വ്യാപാരത്തിന് ഇളവുകളോടെ അനുമതി തേടി ടെക്സ്റ്റൈൽ ഉടമകൾ
text_fieldsപെരിന്തൽമണ്ണ: റമദാൻ, ഈദുൽ ഫിത്ർ, വിഷു സീസൺ മുന്നിൽ കണ്ട് വസ്ത്രവ്യാപാര മേഖലകൾ വൻതോതിൽ ചരക്കിറക്കിയെങ്കിലും വിൽപന നടത്താനാവാതെ കടുത്ത പ്രതിസന്ധിയിൽ. റമദാനിലാണ് സീസണായി വ്യാപാരം കൂടുതൽ നടക്കാറ്. എന്നാൽ, കോവിഡ് നിയന്ത്രണത്തിൽ അത് മുടങ്ങിയതോടെ വസ്ത്രാലയങ്ങളും അവയെ ആശ്രയിച്ച് ജീവിക്കുന്ന നൂറുകണക്കിന് തൊഴിലാളികളും പ്രതിസന്ധിയിലാണ്.
സർക്കാർ പ്രഖ്യാപിച്ച എല്ലാ കോവിഡ് ഇളവുകളും പാലിച്ചുകൊണ്ട് വസ്ത്രവ്യാപാരത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെൻറ്സ് ഡീലേഴ്സ് അസോസിയേഷൻ സർക്കാറിനെ സമീപിച്ചു. കോവിഡ് വ്യാപനം വളരെ കുറയുകയും ആശങ്കകൾ ഒഴിഞ്ഞ സ്ഥിതിയാവുകയും തെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തിൽ വൻതോതിൽ ആൾക്കൂട്ടങ്ങൾ തെരുവിലിറങ്ങുകയും ചെയ്ത ഘട്ടത്തിലാണ് ഇനി റമദാൻ സീസണിൽ പ്രത്യേക കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടാവില്ലെന്ന വിശ്വാസത്തിൽ വൻതുകക്ക് ചരക്കിറക്കിയത്.
കഴിഞ്ഞ വർഷം കോവിഡിൽ മിക്ക വ്യാപാരികളും പുതുതായി പർച്ചേസ് നടത്താതെ കടയിലുള്ളത് വിറ്റൊഴിവാക്കുകയായിരുന്നു.
ഇത്തവണ വലിയ തുക മുടക്കി ഇറക്കിയ തുണിത്തരങ്ങൾ കെട്ടിക്കിടക്കുകയാണെന്നും ഈ സ്ഥിതി തുടർന്നാൽ സ്ഥാപനങ്ങൾ വലിയതോതിൽ കടക്കെണിയിലാവുമെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി. ജില്ല പ്രസിഡൻറ് ചമയം ബാപ്പു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുസ്തഫ ഷാദി, ട്രഷറർ അബ്ദുൽ കലാം സീനത്ത്, ഷരീഫ് ചേലാസ്, എൻ.എൻ. കുഞ്ഞുട്ടി ഖദീജ, കെ.എം.ടി. മലിക്, സിറാജ് പ്രീതി, എ.വി. വിനോദ്, മമ്മി ചെറുതോട്ടിൽ എന്നിവർ സംസാരിച്ചു.
ഒാൺലൈൻ സാധ്യത ഉപയോഗപ്പെടുത്തിയും വിൽപന
പെരിന്തൽമണ്ണ: പ്രതിസന്ധികളെ സാധ്യതകളാക്കി മാറ്റുകയെന്ന ക്രിയാത്മക ചിന്തയിൽ വസ്ത്ര സ്ഥാപനങ്ങളും പെരുന്നാൾ സീസണിൽ ഒാൺലൈൻ കച്ചവടത്തിലേക്ക്. വസ്ത്രങ്ങൾ വേണ്ടവർക്ക് വാട്സ്ആപ് നമ്പറിൽ വിവരങ്ങൾ ആരാഞ്ഞ് ചിത്രങ്ങളും മോഡലും അയച്ചുകൊടുക്കുകയും ശേഷം ജീവനക്കാർ വീടുകളിലെത്തി കൈമാറുന്നതുമാണ് രീതി. ബുധനാഴ്ച ഒാൺലൈൻ വ്യാപാരം ആരംഭിച്ച കടകളിൽ നല്ല രീതിയിൽ അന്വേഷണങ്ങൾ വരുന്നതായി മഞ്ചേരിയിലെ ടെക്സ്റ്റൈൽസ് ഉടമ പറഞ്ഞു. ഈദുൽ ഫിത്്ർ വരെയുള്ള കുറഞ്ഞ ദിവസങ്ങളിലാണ് പരമാവധി വസ്ത്ര വ്യാപാരം നടക്കുകയെന്നതിനാൽ കോവിഡ് നിയന്ത്രണങ്ങളിൽ കടകൾ അടച്ചിട്ടിരിക്കുകയാണ്. ആവശ്യമായ തുണിത്തരങ്ങൾ ഉപഭോക്താവിന് എത്തിക്കുന്ന സാധ്യതയാണ് നോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.