പൊന്നാനിയിലെ ദേശീയപാത നിർമാണം വെള്ളക്കെട്ടിൽ മുങ്ങി നൂറുകണക്കിന് കുടുംബങ്ങൾ
text_fieldsപൊന്നാനി: ദേശീയപാത നിർമാണം ആരംഭിച്ചത് മുതൽ മഴക്കാലത്ത് വെള്ളക്കെട്ടിൽ മുങ്ങി നൂറുകണക്കിന് കുടുംബങ്ങൾ. പല തവണ പ്രതിഷേധങ്ങൾ ഉയർന്നിട്ടും വെള്ളം ഒഴുകിപ്പോകാനുള്ള പരിഹാരം മാർഗം ഒരുക്കാതെ അധികൃതർ.
വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തി കാന നിർമാണം ആരംഭിച്ചത് മുതൽ തുടങ്ങിയ വെള്ളക്കെട്ട് ദുരിതത്തിനാണ് അവസാനമില്ലാത്തത്. കാന നിർമാണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ വെള്ളക്കെട്ട് ഭീഷണിയുണ്ടാകുമെന്ന മുന്നറിയിപ്പ് നാട്ടുകാർ നൽകിയിരുന്നെങ്കിലും ഇതൊന്നും ഗൗനിക്കാതെ കാന നിർമിച്ചതാണ് നഗരസഭയിലെ അഞ്ച് വാർഡുകളിലുള്ളവരെ പ്രയാസത്തിലാക്കിയത്. നഗരസഭയിലെ 6, 7, 8, 9, 20 വാർഡുകളിലെ മഴവെള്ളം നീലംതോട് വഴി ചമ്രവട്ടം ജങ്ഷനിലെ ദേശീയപാതയിലെ കലുങ്ക് വഴി ബിയ്യം കായലിലേക്കാണ് ഒഴുകിപ്പോയിരുന്നത്.
എന്നാൽ, ദേശീയപാത നിർമാണത്തിന്റെ ഭാഗമായി ഈ കലുങ്ക് അടച്ചു. ദേശീയപാതയുടെ കാന ഉയർത്തി നിർമിച്ചതിനാൽ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ട നിലയിലാണ്. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വെള്ളം കെട്ടിനിന്ന് വീടുകളിലേക്ക് വെള്ളം കയറിയിരുന്നു. ഇതേ തുടർന്ന് പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. പ്രതിഷേധം ശക്തമായതോടെ എം.എൽ.എയുടെ നിർദേശപ്രകാരം ദേശീയപാത വിഭാഗം ഡെപ്യൂട്ടി മാനേജർ ശിവ കാർത്തികേയന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പ്രശ്നത്തിന് പരിഹാരം കാണാനായി നീലംതോടിൽ നിന്ന് ചമ്രവട്ടം ജങ്ഷനിൽ പുതുതായി നിർമിക്കുന്ന കലുങ്കിലേക്ക് പുതിയ അഴുക്കുചാൽ നിർമിച്ച് വെള്ളം ഒഴുക്കി വിടാനുള്ള മാർഗമൊരുക്കാമെന്ന് ഉറപ്പ് നൽകി. ഉറപ്പ് പാലിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് നാട്ടുകാർ. നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, കൗൺസിലർമാരായ പി.വി. ലത്തീഫ്, വി.പി പ്രഭീഷ്, ഷാലി പ്രദീപ്, നഗരസഭ സെക്രട്ടറി എസ്. സജിറൂൺ എന്നിവരും സ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.