സി.പി.എം ജില്ല സമ്മേളനത്തിന് തിരൂരിൽ ഉജ്ജ്വല തുടക്കം
text_fieldsതിരൂർ: 23ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സി.പി.എം ജില്ല സമ്മേളനത്തിന് തിരൂരിൽ ഉജ്ജ്വല തുടക്കം. വാഗൺ ട്രാജഡി സ്മാരക ടൗൺഹാളിലെ പി.പി. അബ്ദുല്ലക്കുട്ടി നഗറിൽ മുഖ്യമന്ത്രിയും പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കമ്മിറ്റി അംഗം പി.പി. വാസുദേവൻ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാൻ മന്ത്രി വി. അബ്ദുറഹ്മാൻ സ്വാഗതം പറഞ്ഞു. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ. വിജയരാഘവൻ, പി.കെ. ശ്രീമതി, ഇ.പി. ജയരാജൻ, എളമരം കരീം, മന്ത്രി കെ. രാധാകൃഷ്ണൻ, പാലോളി മുഹമ്മദ് കുട്ടി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ബേബി ജോൺ, ടി.പി. രാമകൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.കെ. സൈനബ, പി. ശ്രീരാമകൃഷ്ണൻ, എം. സ്വരാജ്, പി. നന്ദകുമാർ എം.എൽ.എ എന്നിവർ പങ്കെടുത്തു.
സമ്മേളനത്തിന് മുന്നോടിയായി മുതിർന്ന പ്രതിനിധി ടി.കെ. ഹംസ പതാക ഉയർത്തി. കഴിഞ്ഞ ജില്ല സമ്മേളനത്തിന് ശേഷം ജില്ലയിൽ നടന്ന രാഷ്ട്രീയ സംഘടന പ്രവർത്തനങ്ങളെ അവലോകനം ചെയ്തുള്ള പ്രവർത്തന റിപ്പോർട്ട് ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ് അവതരിപ്പിച്ചു.
സമ്മേളന കാലയളവിൽ വേർപിരിഞ്ഞ ലോക, ദേശീയ, സംസ്ഥാന രാഷ്ട്രീയ നേതാക്കൾ, ജനപ്രതിനിധികൾ, പ്രഗല്ഭ വ്യക്തികൾ, ദുരന്തമുഖങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവർ എന്നിവർക്ക് ഉദ്ഘാടന ചടങ്ങിൽ ആദരാഞ്ജലിയർപ്പിച്ചു.
മൂന്ന് ദിവസം നീളുന്ന ജില്ല സമ്മേളനത്തിന് ബുധനാഴ്ച പൊതുസമ്മേളനത്തോടെ സമാപനമാവും.
സമ്മേളനം പിണറായിയുടെ 'നിരീക്ഷണ'ത്തിൽ
തിരൂർ: സമ്മേളനം നടക്കുന്ന മൂന്ന് ദിവസവും മുഖ്യമന്ത്രി പിണറായി വിജയൻ തിരൂരിൽ ക്യാമ്പ് ചെയ്യുന്നത് ചർച്ചകളിൽ പ്രതിനിധികൾ വിഭാഗീയ നിലപാട് സ്വീകരിക്കുന്നത് തടയാനെന്ന് സൂചന. നിയമസഭ തെരഞ്ഞെടുപ്പിൽ വിഭാഗീയ പ്രവർത്തനങ്ങളുണ്ടായതായി പാർട്ടി കണ്ടെത്തുകയും മുതിർന്ന നേതാക്കൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.
ജില്ല സെക്രട്ടേറിയറ്റംഗമായിരുന്ന ടി.എം. സിദ്ദീഖ്, ജില്ല കമ്മിറ്റി അംഗങ്ങളായിരുന്ന വി. ശശികുമാർ, സി. ദിവാകരൻ എന്നിവരാണ് തരംതാഴ്ത്തപ്പെട്ടത്. ജനകീയരായ നേതാക്കൾക്കെതിരെയുണ്ടായ നടപടിക്കെതിരെ പാർട്ടിയിൽ അമർഷമുണ്ടായിരുന്നു. ഏരിയ സമ്മേളനങ്ങളിൽ ഇത് പ്രതിഫലിക്കുകയും ചെയ്തു.
ഏരിയ കമ്മിറ്റി അംഗങ്ങൾ രാജിവെക്കുന്ന സാഹചര്യം വരെയുണ്ടായി. ഇതിെൻറ തുടർ ചർച്ചകൾ ജില്ല സമ്മേളനത്തിെൻറ ഭാഗമായി നടക്കുന്ന പ്രതിനിധി സമ്മേളനങ്ങളിലുമുണ്ടാവാനിടയുണ്ട്. സിൽവർ ലൈൻ പദ്ധതിക്കെതിരായി സി.പി.ഐയിൽനിന്നും സി.പി.എമ്മിൽ നിന്നുതന്നെയും അഭിപ്രായ വ്യത്യാസങ്ങൾ ഉയർന്നിരുന്നു. ഈ വിഷയം സമ്മേളനത്തിൽ ചർച്ചയാകുന്ന സാഹചര്യത്തിലും മുഖ്യമന്ത്രിയുടെ സാന്നിധ്യം സഹായകമാകുമെന്ന് നേതൃത്വം കരുതുന്നു.
