സംസ്ഥാന കമ്മിറ്റിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലുള്ള പദ്ധതികൾ ആവിഷ്കരിക്കും. കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ 194 കോളജുകളിൽ 120ലും നേട്ടമുണ്ടാക്കിയത് എസ്.എഫ്.ഐയാണെന്നും അവർ അറിയിച്ചു.
മഞ്ചേരി എൻ.എസ്.എസ് കോളജ്, പാലേമാട് എസ്.വി.പി.കെ, ഐ.എച്ച്.ആർ.ഡി മുതുവല്ലൂര്‍, പൂക്കളത്തൂര്‍ പ്രിസ്റ്റിവാലി കോളജ്, മേല്‍മുറി മഅ്ദിന്‍ , മലപ്പുറം ഗവ.വനിത കോളജ്, മങ്കട ഗവ.കോളജ്, പെരിന്തല്‍മണ്ണ എസ്.എൻ.ഡി.പി കോളജ്, പെരിന്തല്‍മണ്ണ പി.ടി.എം കോളജ്, കെ.പി.പി.എം ബിഎഡ് ആനക്കയം തുടങ്ങിയ കോളജുകളാണ് എസ്.എഫ്.ഐയില്‍ നിന്ന് നേടിയതെന്ന് എം.എസ്.എഫ് അറിയിച്ചു. ചുങ്കത്തറ മാർത്തോമ കോളജ്, വണ്ടൂർ സഹ്യ ആർട്സ് ആന്റ് സയൻസ് കോളജ്, വളാഞ്ചേരി എം.ഇ.എസ് കെ.വി.എം, വെളിയങ്കോട് എം.ടി.എം കോളജ്, എളയൂർ എം.എ.ഒ കോളജ്, തിരൂർ തുഞ്ചൻ മെമ്മോറിയൽ കോളജ് തുടങ്ങിയവയിൽ എസ്.എഫ്.ഐയും മുന്നേറ്റമുണ്ടാക്കി. നാലിടങ്ങളിൽ കെ.എസ്.യു ഒറ്റക്കും എട്ട് കോളജുകളിൽ ഫ്രറ്റേണിറ്റിയും നേട്ടമുണ്ടാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.