കോവിഡ് ചികിത്സ കേന്ദ്രങ്ങൾ പൂട്ടി: ലക്ഷങ്ങളുടെ സാധന സാമഗ്രികൾ നശിക്കുന്നു
text_fieldsമലപ്പുറം: ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞതോടെ ചികിത്സക്കായി തുറന്നിരുന്ന മിക്ക കോവിഡ് കെയർ സെൻററുകളും പൂട്ടി. കോവിഡ് ചികിത്സ കേന്ദ്രങ്ങൾ, ഒന്നാംതല കോവിഡ് ചികിത്സ േകന്ദ്രം (സി.എഫ്.എൽ.ടി.സി), രണ്ടാംതല കോവിഡ് ചികിത്സ േകന്ദ്രം, ഗൃഹവാസ പരിചരണ കേന്ദ്രം എന്നിവയാണ് ആരംഭിച്ചിരുന്നത്. രോഗികളുടെ എണ്ണം ജില്ലയില് ഗണ്യമായി കുറയുന്നുണ്ട്. ചൊവ്വാഴ്ച 155 പേര്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3.06 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക് രേഖപ്പെടുത്തിയത്. ഇതുവരെ 2706 പേരാണ് കോവിഡ് ബാധിച്ച് ജില്ലയിൽ മരിച്ചത്.
സി.എഫ്.എൽ.ടി.സി പൂജ്യം, സി.എൽ.ടി.സി രണ്ട്
ജില്ലയിൽ 12 കോവിഡ് ഒന്നാംതല കോവിഡ് ചികിത്സ േകന്ദ്രങ്ങളാണ് ആരംഭിച്ചിരുന്നത്. എല്ലാം പൂട്ടി. 13 രണ്ടാംതല കോവിഡ് ചികിത്സ േകന്ദ്രങ്ങളും തുറന്നിരുന്നു. അതിൽ പൊന്നാനി, മലപ്പുറം താലൂക്ക് ആശുപത്രികളിൽ മാത്രമാണ് പ്രവർത്തിക്കുന്നത്. ബാക്കിയെല്ലാം പൂട്ടി. തദ്ദേശ സ്ഥാപനങ്ങള്ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഗൃഹവാസ പരിചരണ കേന്ദ്രങ്ങൾ 112 എണ്ണം തുറന്നിരുന്നു. അെതല്ലാം പൂട്ടി. മഞ്ചേരി മെഡിക്കൽ കോളജ്, തിരൂർ, നിലമ്പൂർ, പെരിന്തൽമണ്ണ ജില്ല ആശുപത്രി, തിരൂരങ്ങാടി താലൂക്ക് ആശുപത്രി, പൊന്നാനി കുട്ടികളുടെയും സ്ത്രീകളുെടയും ആശുപത്രി, എടപ്പാളിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളായിരുന്നു കോവിഡ് ചികിത്സ കേന്ദ്രങ്ങൾ ആരംഭിച്ചിരുന്നത്. ഇതിൽ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലൊഴികെ ബാക്കി എല്ലായിടത്തും പ്രവർത്തിക്കുന്നുണ്ട്.
പൊടിപിടിച്ച് കട്ടിലും കിടക്കകളും
ഒാരോ കേന്ദ്രത്തിലും വിപുലമായ സൗകര്യങ്ങളാണ് രോഗികൾക്കായി ഒരുക്കിയിരുന്നത്. കിടക്ക, കട്ടിൽ, പാത്രം, വെൻറിലേറ്റർ, ഓക്സിജൻ സിലിണ്ടർ, മൾട്ടി പാരാമീറ്റർ, സിറിഞ്ച്, ഗ്ലൗസ്, മാസ്ക്, ഗുളികകൾ, കുപ്പി മരുന്നുകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. മാസങ്ങൾക്ക് മുമ്പ് കോവിഡ് ചികിത്സ കേന്ദ്രങ്ങൾക്ക് താഴ് വീണതോടെ ഇവ പലയിടങ്ങളിലായി കൂട്ടിയിട്ടിരിക്കുകയാണ്. മെഡിക്കൽ ഉപകരണങ്ങളിൽ ചിലത് മാത്രം സർക്കാർ ആശുപത്രികളിലേക്ക് കൈമാറി. എന്നാൽ കിടക്കയും കട്ടിലും മരുന്നുകളും അടക്കം ഗോഡൗണുകളിലും മറ്റും കൂട്ടിയിട്ടിരിക്കുകയാണ്. പലതും പൊടിപിടിച്ചും ദ്രവിച്ചും ഉപയോഗശൂന്യമായ നിലയിലാണ്. സർക്കാർ ലക്ഷങ്ങൾ ചെലവഴിച്ച് വാങ്ങിയതും സന്നദ്ധ സംഘടനകളും സ്വകാര്യ വ്യക്തികളും സംഭാവന ചെയ്തതും ഇതിൽ ഉൾപ്പെടുന്നുണ്ട്.
മലപ്പുറം നഗരസഭയിൽ ഗവ. കോളജിലും താലൂക്ക് ആശുപത്രിയിലുമായിരുന്നു കോവിഡ് ചികിത്സ കേന്ദ്രങ്ങൾ ആരംഭിച്ചിരുന്നത്. കൂടാതെ ടൗൺ ഹാളിൽ സെക്കൻഡ് ലൈൻ ട്രീറ്റ്മെൻറ് സെൻററും സ്ഥാപിച്ചിരുന്നു. മലപ്പുറം ഗവ. കോളജിലെ മെഡിക്കൽ ഉപകരണങ്ങൾ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കിടക്കകൾ, കട്ടിലുകൾ എന്നിവ നഗരസഭയുടെ നെച്ചിക്കുറ്റിയിലെ ഗോഡൗണിലേക്ക് മാറ്റി. 80 കിടക്കകളാണ് ഉണ്ടായിരുന്നത്. അതിൽ 40 എണ്ണം ടൗൺഹാളിലെ സെക്കൻഡ് ട്രീറ്റ്മെൻറ് സെൻററിലേക്ക് മാറ്റി. ഇപ്പോഴും ഈ സാമഗ്രികൾ ടൗൺഹാളിൽനിന്ന് മാറ്റിയിട്ടില്ല.
