കോവിഡ് മരണം: മലപ്പുറം ജില്ലയിലും എണ്ണത്തിൽ പൊരുത്തക്കേട്
text_fieldsമലപ്പുറം: കോവിഡ് ബാധിച്ച് ജില്ലയിൽ മരിച്ചവരുടെ എണ്ണത്തിൽ പൊരുത്തക്കേട്. സർക്കാർ-സ്വകാര്യ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യുന്ന മരണങ്ങളിലാണ് അന്തരം പ്രകടമാകുന്നത്. ജൂൺ 17നുശേഷം കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം റിപ്പോർട്ട് ചെയ്യുന്നത് ജില്ല ആരോഗ്യവകുപ്പ് അധികൃതരാണ്. അതിനുമുമ്പ് സർക്കാർ-സ്വകാര്യ ആശുപത്രികൾ നേരിട്ട് വെബ്സൈറ്റ് വഴി മരണം റിപ്പോർട്ട് ചെയ്യുകയായിരുന്നു.
ഇവ കോവിഡ് അല്ലെങ്കിൽ കോവിഡ് രഹിതമരണമായി സംസ്ഥാന ആരോഗ്യവകുപ്പായിരുന്നു സ്ഥിരീകരിച്ചിരുന്നത്. ജൂൺ 17വരെ ആകെ 1046 മരണങ്ങളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ജൂൺ 17 മുതൽ ജൂൈല മൂന്നുവരെ 177 മരണങ്ങൾ ജില്ല ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിൽ മൊത്തം 1,223 മരണങ്ങൾ റിപ്പോർട്ട് ചെയ്തതിനുപകരം 1211 പേരുടെ മരണങ്ങളാണ് സംസ്ഥാന ആരോഗ്യവകുപ്പിെൻറ വെബ്സൈറ്റിൽ പറയുന്നത്. മറ്റു ജില്ലകളിൽ മരിക്കുന്ന മലപ്പുറം ജില്ലക്കാരുടെ എണ്ണവും ഇതിൽ ഉൾപ്പെടും. മറ്റൊരു അന്തരം വരുന്നത് തദ്ദേശ സ്ഥാപനങ്ങളുടെ കണക്കുകളിലാണ്. 12 നഗരസഭകളിലും 94 പഞ്ചായത്തുകളിലും ജൂൈല മൂന്നുവരെ 2758 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കോവിഡ് രോഗി മരിച്ച ആശുപത്രിയിൽനിന്ന് നേരിട്ട് വിവരങ്ങൾ സംസ്ഥാന ആരോഗ്യവകുപ്പ് അധികൃതർക്ക് അയച്ചതിനാലായിരുന്നു അവ്യക്തതക്കും പൊരുത്തക്കേടിനും പ്രധാനകാരണം. കോവിഡ് ചികിത്സയിൽ ഇരിക്കെ പോസിറ്റിവ് ആണെങ്കിലും മറ്റുഅസുഖങ്ങൾ കാരണം മരിച്ചാൽ നേരത്തേയുള്ള മാനദണ്ഡപ്രകാരം കോവിഡ് മൂലം മരിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇതും കണക്കുകളിലെ വ്യത്യാസത്തിന് കാരണമായി.
കോവിഡ് ബാധിച്ച് മരിച്ചവർക്ക് സാമ്പത്തിക സഹായം നൽകണമെന്ന് സുപ്രീംകോടതി വിധിച്ചതോടെ ആനുകൂല്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജനം. കോവിഡ് മരിച്ചതാണെന്ന ഗണത്തിൽ ഉൾപ്പെടുത്തുന്നതിന് ബന്ധുക്കൾക്കും താൽപര്യമുണ്ടായിരുന്നില്ല.
നഷ്ടപരിഹാരം കിട്ടുമെന്ന സാഹചര്യമുണ്ടായപ്പോഴാണ് കോവിഡ് മരണം സംബന്ധിച്ച പൊരുത്തക്കേടുകൾ ചർച്ചയായത്. മുമ്പ് കോവിഡ് ബാധിച്ച് മരിച്ചാൽ അത് മറച്ചുവെക്കാൻ ശ്രമിച്ചവരും ആനുകൂല്യം ലഭിക്കുന്നതിനുള്ള ശ്രമത്തിലാണ്. ഭയം, നാട്ടുകാരുടെയും അയൽവാസികളുടെയും പ്രശ്നം, കോവിഡ് പ്രോട്ടോകോൾ പാലിച്ചുള്ള സംസ്കാരം എന്നിവ കാരണം കോവിഡ് പോസിറ്റിവ് ആയവർ പോലും നെഗറ്റിവ് ആക്കാൻ അധികൃതരിൽ സമ്മർദം ചെലുത്തിയിരുന്നു. കോവിഡ് മരണം സാധാരണ മരണമാക്കാൻ ഒരു താൽപര്യവുമില്ലെന്ന് ഡി.എം.ഒ ഡോ. കെ. സക്കീന പറഞ്ഞു. പരമാവധി റിപ്പോർട്ട് ചെയ്യാനാണ്നോക്കിയിട്ടുള്ളത്. എല്ലാ ദിവസവും ഉച്ചക്ക് ഒന്നിന് മുമ്പ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും ഡി.എം.ഒ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.