രണ്ട് വാർഡുകൾ പിടിക്കാൻ ദമ്പതികളെ കളത്തിലിറക്കി എൽ.ഡി.എഫ്
text_fieldsമഞ്ചേരി: പയ്യനാട്ട് തടമ്പറപ്പിലെ 'മരുന്നൻ' വീട്ടിൽ രാവിലെ മുതൽ ആളുണ്ടാവില്ല. ഭർത്താവ് 17ാം വാർഡിലും ഭാര്യ 18ാം വാർഡിലും പ്രചാരണത്തിരക്കിലായിരിക്കും.
നഗരസഭയിലെ രണ്ട് വാർഡുകൾ സ്വന്തമാക്കാൻ മരുന്നൻ സാജിദ് ബാബു -മരുന്നൻ സമിയ ദമ്പതികളാണ് കുടുംബകാര്യത്തോടൊപ്പം തെരഞ്ഞെടുപ്പുകാര്യവും നോക്കുന്നത്. രണ്ട് പേരും രണ്ടാം തവണയാണ് ജനവിധിതേടുന്നത്.
സമിയ കഴിഞ്ഞ തവണ നഗരസഭ കൗൺസിൽ അംഗമായിരുന്നു. 383 വോട്ടിനാണ് വടക്കാങ്ങര വാർഡിൽനിന്ന് ജയിച്ചത്. ഇത്തവണ ജനറൽ വാർഡായതോടെ ഭർത്താവ് സാജിദ് ബാബുവിനെ മത്സരിപ്പിക്കാൻ സി.പി.എം നേതൃത്വം തീരുമാനിക്കുകയായിരുന്നു. പയ്യനാട് ലോക്കൽ കമ്മിറ്റി അംഗമാണ് സാജിദ് ബാബു.
2010ൽ വടക്കാങ്ങര വാർഡിൽനിന്ന് 81 വോട്ടിന് ജയിച്ചാണ് സാജിദ് ആദ്യം കൗൺസിലറായത്. പിന്നീട് ഇതേവാർഡിൽ ഭാര്യ മത്സരിച്ച് വിജയിച്ചു.
ഇത്തവണ ഭർത്താവ് വാർഡ് നിലനിർത്താനുള്ള ശ്രമത്തിലാണ്. ഇടതുപക്ഷ സർക്കാർ പയ്യനാട് മേഖലയിൽ നടപ്പിലാക്കിയ ജനക്ഷേമ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇരുവരും വോട്ടഭ്യർഥിക്കുന്നത്. സമിയ തൊട്ടടുത്തുള്ള പയ്യനാട് വാർഡിലാണ് മത്സരിക്കുന്നത്.
മഞ്ചേരി കോഓപറേറ്റിവ് കോളജിലെ അധ്യാപികയാണ് സമിയ. അഹമ്മദ് മർസീൻ മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.