മഞ്ചേരി മെഡിക്കൽ കോളജിെൻറയും നഗരസഭയുടെയും സഹകരണത്തോടെ മൂന്ന് കോവിഡ് ചികിത്സ കേന്ദ്രങ്ങളാണ് മഞ്ചേരിയിൽ ആരംഭിച്ചത്. നോബിൾ വനിത കോളജിലും മുട്ടിപ്പാലത്ത് സ്വകാര്യ ഹോസ്റ്റൽ കെട്ടിടത്തിലും ജയിലിലെ തടവുകാർക്കായി മറ്റൊരു കേന്ദ്രവുമാണ് ഉണ്ടായിരുന്നത്. എല്ലാ കേന്ദ്രങ്ങളുടെയും പ്രവർത്തനം അവസാനിപ്പിച്ചതോടെ കട്ടിലും മറ്റുകിടക്കകളും താനൂരിലേക്ക് കൊണ്ടുപോയിരുന്നു.
താനൂർ ഭാഗത്ത് കോവിഡ് വീണ്ടും രൂക്ഷമായപ്പോഴാണ് കിടക്കകളും മറ്റും സ്വകാര്യ ആശുപത്രിയിലെ കേന്ദ്രത്തിലേക്ക് കൊണ്ടുപോയത്. മലപ്പുറം ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ സി.എഫ്.എൽ.ടി കേന്ദ്രത്തിലെ സാധന സാമഗ്രികൾ പൂക്കോട്ടൂർ ആയുർവേദ ആശുപത്രിക്ക് മുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്.
പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ മാതൃ-ശിശു ബ്ലോക്കിൽ തുടങ്ങിയ കോവിഡ് കേന്ദ്രത്തിൽ ഇപ്പോഴും രോഗികളുണ്ട്. പെരിന്തൽമണ്ണ പി.ടി.എം കോളജിൽ ഒരുക്കിയിരുന്ന കേന്ദ്രത്തിലേക്ക് പുതുതായി വാങ്ങിയ 200 കട്ടിലും കിടക്കളും മറ്റു ഉപകരണങ്ങളും നഗരസഭയുടെ നിയന്ത്രണത്തിലുള്ള സാന്ത്വനം േകന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. അങ്ങാടിപ്പുറം പഞ്ചായത്തിെൻറ കോവിഡ് കേന്ദ്രത്തിലേക്ക് വാങ്ങിയ ഉപകരണങ്ങൾ പഞ്ചായത്ത് തന്നെ സൂക്ഷിച്ചിട്ടുണ്ടെന്ന് വൈസ് പ്രസിഡൻറ് അറിയിച്ചു.
മങ്കട സി.എച്ച്.സിയിലുണ്ടായിരുന്ന ചികിത്സ കേന്ദ്രത്തിലെ കിടക്കകൾ ഒഴിഞ്ഞുകിടക്കുകയാണ്. വണ്ടൂർ പഞ്ചായത്തിൽ ആരംഭിച്ച കേന്ദ്രത്തിലെ സാമഗ്രികൾ സി.എച്ച്.സിയിലേക്ക് മാറ്റി. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ആരംഭിച്ചിരുന്ന കേന്ദ്രത്തിലെ സാധനങ്ങൾ ബ്ലോക്ക് ഓഫിസിൽ സൂക്ഷിച്ചിരിക്കുകയാണ്. ചുങ്കത്തറ പഞ്ചായത്തിലെ സാധന സാമഗ്രികൾ സ്പോൺസർ ചെയ്തിരുന്ന സഹകരണ ബാങ്കിന് തിരിച്ചുനൽകി.
പോത്തുകൽ പഞ്ചായത്തിൽ ഞെട്ടിക്കുളം ട്രൈബൽ ഹോസ്റ്റലിൽ പ്രവർത്തിച്ചിരുന്ന ഡി.സി.സി സെൻററിലെ 50 കട്ടിലുകളും കിടക്കകളും അണുവിക്തമാക്കി സൂക്ഷിച്ചുവെച്ചിരിക്കുകയാണ്. എടക്കര, മൂത്തേടം ഗ്രാമപഞ്ചായത്തിലെ സാധന സാമഗ്രികൾ അവർ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. തിരൂർ ജില്ല ആശുപത്രിയിൽ രണ്ടെണ്ണം തുടങ്ങിയിരുന്നു. കിടക്കയും കട്ടിലും ശിഹാബ് തങ്ങൾ ആശുപത്രിയിൽനിന്ന് എടുത്തതായിരുന്നു. അവ തിരിച്ച് നൽകി.
ബ്ലോക്ക് തലത്തിൽ സമിതി രൂപവത്കരിക്കും
കോവിഡ് ചികിത്സ കേന്ദ്രങ്ങളിലെ കിടക്ക, കട്ടിൽ, ഓക്സിജൻ സിലിണ്ടർ, മറ്റുമെഡിക്കൽ ഉപകരണങ്ങൾ എന്നിവ ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ സമിതി രൂപവത്കരിച്ച് അതിന് കീഴിലുള്ള സർക്കാർ ആശുപത്രികളിലേക്ക് വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. ഇവ സൂക്ഷിക്കേണ്ട ചുമതല ജില്ല ദുരന്ത നിവാരണ സമിതിക്കാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.