ഇടതുപക്ഷത്തിെൻറ പ്രസക്തി വർധിക്കുന്നു –എ. വിജയരാഘവൻ
തിരൂർ: ദേശീയവാദവും മതവാദവും ഉന്നയിച്ച് തീവ്രത വളർത്താൻ ശ്രമിക്കുന്ന ഫാഷിസ്റ്റ് - വർഗീയ ശക്തികൾ പെരുകിവരുന്ന ഇക്കാലത്ത് ഇടതുപക്ഷത്തിെൻറ പ്രസക്തി വർധിച്ച് വരികയാണെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ. സി.പി.എം ജില്ല സമ്മേളനത്തോടനുബന്ധിച്ച് നടന്ന 'മതവും ദേശീയതയും' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രി വി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. സുനിൽ പി. ഇളയിടം, പി.എസ്. ശ്രീകല എന്നിവർ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. യു. സൈനുദ്ദീൻ സ്വാഗതവും ഇ. ജാഫർ നന്ദിയും പറഞ്ഞു.
അഭാവത്താൽ ശ്രദ്ധേയരായി രണ്ട് എം.എൽ.എമാർ
തിരൂർ: സി.പി.എം ജില്ല സമ്മേളനത്തിന് തിരൂരിൽ തുടക്കമായപ്പോൾ രണ്ട് ഇടതുപക്ഷ സ്വതന്ത്ര എം.എൽ.എമാരുടെ അഭാവം ചർച്ചയായി. കെ.ടി. ജലീലും പി.വി. അൻവറുമാണിവർ. രണ്ട് പേരും വിദേശത്താണ്. ഉദ്ഘാടനദിന സെമിനാറിൽ കെ.ടി. ജലീലിെൻറ പേര് അധ്യക്ഷനായി നൽകിയിരുന്നു. പി.വി. അൻവറിെൻറ സാന്നിധ്യം പലപ്പോഴും മണ്ഡലത്തിലില്ലാത്തത് നേരത്തേ ചർച്ചയായിരുന്നു.
വിമർശനവും മുന്നറിയിപ്പുമായി പൊതുചർച്ച
തിരൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ പൊന്നാനിയിലുണ്ടായ വിജയവും പെരിന്തൽമണ്ണയിലെ തോൽവിയും പ്രതിനിധി സമ്മേളനത്തെതുടർന്നുള്ള പൊതുചർച്ചയിലുയർന്നു. പെരിന്തൽമണ്ണയിൽ പാർട്ടി പ്രവർത്തകരുടെ അലസത തോൽവിക്കിടയാക്കിയപ്പോൾ പൊന്നാനിയിലെ വിജയം പാർട്ടി നിലപാടുകൾ ശരിവെക്കുന്നതായി. പെരിന്തൽമണ്ണയിൽ പൊതുസമ്മത സ്ഥാനാർഥിയെ നിർത്തി വിജയം ഉറപ്പാക്കിയ നേതൃത്വം പ്രവർത്തകരുടെ അലസത മുഖവിലക്കെടുത്തില്ല. പലയിടത്തും പാർട്ടി പ്രവർത്തനം ദുർബലമായി. ഇവ മുൻകൂട്ടി തിരിച്ചറിഞ്ഞിട്ടും നേതൃത്വം വേണ്ട രീതിയിൽ ഇടപ്പെട്ടിട്ടില്ലെന്ന് സംഘടന റിപ്പോർട്ടിൽ വിമർശിക്കുന്നു.
ജില്ലയിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ ലീഡ് നേടിയ പലയിടങ്ങളിലും നിയമസഭ തെരഞ്ഞെടുപ്പിൽ ലീഡ് കുറഞ്ഞതും വിമർശനത്തിനിടയാക്കി. എന്നാൽ, മികച്ച സ്ഥാനാർഥികളെ നിർത്തിയതിനാൽ കുറഞ്ഞ വോട്ടിനാണ് പരാജയപ്പെട്ടതെന്നും പൊന്നാനിയിൽ ലീഡ് വർധിപ്പിക്കാനായത് നേട്ടമായതായും നേതൃത്വം വിലയിരുത്തി. മുഖ്യമന്ത്രി പിണറായി വിജയെൻറ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് വിമർശനവും ഭാവിയിൽ സ്വീകരിക്കേണ്ട മുന്നറിയിപ്പും ഉയർന്നത്. ഇ. രാജേഷ് (പെരിന്തൽമണ്ണ), എം.പി. സലീം (മങ്കട), പി. ജിജി (കൊണ്ടോട്ടി), സുരേഷ് കാക്കനാത്ത് (പൊന്നാനി), അനിൽ (താനൂർ), നാസർ (അരീക്കോട്), കെ. മോഹനൻ (നിലമ്പൂർ), മോഹൻദാസ് (വണ്ടൂർ), എം.ടി. ഷാജഹാൻ (മലപ്പുറം), പി. വിജയൻ (എടപ്പാൾ), പി. ഷബീർ (എടക്കര), അബ്ദുസമദ് (തിരൂരങ്ങാടി), ജ്യോതിഷ് (മഞ്ചേരി) എന്നിവരാണ് ആദ്യദിനം ചർച്ചയിൽ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.