കോവിഡ് പ്രതിരോധം: കേന്ദ്ര സംഘം വിലയിരുത്തി
text_fieldsമലപ്പുറം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താൻ കേന്ദ്ര സംഘം ജില്ലയിലെത്തി. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം ഡി.എം സെല്‍ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. പി. രവീന്ദ്രെൻറ നേതൃത്വത്തില്‍ കോഴിക്കോട് നാഷനല്‍ സെൻറര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് അഡീഷനല്‍ ഡയറക്ടര്‍ ഡോ. കെ. രഘു, കോഴിക്കോട് ജില്ല മെഡിക്കല്‍ ഓഫിസിലെ നോഡല്‍ ഓഫിസര്‍ ഡോ. അനുരാധ എന്നിവരുള്‍പ്പെട്ട സംഘം ജില്ലയിലെ കോവിഡ് വ്യാപന നിരക്കും രോഗ നിര്‍വ്യാപനത്തിന് സ്വീകരിച്ച നടപടികളും സംബന്ധിച്ച് കലക്ടര്‍ കെ. ഗോപാലകൃഷ്ണനുമായി ചര്‍ച്ച നടത്തി. ശാസ്ത്രീയമായ നിയന്ത്രണങ്ങളിലൂടെ വൈറസ് വ്യാപനത്തിന് തടയിടാന്‍ ഡോ. പി. രവീന്ദ്രന് നിര്‍ദേശിച്ചു.
വൈറസ് വ്യാപനം കൂടുതലുള്ള പ്രദേശങ്ങളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തണം. രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്തി ആര്.ആര്.ടി വളൻറിയര്‍മാരുടെ നേതൃത്വത്തില്‍ പരിശോധനക്ക് വിധേയരാക്കണം. സ്വയം നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകളിലുള്ളവര്‍ക്ക് രോഗലക്ഷണങ്ങളുണ്ടോ എന്നും പരിശോധിച്ച് ഉറപ്പുവരുത്തണം. വീടുകളില്‍ നിരീക്ഷണത്തിനു സൗകര്യമില്ലാത്തവരെ മറ്റ് നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതില്‍ വീഴ്ച പാടില്ല. രോഗ ലക്ഷണങ്ങളുള്ളവരെയെല്ലാം പൊതു സമ്പര്‍ക്കമില്ലാതെ പ്രത്യേക നിരീക്ഷണത്തിലാക്കുന്നതിലൂടെ മാത്രമേ വൈറസ് വ്യാപന നിരക്ക് കുറക്കാന്‍ കഴിയൂ. പൊതുസ്ഥലങ്ങളില്‍ ആരോഗ്യ ജാഗ്രതയും സാമൂഹിക അകലവും പാലിക്കുന്നുണ്ടോയെന്ന് പ്രത്യേകം നിരീക്ഷിക്കണമെന്നും സംഘം നിര്‍ദേശിച്ചു.
ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന, ദേശീയ ആരോഗ്യ മിഷന് ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. എ. ഷിബുലാല്‍, ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ. കെ. മുഹമ്മദ് ഇസ്മയില്‍, ഡോ. പി. അഫ്സല്, കോവിഡ് ജില്ല സര്‍വൈലന്‍സ് ഓഫിസര്‍ ഡോ. ടി. നവ്യ, ജില്ല ടി.ബി ഓഫിസര്‍ ഡോ. സി. ഷുബിന്‍, ആര്‍ദ്രം അസി. നോഡല്‍ ഓഫിസര്‍ ഡോ. ഫിറോസ്ഖാന് എന്നിവരും യോഗത്തില്‍ പങ്കെടുത്തു. കോവിഡ് ചികിത്സ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജും സംഘം സന്ദര്‍ശിച്ചു.
കോവിഡ്: ടി.പി.ആർ 15.68 ശതമാനം
മലപ്പുറം: ജില്ലയില്‍ ശനിയാഴ്ച 3474 പേര്‍ക്ക് കോവിഡ് വൈറസ്ബാധ സ്ഥിരീകരിച്ചു. 15.68 ശതമാനമാണ് രോഗ സ്ഥിരീകരണ നിരക്ക് (ടി.പി.ആർ) രേഖപ്പെടുത്തിയതെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 2655 പേര് രോഗമുക്തരായി. ഇതോടെ വിദഗ്ധ പരിചരണത്തിന് ശേഷം ജില്ലയില്‍ കോവിഡ് ഭേദമായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 3,77,007 പേരായതായും ജില്ല മെഡിക്കല്‍ ഓഫിസര്‍ വ്യക്തമാക്കി. ജില്ലയില്‍ ഇതുവരെ 1532 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.