ഞെളിയൻപറമ്പിൽനിന്ന് ഇനി ഗ്യാസും വളവും
text_fieldsഞെളിയൻപറമ്പ്
കോഴിക്കോട്: ജൈവമാലിന്യങ്ങൾ സുരക്ഷിതമായി സംസ്കരിക്കുന്നതിനൊപ്പം പുതിയ ഊർജ സ്രോതസ്സുകളിലേക്കും ജൈവകൃഷി സംസ്കാരത്തിലേക്കും നഗരത്തെ നയിക്കാൻ ഞെളിയൻപറമ്പിൽ നിർദിഷ്ട കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ് പ്രോജക്ട്. ദിനംപ്രതി 150-180 ടൺ ജൈവമാലിന്യം സംസ്കരിക്കാൻ ശേഷിയുള്ള പ്ലാന്റിൽനിന്ന് 5-6 ടൺ ബയോഗ്യസും 20-25 ടൺവരെ ജൈവവളവും ഉൽപാദിപ്പിക്കാൻ കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം. വ്യാഴാഴ്ച ചേർന്ന പ്രത്യേക കൗൺസിലിൽ കമ്പനി പ്രോജക്ട് ജനറൽ മാനേജർ ആർ. ശശി പ്രകാശാണ് പദ്ധതി വിശദീകരിച്ചത്.
ഞെളിയൻപറമ്പിൽ കോർപറേഷനിലെ ജൈവ മാലിന്യസംസ്കരണത്തിന് കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ് പണിയാൻ ഭാരത് പെട്രോളിയം കോർപറേഷനുമായി (ബി.പി.സി.എൽ) കോർപറേഷൻ നേരത്തേ ധാരണയിലെത്തുകയും കൗൺസിൽ അംഗീകാരം നൽകുകയും ചെയ്തിരുന്നു.
ചെലവ് 99 കോടി
കോർപറേഷൻ സ്ഥലം കൈമാറുകയും മറ്റു സാങ്കേതിക അനുമതികളും ലഭിച്ചാൽ 24 മാസത്തിനകം പ്രവൃത്തി പൂർത്തീകരിച്ച് പ്ലാന്റ് പ്രവർത്തനം ആരംഭിക്കുമെന്ന് പ്രോജക്ട് മാനേജർ അറിയിച്ചു. ഞെളിയൻപറമ്പിൽ കോർപറേഷന് 17 ഏക്കർ സ്ഥലമാണുള്ളത്. ഇതിൽ ഏഴേക്കർ സ്ഥലമാണ് ബി.പി.സി.എല്ലിന് പ്ലാന്റ് നിർമാണത്തിനായി ലീസിന് കൈമാറുക.
ഈ ഭൂമി കൈമാറാൻ കൗൺസിൽ നേരത്തേ തീരുമാനമെടുത്തിരുന്നു. ഈ സ്ഥലത്തെ മാലിന്യം കോർപറേഷൻ നീക്കണം. 99 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുക. ഇത് പൂർണമായും ബി.പി.സി.എൽ വകയിരുത്തും. 25 വർഷത്തേക്കാണ് കമ്പനി കോർപറേഷനുമായി ധാരണയിലെത്തിത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.