കോവിഡ് ഡ്യൂട്ടി: പരാതിക്കെട്ടഴിച്ച് അധ്യാപകർ
text_fieldsമലപ്പുറം: നഗരസഭക്ക് കീഴിൽ കോവിഡ് കെയർ സെൻററുകളിൽ ചാർജ് ഓഫിസർമാരായി നിയമിച്ച അധ്യാപകരെ തുടരെ ഡ്യൂട്ടി ചെയ്യിക്കുന്നതായി പരാതി. ഒരാഴ്ചത്തേക്ക് 12 പേരെയാണ് ആവശ്യം.
മാസം 50ൽ താഴെ പേർ മതിയെന്നിരിക്കെ ജൂണിൽ ഡ്യൂട്ടി ചെയ്തവരെ വീണ്ടും നിയമിക്കുന്നതായാണ് വിവിധ അധ്യാപകസംഘടനകൾ ജില്ല കലക്ടർ, വിദ്യാഭ്യാസ ഉപഡയറക്ടർ എന്നിവർക്ക് നൽകിയ പരാതിയിൽ പറയുന്നത്. ചാർജ് ഓഫിസർമാരായി നിയമിക്കപ്പെട്ടവർ കൂടുതലും വനിതകളാണെന്നും ഇവർക്ക് ചെറിയ കുട്ടികളുണ്ടെന്ന പരിഗണനപോലും ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. നഗരരത്തിലെ എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരെ ഒഴിവാക്കിയതായ ആരോപണവും വരുന്നു.
നാല് കോവിഡ് കെയർ സെൻററുകളാണ് നഗരസഭയിലുള്ളത്. ഇവിടേക്ക് മൂന്ന് വീതം അധ്യാപകരെയാണ് ആവശ്യം. ഒരാഴ്ച 12 പേർ ഡ്യൂട്ടിയെടുത്താൽ അടുത്തയാഴ്ച മറ്റൊരു ബാച്ച് കയറും. ചിലർ തുടക്കം മുതൽതന്നെ സ്വാധീനം ഉപയോഗപ്പെടുത്തി വിട്ടുനിൽക്കുകയാണെന്ന് പരാതിക്കാർ ആരോപിക്കുന്നു.
സെൻററുകളിൽ മതിയായ സുരക്ഷാസംവിധാനങ്ങളില്ലെന്നും രജിസ്റ്ററിന് ഒരു നോട്ട്ബുക്ക് മാത്രമാണുള്ളെതന്നും ഇവർ വ്യക്തമാക്കി. അതേസമയം, അധ്യാപകരുടെ ലിസ്റ്റ് നൽകുക മാത്രമാണ് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫിസിൽനിന്ന് ചെയ്യുന്നതെന്നും കോവിഡ് കെയർ സെൻററുകളുടെ ഉത്തരവാദിത്തം അതത് തദ്ദേശ സ്ഥാപനങ്ങൾക്കാണെന്നും ഡി.ഡി.ഇ കെ.എസ്. കുസുമം അറിയിച്ചു.
ഹയർ സെക്കൻഡറി ആണെങ്കിൽ അധ്യാപകരും എൽ.പി, യു.പി ഹൈസ്കൂളുകളിലെ പ്രധാനാധ്യാപകരുമാണ് പട്ടിക സമർപ്പിച്ചതെന്നും ഡി.ഡി.ഇ വ്യക്തമാക്കി. 185ഓളം പേരുടെ ലിസ്റ്റാണ് ലഭിച്ചതെന്ന് നഗരസഭ സെക്രട്ടറി ബാലസുബ്രഹ്മണ്യം പറയുന്നത്. ഇതിൽ അസുഖവും മറ്റു ശാരീരിക പ്രശ്നങ്ങളും പറഞ്ഞ് 40 പേർ ആദ്യഘട്ടംതന്നെ ഒഴിവായി.
മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കി പിന്നെയും 20ലധികം അധ്യാപകർ മാറിയതായും ശേഷിക്കുന്നവരിൽനിന്നാണ് ഡ്യൂട്ടിക്ക് നിയോഗിച്ചതെന്നും അദ്ദേഹം അറിയിച്ചു.
പരാതികളെത്തുടർന്ന് നഗരസഭ സെക്രട്ടറി അധ്യാപക സംഘടന നേതാക്കളെ വിളിച്ചുവരുത്തിയിരുന്നു. ഓരോ ആഴ്ചത്തേക്കുമുള്ള 12 പേരുടെ ലിസ്റ്റ് നൽകാൻ സംഘടനകളോട് നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.