കുറ്റി കുരുമുളക് പദ്ധതിയിലെ അഴിമതിയാരോപണം: ജോയന്റ് ഡയറക്ടർ തെളിവെടുക്കും
text_fieldsനിലമ്പൂർ: നഗരസഭയുടെ പൈലറ്റ് പദ്ധതികളിലൊന്നായ കുറ്റി കുരുമുളക് തൈ വിതരണത്തിലെ അഴിമതിയാരോപണത്തിൽ ലഭിച്ച പരാതിയിൽ ഓംബുഡ്സ്മാൻ തീരുമാനപ്രകാരം തദ്ദേശഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബുധനാഴ്ച നിലമ്പൂരിലെത്തി നേരിട്ട് അന്വേഷണം നടത്തും.രാവിലെ 10.30ന് നഗരസഭ ഓഫിസിലെത്തിയാണ് തെളിവെടുപ്പ് നടത്തുക. പദ്ധതിയിൽ ലക്ഷങ്ങളുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് പരാതിയിലുള്ളത്. ക്രമക്കേട് സാധൂകരിക്കുന്ന രേഖകൾ സഹിതമാണ് പരാതി.
5000 വീടുകളില്‍ രണ്ട് തൈ വീതം കുറ്റി കുരുമുളക് വിതരണം ചെയ്യാൻ 11.20 ലക്ഷമാണ് നഗരസഭ ചെലവഴിച്ചത്. ഇതിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കാണിച്ച് പ്രതിപക്ഷ നേതാവ് പാലോളി മെഹ്ബൂബ് കൃഷി വകുപ്പിലെ വിജിലന്‍സിന് പരാതി നല്‍കിയിരുന്നു.
കുറ്റി കുരുമുളക് വാങ്ങിയ ബില്ലില്‍ തിരുത്തല്‍ വരുത്തിയെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖകളടക്കം ഉള്‍ക്കൊള്ളിച്ചായിരുന്നു പരാതി. പദ്ധതിരേഖ പ്രകാരം കുറ്റി കുരുമുളക് തൈകള്‍ ഹോള്‍ട്ടി മിഷന് അംഗീകാരമുള്ള നഴ്സറികളില്‍ നിന്നോ സര്‍ക്കാര്‍ ഫാമുകളില്‍ നിന്നോ വാങ്ങണമെന്നാണ് ചട്ടം. എന്നാല്‍, വ്യവസ്ഥ ലംഘിച്ച് സ്വകാര്യഫാമിൽ നിന്നാണ് തൈകൾ വാങ്ങിയതെന്നാണ് വിവരാവകാശ രേഖയിൽ പറയുന്നത്.
പദ്ധതി നടത്തിപ്പിന് ചുക്കാന്‍ പിടിച്ചത് നിലമ്പൂര്‍ നഗരസഭയിലെ കൃഷി കാര്യങ്ങളില്‍ മേല്‍നോട്ട ചുമതലയുള്ള വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് പി.എം. ബഷീറാണെന്നും പരാതിയില്‍ പറയുന്നു.വിവരവകാശ പ്രകാരം നിലമ്പൂർ കൃഷിഭവനിൽ നിന്ന് പരാതിക്കാരനും ജനതാദൾ ദേശീയ സമിതി അംഗവും നഗരസഭ കൗൺസിലറുമായ ഇസ്മായിൽ എരഞ്ഞിക്കല്ലിനും ലഭിച്ച രേഖയിൽ രണ്ട് മറുപടികളാണ് ലഭിച്ചത്. മെഹബൂബിന് കിട്ടിയ മറുപടിയിൽ കുറ്റികുരുമുളക് തൈ ഒന്നിന് 80 രൂപയെന്നും ഇസ്മയിലിന് കിട്ടിയതിൽ 100 രൂപയുമെന്നാണുള്ളത്. അഴിമതിക്ക് ഉദ്യോഗസ്ഥരും കൂട്ടുനിന്നെന്നാണ് രേഖകളിലെ തെളിവുകളിൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.