കോട്ടക്കുന്ന് അഴുക്കുചാൽ നിർമാണം; മൂന്ന് ഘട്ടങ്ങളായി നടപ്പാക്കാൻ സാധ്യത
text_fieldsമലപ്പുറം: കോട്ടക്കുന്നിലെ മണ്ണിടിച്ചില്‍ സാധ്യത ഒഴിവാക്കാന്‍ നിർമിക്കുന്ന അഴുക്കുചാൽ പദ്ധതി മൂന്ന് ഘട്ടങ്ങളിലൂടെ നടപ്പാക്കിയേക്കും. കോട്ടക്കുന്ന്-ചെറാട്ടുകുഴി-വലിയതോട് വരെ ഏകദേശം ഒരു കിലോമീറ്ററോളം നീളുന്നതാണ് പദ്ധതി. ഇത്രയും ഏരിയ ഒരു ഘട്ടമായി പൂർത്തീകരിക്കുക ശ്രമകരമാകുമെന്ന് വിലയിരുത്തിയാണ് മൂന്നു ഘട്ടങ്ങളിലൂടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ പദ്ധതിയുടെ നിർമാണപ്രവൃത്തികളുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കും. ഫെബ്രുവരിയിൽ അഴുക്കുചാൽ നിർമിക്കാൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി 2.03 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 2019 ആഗസ്റ്റ് ഒമ്പതിന് കോട്ടക്കുന്നിലുണ്ടായ മണ്ണിടിച്ചിലാണ് അഴുക്കുചാൽ നിർമാണത്തിലേക്ക് എത്തിച്ചത്. സംഭവം നടന്ന് അഞ്ചാം വർഷത്തിലേക്കു കടക്കുമ്പോഴാണ് പദ്ധതിക്ക് ഫണ്ടനുവദിച്ചത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി (കെ.എസ്.ഡി.എം.എ)യുടെ സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി (എസ്.ഇ.സി) യുടെ അംഗീകാരത്തോടെ സംസ്ഥാന ദുരന്തലഘൂകരണ ഫണ്ടിൽ (എസ്.ഡി.എം.എഫ്) നിന്നാണ് പദ്ധതിക്ക് പണം അനുവദിച്ചത്.
2019ലെ കനത്ത മഴയെ തുടര്‍ന്ന് പാർക്കിന് താഴെ ഭാഗത്തായി വാടകക്ക് താമസിച്ചിരുന്ന വീടിന് മുകളില്‍ മണ്ണിടിഞ്ഞ് മൂന്നു പേർ മരിച്ചിരുന്നു. തുടർന്ന് ജില്ല ഭരണകൂടത്തിന്റെ നിർദേശപ്രകാരം പ്രാഥമിക പരിശോധന നടത്തി.
ഇതിൽ കോട്ടക്കുന്നിൽ മുകൾ ഭാഗത്തായി വിള്ളലും കണ്ടെത്തിയിരുന്നു. പ്രദേശവാസികളുടെയും വാർഡ് കൗൺസിലറുടെയും നിർദേശപ്രകാരം ജില്ല ഭരണകൂടം 2022 ജൂലൈയിൽ ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗം ചേർന്ന് അപകടസാധ്യത ഒഴിവാക്കാന്‍ ഡ്രെയ്നേജ് നിര്‍മിക്കാന്‍ കോണ്ടൂര് സര്‍വേ (ചരിഞ്ഞ പ്രതലത്തിലെ ഭൂമി സര്‍വേ) നടത്താന്‍ ജില്ല ഭരണകൂടം നിർദേശം നൽകി.
2022 ആഗസ്റ്റിൽ റവന്യൂ മന്ത്രി കെ. രാജൻ കോട്ടക്കുന്നില്‍ മഴക്കാലത്ത് മണ്ണിടിച്ചില്‍ തടയാനായി മഴവെള്ളം ഒഴുകിപ്പോകാന്‍ ഡ്രെയ്നേജ് സംവിധാനം നിർമിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് രേഖാമൂലം നിയമസഭയിൽ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി സർവേ നടത്തി അതിരുകള്‍ നിര്‍ണയിക്കാൻ മലപ്പുറം സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ക്കും അടിക്കാടുകള്‍ വെട്ടിത്തെളിക്കാനായി ഡി.ടി.പി.സിക്കും നഗരസഭ സെക്രട്ടറിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചിരുന്നു.
തുടർന്ന് ഫീൽഡ് സർവേയുടെ അടിസ്ഥാനത്തിൽ കോട്ടക്കുന്നിൽ മുകളിൽ പെയ്തിറങ്ങുന്ന മഴവെള്ളം ഒഴുകിപ്പോകാൻ അഴുക്കുചാൽ സംവിധാനം ഒരുക്കാമെന്നും കണ്ടെത്തി. പദ്ധതിപ്രകാരം പ്രദേശത്ത് പെയ്തിറങ്ങുന്ന വെള്ളം ഒഴുകുന്നതിന് വീതിയിലും ആഴത്തിലും അഴുക്കുചാൽ ഒരുക്കി കോട്ടപ്പടി വലിയ തോടിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. നിലവിൽ കനത്ത മഴ വന്നാൽ കോട്ടക്കുന്ന് പാർക്കിന് താഴെ വരുന്ന 14ഓളം കുടുംബങ്ങളെ അധികൃതർ മാറ്റിപ്പാർപ്പിക്കുകയാണ് പതിവ്. പദ്ധതി യാഥാർഥ്യമായാൽ പ്രശ്നത്തിന് പരിഹാരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.