ജീവനക്കാർക്ക് കോവിഡ്; കുട്ടിക്കൊമ്പനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനായില്ല
text_fieldsനിലമ്പൂര്‍: വഴിക്കടവ് കാരക്കോട് അട്ടിവനത്തിൽ അമ്മയാന ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ കുട്ടിക്കൊമ്പനെ ഒന്നര മാസം കഴിഞ്ഞിട്ടും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനായില്ല. വനപാലകരുടെ ശുശ്രൂഷയിൽ ആരോഗ്യം വീണ്ടെടുത്ത ആനക്കുട്ടിയെ കോന്നിയിലെ ആന വളർത്തുകേന്ദ്രത്തിലേക്ക് കൊണ്ടുപോവാനായിരുന്നു തീരുമാനം. ഡോക്ടർ ഉൾെപ്പടെയുള്ളവരുടെ സാന്നിധ്യത്തിൽ തിങ്കളാഴ്ച സുരക്ഷിത വാഹനത്തിൽ കൊണ്ടുപോവുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ, കുട്ടിക്കൊമ്പനെ കൊണ്ടുപോകാനെത്താമെന്ന് പറഞ്ഞ വനംവകുപ്പിെൻറ വയനാട് വെറ്ററിനറി ആശുപത്രിയിലെ വിദഗ്ധരിൽ രണ്ടുപേർക്ക് കോവിഡ് പോസിറ്റിവായതോടെ യാത്ര പ്രതിസന്ധിയിലാവുകയായിരുന്നു. മറ്റു വിദഗ്ധരുടെ സഹായത്തോടെ വൈകാതെ തന്നെ കോന്നിയിലേക്ക് കൊണ്ടുപോവാനുള്ള നടപടി ഉണ്ടാവുമെന്ന് ഉന്നത വനപാലകർ അറിയിച്ചു. നെല്ലിക്കുത്ത് ഫോറസ്റ്റ് ഔട്ട്പോസ്റ്റിലെ ക്വാര്‍ട്ടേഴ്സിലാണിപ്പോള്‍ കുട്ടിയാന വനപാലകരുടെ മണികണ്ഠനായി വളരുന്നത്. വെറ്ററിനറി സര്ജന്മാരുടെ നിര്‍ദേശപ്രകാരം കൃത്യമായ സമയക്രമത്തില്‍ ഭക്ഷണവും മരുന്നും നല്‍കുന്നുണ്ട്. ഒപ്പം രണ്ടു നേരം കുളിയും പ്രഭാതസവാരിയുമുണ്ട്. മാർച്ച് 13നാണ് പുത്തരിപ്പാടം വനാതിർത്തിയിൽ കൂട്ടം തെറ്റിയ ആനക്കുട്ടിയെ കണ്ടെത്തിയത്. അമ്മയെ കണ്ടെത്തി കൂടെ വിടാനായിരുന്നു വനപാലകരുടെ ആദ്യശ്രമം. ഒരാഴ്ച ശ്രമിച്ചിട്ടും ഇത് വിജയിക്കാതെ വന്നതോടെയാണ് വനം ക്വർട്ടേഴ്സിലേക്ക് മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.