മലപ്പുറത്ത് നിയന്ത്രണം കടുപ്പിച്ചു: നിരത്തുകൾ വിജനമായി
text_fieldsമലപ്പുറം: കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ ജില്ലയിലെ നിരത്തുകൾ വിജനം. പ്രധാന നഗരങ്ങളിലെല്ലാം ബന്ദിെൻറ പ്രതീതിയായിരുന്നു. ഓട്ടോ, ടാക്സികൾ സർവിസ് നടത്തിയെങ്കിലും ആളില്ലാത്തതിനാൽ പലരും ഉച്ചയോടെ നിർത്തി. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ ഓടിയെങ്കിലും യാത്രക്കാർ തീരെ കുറവായിരുന്നു. കെ.എസ്.ആർ.ടി.സി വിവിധ ഡിപ്പോകളിലായി 60 ശതമാനം സർവിസുകളാണ് നടത്തിയത്. ജില്ല ആസ്ഥാനമായ മലപ്പുറത്ത് കുന്നുമ്മൽ ജങ്ഷനിൽ രാവിലെ ഒമ്പതു മുതൽ 11 വരെ പൊലീസ് വാഹന പരിശോധന നടത്തി. മറ്റു നഗരങ്ങളിലും പൊലീസ് സാന്നിധ്യം ശക്തമായിരുന്നു. അനാവശ്യമായി പുറത്തിറങ്ങുന്നത് തടയുന്നതിെൻറ ഭാഗമായായിരുന്നു പരിശോധന. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമാണ് തുറന്നത്. ചില കടകളിൽ ഉപഭോക്താക്കളില്ലാത്തതിനാൽ ഉച്ചയോടെ അടച്ചു. മാർക്കറ്റുകളിലും ബസ്സ്റ്റാൻഡുകളിലും ആളനക്കം കുറവായിരുന്നു. ആളുകളിൽ മഹാഭൂരിപക്ഷവും വീടുകളിൽ കഴിഞ്ഞതിനാൽ നിരത്തുകൾ ശൂന്യമായിരുന്നു. വിവാഹം, മരണം, മുൻകൂട്ടി നിശ്ചയിച്ച വിവാഹ ചടങ്ങുകൾ, അടുത്ത ബന്ധുക്കളുടെ രോഗ സന്ദർശനം, ജോലി സംബന്ധമായ യാത്രകൾ എന്നീ ആവശ്യങ്ങളുള്ളവർ മാത്രമാണ് സ്വകാര്യ വാഹനങ്ങളുമായി പുറത്തിറങ്ങിയത്. പ്ലസ് ടു പരീക്ഷയുെട അവസാന ദിനമായിരുന്നു ശനിയാഴ്ച. വിദ്യാർഥികൾ പലരും സ്വകാര്യ വാഹനങ്ങളിലാണ് പരീക്ഷ കഴിഞ്ഞ് വീടുകളിലേക്ക് പോയത്.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ നടപ്പാക്കിയ നിയന്ത്രണങ്ങൾ ലംഘിച്ചതിന് ജില്ലയിൽ 672 കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തു. മാസ്ക് ധരിക്കാത്തതിന് 539 കേസുകൾ രജിസ്റ്റർ ചെയ്തു.
സാമൂഹിക അകലം പാലിക്കാത്തതിന് 122 കേസുകളും മറ്റു കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് 11 കേസും പൊലീസ് രജിസ്റ്റർ ചെയ്തു. പരിശോധനയിൽ നിയന്ത്രണങ്ങൾ മാനിക്കാതെ പുറത്തിറങ്ങിയ ആറു വാഹനങ്ങൾ പിടിച്ചെടുത്തു. ജില്ലയിൽ ശനിയാഴ്ച മാത്രം 1299 വാഹനങ്ങളാണ് പൊലീസ് പരിശോധിച്ചത്. പരപ്പനങ്ങാടി സ്റ്റേഷൻ പരിധിയിലാണ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്, 80 കേസുകൾ.
കൊണ്ടോട്ടി, നിലമ്പൂർ സ്റ്റേഷനുകളിൽ 64 കേസുകൾ വീതവും രജിസ്റ്റർ ചെയ്തു. മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും പുറത്തിറങ്ങിയ 676 പേരെ പൊലീസ് പിടികൂടി താക്കീത് ചെയ്തും വിട്ടയച്ചിട്ടുണ്ട്. ഞായറാഴ്ചയും കർശന പരിേശാധന തുടരുമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.