ബാലാരിഷ്ടതകൾ തീരാതെ മലപ്പുറത്തെ കോളജുകൾ
text_fields2011 -16 യു.ഡി.എഫ് സർക്കാറിെൻറ കാലത്താണ് സർക്കാർ കലാലയങ്ങളില്ലാത്ത തവനൂർ, താനൂർ, കൊണ്ടോട്ടി, മങ്കട, നിലമ്പൂർ മണ്ഡലങ്ങളിൽ ഓരോ ഗവ. കോളജുകൾ അനുവദിച്ചത്. ജില്ല ആസ്ഥാനത്തിന് വനിത കോളജും ലഭിച്ചു. ക്ലാസുകൾ ആരംഭിച്ച് അഞ്ചോ ആറോ കൊല്ലം പിന്നിട്ടിട്ടും പല സ്ഥാപനങ്ങളുടെയും ബാലാരിഷ്ടത തുടരുകയാണ്. ജില്ലയിലെ പുതിയ സർക്കാർ കോളജുകളിലൂടെ...
മലപ്പുറം: ഇനിയും താൽക്കാലിക, വാടകക്കെട്ടിടങ്ങളിൽനിന്ന് മോചനമില്ലാത്ത കലാലയമാണ് ജില്ലയിലെ ഏക സർക്കാർ വനിത കോളജ്. 2015 -16 അധ്യയന വർഷത്തിൽ കോട്ടപ്പടിയിൽ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ കോമ്പൗണ്ടിൽ സ്ഥാപിച്ച താൽക്കാലിക കെട്ടിടത്തിലായിരുന്നു മലപ്പുറം ഗവ. വനിത കോളജിെൻറ തുടക്കം. ബി.എ ഇംഗ്ലീഷ്, ബി.എ ഇസ്ലാമിക് ഹിസ്റ്ററി, ബി.എസ്സി കെമിസ്ട്രി, ബി.എസ്സി ബോട്ടണി എന്നീ നാല് ഡിഗ്രി കോഴ്സുകളോടെയായിരുന്നു ആരംഭം. കഴിഞ്ഞ അധ്യയന വർഷം മുതൽ ബോട്ടണിയിൽ എം.എസ്സിയുമുണ്ട്. ഏകദേശം നാല് കൊല്ലം മുമ്പ് മുണ്ടുപറമ്പിലെ വാടകക്കെട്ടിടത്തിലേക്ക് മാറി കോളജ്.
നിലവിൽ 395 വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്. 10 സ്ഥിരം അധ്യാപകരും 13 െഗസ്റ്റ് െലക്ചറർമാരുമുണ്ട്. രണ്ട് താൽക്കാലികക്കാരുൾപ്പെടെ 12 അനധ്യാപക ജീവനക്കാരും. പ്രിൻസിപ്പൽ ഒമ്പത് മാസം മുമ്പ് സ്ഥലം മാറ്റം ലഭിച്ചുപോയി. വൈസ് പ്രിൻസിപ്പൽ സിമ ഓജസിനാണ് ചുമതല. വൈകിയാണെങ്കിലും കോളജിന് സ്വന്തം കെട്ടിടം വരുന്നുവെന്ന ആശ്വാസമുണ്ട്. പാണക്കാട് ഇൻകെൽ എജുസിറ്റിയിലെ അഞ്ച് ഏക്കർ സ്ഥലത്ത് നിർമാണ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. കോളജ് ഒന്നര വർഷത്തിനകം ഇവിടേക്ക് മാറ്റാൻ കഴിയുമെന്നാണ് പ്രതീക്ഷ.
അസൗകര്യങ്ങളുടെ പാഠം നിലമ്പൂരിൽ
പൂക്കോട്ടുംപാടം: മലയോര മേഖലയിലെ വിദ്യാർഥികളുടെ ഉന്നത പഠനത്തിന് ഏറെ മുറവിളികൾക്ക് ശേഷമാണ് 2018ൽ നിലമ്പൂർ സർക്കാർ കോളജ് പൂക്കോട്ടുംപാടത്ത് ആരംഭിച്ചത്. 2016ൽ അനുവദിച്ചിട്ടും ക്ലാസ് തുടങ്ങുന്നത് രണ്ട് കൊല്ലം വൈകി. പൂക്കോട്ടുംപാടം അങ്ങാടിയിലെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലാണ് ആരംഭിച്ചത്. സൗകര്യ കുറവ് അധ്യയനത്തിന് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. ബി.കോം, ബി.എസ്സി ജ്യോഗ്രഫി, ബി.എ മലയാളം, എം.എസ്സി ജ്യോഗ്രഫി കോഴ്സുകളാണ് നിലവിലുള്ളത്. നിലമ്പൂർ -പെരുമ്പിലാവ് സംസ്ഥാന പാതയിൽ അഞ്ചാം മൈലിൽ കോളജിനു വേണ്ടി അഞ്ച് ഏക്കർ സ്ഥലം ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുകയാണ്. കെട്ടിട നിർമാണത്തിന് കിഫ്ബിയിൽ നിന്ന് 12 കോടി രൂപ സർക്കാർ അനുവദിക്കുകയും റവന്യൂ വകുപ്പിെൻറ ഭരണാനുമതി ലഭിക്കുകയും ചെയ്തിട്ടുണ്ട്. 18 അധ്യാപക തസ്തികകളിൽ 10 പേർ സ്ഥിരവും രണ്ടു പേർ താൽക്കാലികവുമാണ്. എട്ടു പേരുടെ കുറവുണ്ട്. അനധ്യാപക തസ്തികകളിൽ 12 പേരിൽ എട്ടുപേരാണ് സ്ഥിരമായുള്ളത്. 309 വിദ്യാർഥികളാണ് ഇവിടെ പഠനം നടത്തുന്നത്.
മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ മണ്ഡലത്തിലെ കോളജ് കാണണം
തവനൂർ: സർക്കാർ കോളജിൽ മൂന്നാം വർഷ വിദ്യാർഥികളുടെ ക്ലാസുകൾ ആരംഭിച്ചെങ്കിലും പഠനം വാടക കെട്ടിടത്തിൽ തന്നെ തുടരുകയാണ്. തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ഫെബ്രുവരിയിൽ മറവഞ്ചേരിയിൽ നിർമിച്ച പുതിയ കെട്ടിടം ഉദ്ഘാടനം കഴിഞ്ഞെങ്കിലും നിർമാണ പ്രവൃത്തികൾ പൂർത്തിയായിരുന്നില്ല. സെപ്റ്റംബർ വരെ കരാറുകാരന് സമയം അനുവദിച്ചു. എന്നാൽ, കോവിഡ് വ്യാപനവും ലോക്ഡൗണും പ്രവൃത്തികൾ ഇഴഞ്ഞു നിങ്ങാൻ കാരണമായി. 95 ശതമാനം ജോലികൾ പൂർത്തിയായിട്ടുണ്ട്. വൈദ്യുതി കൂടി ലഭിച്ചാൽ ഒക്ടോബർ അവസാനം പുതിയ കെട്ടിടത്തിലേക്ക് മാറുമെന്നാണ് പ്രതീക്ഷ. ബി.എ ഇംഗ്ലീഷ്, സോഷ്യോളജി, ബി.കോം എന്നിവക്ക് പുറമെ കഴിഞ്ഞ കൊല്ലം അഞ്ച് വർഷ കോഴ്സായ ഇൻറഗ്രേറ്റഡ് പൊളിറ്റിക്സിന് അനുമതി ലഭിച്ചെങ്കിലും ഇത്തവണ അഡ്മിഷന് ക്ഷണിച്ചിട്ടില്ല. ഒന്നര വർഷമായി കോളജിന് പ്രിൻസിപ്പൽ ഇല്ല. ഫിസിക്കൽ എജുക്കേഷൻ അധ്യാപികക്കാണ് താൽക്കാലിക ചുമതല. സ്ഥിരം അധ്യാപകർ ഇല്ലാത്തതും പഠനത്തെ ബാധിക്കുന്നുണ്ട്.
മങ്കടയിലും സ്വന്തം കെട്ടിടം
കൊളത്തൂർ: ഏഴ് കോഴ്സുകളുമായി കൊളത്തൂരിൽ വാടക കെട്ടിടത്തിൽ ആരംഭിച്ച മങ്കട ഗവ. കോളജ് മൂർക്കനാട് പുന്നക്കാട്ട് സ്വന്തം കെട്ടിടത്തിലേക്ക് മാറിയിട്ട് ഒരു വർഷം. ആകെ ഏഴ് ബിരുദ കോഴ്സുകളുമായി തുടക്കം. ഇപ്പോൾ ഒരു ബിരുദാനന്തര ബിരുദ കോഴ്സ് ഉൾപ്പെടെ എട്ട് കോഴ്സുകൾ. എം.എസ്സി സൈക്കോളജി, ബി.എ ഹിസ്റ്ററി, ബി.എ ഇക്കണോമിക്സ്, ബി.എ ഇംഗ്ലീഷ്, ബി.എസ്സി സൈക്കോളജി, ബി.എസ്സി മാത്സ്, ബി.കോം, ബി.ബി.എ എന്നിവയാണ് കോഴ്സുകൾ. 800ഓളം വിദ്യാർഥികൾ പഠിക്കുന്നു. ആകെയുള്ള 29 അധ്യാപകരിൽ 17ഉം ഗസ്റ്റ് അധ്യാപകരാണ്.
താനൂരിൽ താൽക്കാലികം തന്നെ
താനൂർ: സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ ഗവ. കോളജ് എട്ട് വർഷത്തോളമായി പുത്തൻതെരു ഗവ. ഐ.ടി.ഐ കോമ്പൗണ്ടിലെ താൽക്കാലിക കെട്ടിടത്തിലാണ്.
