മലപ്പുറം ജില്ല വികസന സമിതി യോഗം കോവിഡ്, ഒമിക്രോണ്‍ വ്യാപനം: നിയന്ത്രണം തുടരും -കലക്ടര്‍
text_fieldsമലപ്പുറം: കോവിഡ്, ഒമിക്രോണ്‍ വ്യാപനം കണക്കിലെടുത്ത് ജില്ലയില്‍ എ, ബി, സി വിഭാഗങ്ങളിലായി നിയന്ത്രണം തുടരുമെന്ന് കലക്ടര്‍ വി.ആര്. പ്രേംകുമാര്‍. ജില്ല വികസന സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്.ആര്.ടി പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ നിര്‍ദേശം നല്കി. ആശുപത്രികളില്‍ ആവശ്യമായ ചികിത്സ സൗകര്യം സജ്ജീകരിക്കാന്‍ ജില്ല മെഡിക്കല്‍ ഓഫിസറുടെ മേല്‍നോട്ടത്തില്‍ നടപടികള്‍ തുടങ്ങിയതായും ജില്ലയില്‍ ഓക്സിജന്റെ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ കോവിഡ് കേസുകള്‍ കൂടാന്‍ സാധ്യതയുള്ളതിനാല്‍ കൂട്ടായ പ്രവര്‍ത്തനം ഉണ്ടാകണം. കോവിഡ് ബാധിതര്‍ വീട്ടില്‍ തന്നെ നിരീക്ഷണം ഉറപ്പാക്കണം.
കോവിഡ് ബാധിച്ച് രക്ഷിതാക്കള്‍ മരിച്ചതിനെ തുടര്‍ന്ന് അനാഥരായ കുട്ടികള്‍ക്ക് ധനസഹായം നല്‍കാനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കണമെന്നും ഈ വിഭാഗക്കാര്‍ക്ക് പ്രത്യേക പരിഗണന നല്കി ധനസഹായം ഉറപ്പാക്കണമെന്നും എം.പി. അബ്ദുസ്സമദ് സമദാനി എം.പി ആവശ്യപ്പെട്ടു.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വിസ് തുടങ്ങാനുള്ള നടപടികള്‍ തുടരുകയാണ്. റണ്‍വേയുടെ നീളം കുറക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ശ്രമം നടത്തുന്നത് ശരിയല്ല. ഇക്കാര്യം ഗൗരവത്തിലെടുക്കണം. കേന്ദ്ര മന്ത്രിയെ നേരില്‍ക്കണ്ട് ഇക്കാര്യം ശ്രദ്ധയില്‍പെടുത്തുമെന്നും എം.പി വ്യക്തമാക്കി.
കഞ്ഞിപ്പുര-മൂടാല്‍ ബൈപാസ് പ്രവൃത്തി ചിലയിടങ്ങളിൽ ജി.എസ്.ബി പ്രവൃത്തി പൂര്‍ത്തീകരിച്ചതായും ഫോര്മേഷന് പ്രവൃത്തികള്‍, സംരക്ഷണ ഭിത്തി, കലുങ്ക് നിര്‍മാണം എന്നിവ പുരോഗമിക്കുകയാണെന്നും പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ അധിക ഫണ്ട് ലഭ്യമാക്കാൻ പുതുക്കിയ എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടുണ്ടെന്നും പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയര്‍ പറഞ്ഞു.
പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയില്‍ താല്ക്കാലികാടിസ്ഥാനത്തില് അറ്റന്‍ഡര്‍ നിയമനം നടത്താനും സ്റ്റാഫ് നഴ്സുമാരുടെ ജോലിഭാരം പരിഗണിച്ച് വര്‍ക്കിങ് അറേഞ്ച് വ്യവസ്ഥയില്‍ സ്റ്റാഫ് നഴ്സ് നിയമന നടപടികള്‍ തുടരുകയാണെന്ന് ഡി.എം.ഒ അറിയിച്ചു. മഞ്ചേരി നഴ്സിങ് സ്കൂള്‍ കെട്ടിടം നിര്‍മാണത്തിനായി ആര്‍ക്കിടെക്ചറല്‍ ഡ്രോയിങ് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍നിന്ന് എത്രയും വേഗം ലഭ്യമാക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയതായി ഡി.എം.ഒ പറഞ്ഞു.
പള്ളിക്കല്‍ ബസാര്‍-കാക്കഞ്ചേരി, കരിപ്പൂര്‍ വിമാനത്താവള-കുളത്തൂര്‍, കൊട്ടപ്പുറം-കാക്കഞ്ചേരി, കൊട്ടപ്പുറം-പള്ളിക്കല്‍ റോഡുകളിലെ സര്‍വേ മൂന്നു ദിവസത്തിനകം പൂര്‍ത്തീകരിക്കാന്‍ എം.എല്‍.എമാരായ പി. അബ്ദുൽ ഹമീദ്, ടി.വി. ഇബ്രാഹീം എന്നിവരുടെ ആവശ്യപ്രകാരം കലക്ടര്‍ നിര്‍ദേശം നല്കി. കിഴിശ്ശേരി എ.ഇ.ഒ ഓഫിസില്‍നിന്ന് സര്‍വിസ് ബുക്ക് മോഷണം പോവുകയും പിന്നീട് കേട് വരുത്തിയ നിലയില്‍ കണ്ടെത്തുകയും ചെയ്ത സംഭവത്തില്‍ വിശദ അന്വേഷണം നടത്താനും കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനും കലക്ടര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി.
പാണ്ടിക്കാട് ഒടോമ്പറ്റ ഏറഞ്ചേരി കോളനിയിലെ അധിക പ്രവൃത്തികള്‍ പുതുക്കിയ എസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ച് രണ്ട് മാസത്തിനകം പൂര്‍ത്തീകരിക്കുമെന്ന് ജില്ല പട്ടികജാതി വികസന ഓഫിസര്‍ വ്യക്തമാക്കി. ദേശീയപാത വികസന ഭാഗമായി നീക്കം ചെയ്ത തെന്നല വില്ലേജ് ഓഫിസിന് ബദല്‍ സംവിധാനം ഒരുക്കാന്‍ നടപടികള്‍ സ്വീകരിക്കും. എം.എല്‍.എമാരായ പ്രഫ. ആബിദ് ഹുസൈന് തങ്ങള്‍, നജീബ് കാന്തപുരം, ടി.വി. ഇബ്രാഹീം, കെ.പി.എ. മജീദ്, എ.ഡി.എം എന്‍.എം. മെഹറലി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.