കാക്കഞ്ചേരി-ചേലൂപാടം റോഡ് ഉയരപ്പാതയുമായി ബന്ധിപ്പിക്കൽ; പരിഹാരമൊരുങ്ങുന്നു
text_fieldsചേലേമ്പ്ര: കാക്കഞ്ചേരി-ചേലൂപാടം റോഡ് ഉയരപ്പാതയുമായി ബന്ധിപ്പിക്കുന്ന പ്രശ്നത്തിന് പരിഹാരമായി. ദേശീയപാത ചേലേമ്പ്ര കാക്കഞ്ചേരി വളവിൽ ഉയരപ്പാത നിർമാണം പുരോഗമിക്കുന്നതോടെ കാക്കഞ്ചേരി-ചേലൂപാടം റോഡുമായുള്ള ബന്ധം മുറിഞ്ഞിരുന്നു. ഇത് പ്രദേശവാസികൾക്ക് മാത്രമല്ല, ചൊവ്വാഴ്ച ചന്തയുടെ സുഗമമായ നടത്തിപ്പിനും ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു.
എട്ട് മീറ്റർ താഴ്ചയിലായ കാക്കഞ്ചേരി പള്ളി യാളി-ചേലൂപ്പാടം റോഡിനെ പുതുതായി നിർമിക്കുന്ന ദേശീയപാത സർവിസ് റോഡുമായി ബന്ധിപ്പിക്കാൻ പ്രായോഗികമായി ചില പ്രശ്നങ്ങൾ സാങ്കേതിക വിഭാഗം കണ്ടെത്തിയിരുന്നു. ഇത് പരിഹരിക്കാൻ നടപടികൾ വേഗത്തിലാക്കണമെന്ന് കഴിഞ്ഞ 24ന് ചേർന്ന ജില്ല വികസന സമിതിയിൽ പി. അബ്ദുൽ ഹമീദ് എം.എൽ.എ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ദേശീയപാത വിഭാഗം സാങ്കേതിക വിഭാഗവും കരാർ ഏജൻസി പ്രതിനിധികളും ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളും കഴിഞ്ഞ ദിവസം യോഗം ചേർന്നു.
സർവിസ് റോഡിൽനിന്ന് ചന്ത റോഡിലേക്ക് റോഡ് നേരിട്ട് ഇറക്കുന്നതിലെ അശാസ്ത്രീയതും സാങ്കേതിക തടസ്സവും ദേശീയപാത വിഭാഗം സാങ്കേതിക വിദഗ്ധർ സൂചിപ്പിച്ചതോടെ സ്ഥല ഉടമകളുമായി സംസാരിച്ച് പ്രശ്ന പരിഹാരത്തിന് തീരുമാനമായിരുന്നു. ഇതേതുടർന്ന് വെള്ളിയാഴ്ച എം.എൽ.എയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി. സമീറയുടെയും നേതൃത്വത്തിൽ സ്ഥലമുടമകളുമായി നിർദിഷ്ട സ്ഥലം സന്ദർശിക്കുകയും പദ്ധതിക്കാവശ്യമായ സ്ഥലം വിട്ടുനൽകാൻ ഭൂവുടമകളോട് അഭ്യർഥിക്കുകയും ചെയ്തു.
തുടർന്ന് പദ്ധതിക്ക് സ്ഥലം വിട്ടുനൽകാൻ ഭൂവുടമകൾ തയാറായതോടെ പ്രശ്നത്തിന് ശാശ്വത പരിഹാരം ആയിരുന്നു. അതേസമയം ദേശീയ ഉയരപ്പാത സർവിസ് റോഡിൽനിന്ന് ഗ്രാമീണ റോഡിലേക്കുള്ള പ്രവേശനവും പുറപ്പെടലും രണ്ടു വഴികളിലായി സർവിസ് റോഡിന് സമാന്തരമായി റോഡ് നിർമിക്കാനാണ് പദ്ധതി. റോഡിന്റെ നിർമാണ ചുമതല ദേശീയപാത കരാർ കമ്പനിയായ കെ.എൻ.സി.എല്ലിനാണ്.
ഇതോടെ ഏറെ നാളത്തെ ആവശ്യത്തിനാണ് പരിഹാരമായത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. ദേവദാസ്, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.പി. ഹഫ്സത്ത് ബീവി, കെ.എൻ.ആർ ഡെപ്യൂട്ടി മാനേജർ ശേഷു, ഹുസൈൻ കാക്കഞ്ചീരി, ശ്രീഹരി, ഹസ്സൻ, സ്ഥലമുടമകളായ പൊന്നപ്പൻ, അബ്ദുൽ അസീസ് പെരുവള്ളൂർ എന്നിവർ എം.എൽ.എയോടൊപ്പം അനുഗമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.