കരാർ വ്യവസ്ഥ പാലിച്ചില്ല; മലപ്പുറം നഗരസഭയിൽ സിറ്റി ഗ്യാസ് ലൈനിന് പൈപ്പിടൽ തൽക്കാലം നിർത്തി
text_fieldsമലപ്പുറം: നഗരസഭയിൽ തുടങ്ങിയ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്‍റെ (ഗെയിൽ) സിറ്റി ഗ്യാസ് ലൈൻ പദ്ധതിക്ക് പൈപ്പിടൽ തൽക്കാലം നിർത്തിവെച്ചു. മലപ്പുറം നഗരസഭയുമായി ഗെയിൽ അധികൃതർ വെച്ച കരാർ വ്യവസ്ഥകൾ പാലിക്കാതെ വന്നതോടെയാണ് പദ്ധതിക്കായി പൈപ്പിടൽ നിർത്തിവെക്കാൻ നഗരസഭ നിർദേശം നൽകിയത്. കരാർ വ്യവസ്ഥകൾ പാലിച്ച് അധികൃതർക്ക് നിർമാണം പുനരാരംഭിക്കാമെന്ന് നഗരസഭ അറിയിച്ചു.
എട്ട്, ഒമ്പത്, 10, 11, 24, 31 വാർഡുകളിലാണ് സിറ്റി ഗ്യാസ് ലൈനിന്‍റെ പൈപ്പിടൽ നടക്കുന്നത്. നഗരസഭയുമായുള്ള കരാർ പ്രകാരം റോഡരികിൽ പൈപ്പിന് ചാല് കീറിയാൽ പണി കഴിഞ്ഞാൽ പഴയത് പോലെ പുനഃസ്ഥാപിച്ച് നൽകണം. എന്നാൽ ഈ വ്യവസ്ഥ ഗെയിൽ ലംഘിച്ചെന്ന് കണ്ടതോടെയാണ് നഗരസഭ പ്രത്യേക യോഗം വിളിച്ച് നടപടികൾ നിർത്തിവെക്കാൻ നിർദേശം നൽകിയത്.
റോഡിനോട് ചേർന്ന് ഒരടി നീളത്തലും ഒരു മീറ്റർ ആഴത്തിലുമാണ് കുഴിയെടുക്കാൻ അനുമതി. കുഴിയെടുത്ത് പൈപ്പ് സ്ഥാപിച്ച് കഴിഞ്ഞാൽ മണ്ണിട്ട് മൂടി മൂന്ന് ദിവസം തുടർച്ചയായി വെള്ളമൊഴിച്ച് സ്ഥലത്തെ മണ്ണ് കൃത്യമാക്കണം.തുടർന്ന് സ്ഥലത്ത് ക്വാറിപ്പൊടി നിക്ഷേപിച്ച് മണ്ണ് ബലപ്പെടുത്തണം. പിന്നീട് കോൺക്രീറ്റ് ചെയ്ത് റോഡ് ഗതാഗതയോഗ്യമാക്കണം. എന്നിങ്ങനെയാണ് കരാർ വ്യവസ്ഥകൾ.
എന്നാൽ, പണി തുടങ്ങിയ വാർഡുകളിൽ കുഴി മണ്ണിട്ട് മൂടിയത് ഒഴിച്ച് ബാക്കി പ്രവൃത്തികൾ പൂർത്തിയാക്കിയില്ല. ഇതോടെ റോഡുകളിലെ ഗതാഗതം പ്രതിസന്ധിയിലായി.പ്രശ്നം രൂക്ഷമായതോടെയാണ് നഗരസഭ അധ്യക്ഷന്‍റെ നേതൃത്വത്തിൽ യോഗം വിളിച്ച് പ്രവൃത്തി നിർത്തിവെക്കാൻ നിർദേശം നൽകിയത്. കരാർ വ്യവസ്ഥകൾ പാലിച്ച് പ്രവൃത്തി പൂർത്തിയാക്കുമെന്ന് ഗെയിൽ അധികൃതർ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.