മാറാക്കര പഞ്ചായത്ത് ഓഫിസിന് മുന്നിൽ സി.പി.എം-യു.ഡി.എഫ് സംഘർഷം; നിരവധി പേർക്ക് പരിക്ക്
text_fieldsകാടാമ്പുഴ: മാറാക്കര ഗ്രാമപഞ്ചായത്തിന് മുന്നിൽ സി.പി.എം, യു.ഡി.എഫ് സംഘർഷം നിരവധി പേർക്ക് പരിക്കേറ്റു. ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിൽ സത്യഗ്രഹം നടത്തുകയായിരുന്ന സി.പി.എം പ്രവർത്തകരും പുതുതായി തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് പ്രസിഡൻറിനെ ആനയിച്ച് യു.ഡി. എഫ് പ്രവർത്തകർ നടത്തിയ പ്രകടനത്തിൽ പങ്കെടുത്തവരും തമ്മിലാണ് ഏറ്റുമുട്ടിയത്.
യു.ഡി.എഫ് നേതൃത്വത്തിലുള്ള മാറാക്കര ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ഭരണരംഗത്തെ കേടുകാര്യസ്ഥതയും അഴിമതിക്കുമെതിരെ സി.പി.എം മാറാക്കര, കാടാമ്പുഴ ലോക്കൽ കമ്മിറ്റികളുടെ ആഭിമുഖ്യത്തിലായിരുന്നു ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിൽ സത്യഗ്രഹം സംഘടിപ്പിച്ചത്.
അതേസമയം, പുതുതായി തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ഷരീഫ ബഷീറിനെ ആനയിച്ച് യു.ഡി.എഫ് പ്രവർത്തകർ പ്രകടനമായി പഞ്ചായത്തിന്റെ മുറ്റത്തേക്കിറങ്ങിയപ്പോഴാണ് റോഡിൽ സമരം നടത്തിയിരുന്ന സി.പി.എം പ്രവർത്തകരും യു.ഡി.എഫ് പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായത്.
തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് പ്രസിഡൻറിനെ ആനയിച്ച് യു.ഡി.എഫ് പ്രവർത്തകർ പഞ്ചായത്തിന്റെ മുറ്റത്തേക്കിറങ്ങിയപ്പോഴാണ് റോഡിൽ സമരം നടത്തിയിരുന്ന സി.പി.എം പ്രവർത്തകർ അക്രമിക്കുകയായിരുന്നുവെന്ന് യു.ഡി.എഫ് നേതാക്കൾ പറഞ്ഞു.
ആക്രമണത്തിൽ പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ഷെരീഫ ബഷീർ, അംഗങ്ങളായ കെ.പി. അബ്ദുൽ നാസർ, ടി.വി. റാബിയ, ഷംല ബഷീർ, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി മുഹമ്മദലി പള്ളിമാലിൽ, യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ജുനൈദ് പാമ്പലത്ത്, കോൺഗ്രസ് മണ്ഡലം സെക്രട്ടറി ഫാസിൽ മൂർക്കത്ത്, യൂത്ത് ലീഗ് പഞ്ചായത്ത് ഭാരവാഹികളായ കെ.പി. ഫൈസൽ, പി.ടി. ഗഫൂർ, വാർഡ് സെക്രട്ടറി ജുനൈദ് പനമ്പുലാക്കൽ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമാധാനപരമായി സത്യഗ്രഹ സമരം നടത്തുകയായിരുന്ന പ്രവർത്തകർക്കുനേരെ യു.ഡി.എഫ് പ്രവർത്തകർ ആക്രമണം നടത്തുകയായിരുന്നുവെന്ന് സി.പി.എം നേതാക്കൾ പറഞ്ഞു.
അക്രമത്തിൽ പരിക്കേറ്റ സി.പി.എം കാടാമ്പുഴ ലോക്കൽ സെക്രട്ടറി ശ്യാം ലാൽ, ലോക്കൽ കമ്മിറ്റി അംഗം വി. പ്രദീപ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ റഷീദ്,നിമിഷ പ്രദീപ്, സി. റംല, ഡി.വൈ.എഫ്.ഐ മേഖല പ്രസിഡൻറ് ശ്യാം കുമാർ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന യു.ഡി.എഫ് നേതാക്കളെ പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.