നിലവിൽ ബി.ബി.എ, ബി.സി.എ, ബി.എ ഇംഗ്ലീഷ് ആൻഡ് ജേണലിസം, ബി.എസ്സി ഇലക്ട്രോണിക്സ് വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബി.കോം വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ അഞ്ച് കോഴ്സുകളാണ് ഉള്ളത്. ഇൻറഗ്രേറ്റഡ് എം.എ മലയാളം അനുവദിച്ചു കിട്ടിയിട്ടുണ്ടെങ്കിലും തുടങ്ങിയിട്ടില്ല.
പ്രിൻസിപ്പൽ ഉൾപ്പെടെ 26 അധ്യാപകരുണ്ട്. ഇതിൽ 17 പേർ സ്ഥിരം അധ്യാപകരും ഒമ്പതു പേർ താൽക്കാലികക്കാരുമാണ്. അനധ്യാപകരായി 13 പേരും. ഒഴൂരിൽ അഞ്ചര ഏക്കർ സ്ഥലം കണ്ടെത്തുകയും കോളജ് കെട്ടിടത്തിനായി ശിലാസ്ഥാപനം നടത്തുകയും ചെയ്തെങ്കിലും നിർമാണം ആരംഭിച്ചിട്ടില്ല.
അതിവേഗം ബഹുദൂരം കൊണ്ടോട്ടി
കൊണ്ടോട്ടി: കോളജ് തുടങ്ങി ആറുവർഷത്തിനകം തന്നെ നാക് അക്രഡിറ്റേഷൻ നടപടികൾ തുടങ്ങിയ കേരളത്തിലെ ആദ്യത്തെ പുതുതലമുറ കോളജെന്ന പെരുമ കൊണ്ടോട്ടി ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിനുണ്ട്. നവംബർ പകുതിയോടെ നാക് പ്രതിനിധികൾ കോളജ് സന്ദർശിക്കും. 2013 -14 അധ്യയന വർഷം വിളയിൽ പറപ്പൂരിലാണ് തുടക്കം. ബി.എ ഫങ്ഷനൽ ഇംഗ്ലീഷ്, ബി.എ ഉർദു, ബാച്ലർ ഓഫ് ടൂറിസം ആൻഡ് ഹോട്ടൽ മാനേജ്മെൻറ്, ബി.കോം, ബി.എസ്സി മാത്സ് എന്നീ ഡിഗ്രി കോഴ്സുകളും എം.എ ഇംഗ്ലീഷ്, എം.എസ്സി മാത്സ് എന്നീ പി.ജി കോഴ്സുകളുമാണുള്ളത്. 27 സ്ഥിരം അധ്യാപകരും ഏഴ് താൽക്കാലികക്കാരും. നിലവിൽ കോളജിൽ ക്ലാസ് റൂമുകളുൾപ്പെടെ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുണ്ടെന്ന് പ്രിൻസിപ്പൽ ഡോ. വി. അബ്ദുല്ലത്തീഫ് പറഞ്ഞു. കിഫ്ബി അനുവദിച്ച ആറ് കോടി രൂപ ഉപയോഗിച്ച് പുതുതായി നാലു നിലയുള്ള കെട്ടിട നിർമാണ പ്രവൃത്തികൾ നടന്നുകൊണ്ടിരിക്കുകയാണ്.
കാമ്പസ് @ ഓഫ് ലൈൻ ജില്ലയിലെ കാമ്പസുകളിൽ ആളനക്കം
മലപ്പുറം: കോളജുകൾ തുറന്നതോടെ ജില്ലയിലെ കാമ്പസുകളിൽ ആളനക്കം. കോവിഡ് കാരണം വലിയ ഇടവേളക്ക് ശേഷമാണ് ക്ലാസുകൾ ആരംഭിച്ചത്. സർക്കാർ, എയ്ഡഡ്, സ്വകാര്യ കോളജുകളിൽ ബിരുദ, ബിരുദാനന്തര കോഴ്സുകളിലെ അവസാനവർഷ ക്ലാസുകൾ തിങ്കളാഴ്ച തുടങ്ങി. ഒന്നര വര്ഷം ഓൺലൈനിലായിരുന്നു പഠനം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വിദ്യാർഥികളെത്തിയത്.
രാവിലെ ഒമ്പതിന് ക്ലാസുകൾ ആരംഭിക്കുന്നതിനുമുമ്പ് കോവിഡ് നിയന്ത്രണങ്ങളെ കുറിച്ച് ബോധവത്കരണം നടത്തി. ക്ലാസ് തുടങ്ങുന്നതിനു മുമ്പ് ക്ലാസ് മുറികളും കാമ്പസും ശുചീകരിച്ചിരുന്നു. ഒക്ടോബർ 18 മുതൽ എല്ലാ ബാച്ചുകളും സാധാരണ പോലെ ആരംഭിക്കും. വാക്സിനെടുക്കാത്ത വിദ്യാർഥികൾക്ക് കോളജ് തലങ്ങളിൽ സൗകര്യമൊരുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.