എട്ടര വർഷത്തെ ഇടതു ബാന്ധവത്തിന് തിരശ്ശീല
text_fieldsമലപ്പുറം: സി.പി.എമ്മുമായി നേരത്തേ വേർപിരിഞ്ഞ പി.വി. അൻവർ, എം.എൽ.എ സ്ഥാനംകൂടി രാജിവെച്ചൊഴിഞ്ഞതോടെ തിരശ്ശീല വീണത് എട്ടര വർഷത്തെ ഇടതു രാഷ്ട്രീയ ബാന്ധവത്തിന്. ‘ഒറ്റബുദ്ധി’യില്‍ ഇറങ്ങിപ്പുറപ്പെടുകയെന്ന അന്‍വര്‍ ശൈലിയാണ് തൃണമൂല്‍ കോൺഗ്രസുമായി കൈകോർക്കാനുള്ള തീരുമാനത്തിലും ഇന്നലെ നടത്തിയ പ്രഖ്യാപനത്തിലും തെളിഞ്ഞുകാണുന്നത്.
എം.എൽ.എ സ്ഥാനം രാജിവെക്കാനുള്ള അൻവറിന്റെ തീരുമാനം അപ്രതീക്ഷിതമായിരുന്നു. തൃണമൂല്‍ കോൺഗ്രസ് ബന്ധം സംബന്ധിച്ച തെളിവുകളുടെ ബലത്തിൽ നിയമസഭ സെക്രട്ടേറിയറ്റ് അയോഗ്യത നടപടികളിലേക്ക് കടക്കുമെന്ന സൂചന അൻവറിന് ലഭിച്ചിരുന്നു. ഇതാണ് കാലാവധി കഴിയാൻ ഒന്നര വർഷംകൂടി ശേഷിക്കെ, നിയമസഭാംഗത്വം രാജിവെക്കാൻ പ്രേരിപ്പിച്ചത്.
അനധികൃത മരംമുറിക്കെതിരെ മലപ്പുറം എസ്.പിയുടെ ക്യാമ്പ് ഓഫിസിനു മുന്നിൽ ധർണ നടത്തിയാണ് എൽ.ഡി.എഫ് സർക്കാറിനെതിരായ പോരാട്ടം അൻവർ ആരംഭിച്ചത്. പൊലീസിനും ആഭ്യന്തര വകുപ്പിനുമെതിരായ ആരോപണശരങ്ങൾക്കൊടുവിൽ മുഖ്യമന്ത്രിക്കെതിരെ തുറന്നടിച്ച അൻവർ 2024 സെപ്റ്റംബര്‍ 26ന് ഇടതുബന്ധം ഉപേക്ഷിച്ച് പുറത്തുവന്നു.
സെപ്റ്റംബര്‍ 29ന് നിലമ്പൂരില്‍ സംഘടിപ്പിച്ച അന്‍വറിന്റെ രാഷ്ട്രീയ വിശദീകരണയോഗത്തിലേക്ക് ഇടതുകേന്ദ്രങ്ങളെ അമ്പരപ്പിച്ച് ജനമൊഴുകിയെത്തി. ഒക്ടോബര്‍ രണ്ടിന് പുതിയ രാഷ്ട്രീയ പാര്ട്ടിയുണ്ടാക്കുമെന്നായി അൻവറിന്റെ പ്രഖ്യാപനം.
തൊട്ടടുത്ത ദിവസങ്ങളിൽ തമിഴ്നാട്ടിലെ ഡി.എം.കെ നേതാക്കളുമായി ചർച്ച. മഞ്ചേരിയിൽ നടന്ന റാലിയിൽ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള എന്ന സാമൂഹിക കൂട്ടായ്മ പിറന്നു. ഇടതു, വലതു മുന്നണികളിലെ അവിശുദ്ധ ബന്ധത്തിനെതിരെ പോരാട്ടം ശക്തമാക്കുമെന്നായിരുന്നു പ്രഖ്യാപനം.
ഒക്ടോബര്‍ 17ന് ചേലക്കര, പാലക്കാട് ഉപതെരഞ്ഞെടുപ്പുകളില്‍ ഡി.എം.കെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പിന്നീട് പാലക്കാട്ടെ സ്ഥാനാര്‍ഥിയെ പിന്‍വലിച്ചെങ്കിലും ചേലക്കരയില്‍ സ്ഥാനാർഥിയെ നിലനിർത്തിയത് യു.ഡി.എഫിന്റെ അപ്രീതിക്ക് കാരണമായി. പ്രതിപക്ഷനേതാവ് വി.ഡി. സതീശന് അൻവറിനെ പരസ്യമായി തള്ളിപ്പറഞ്ഞു.
ഡിസംബര്‍ 14ന് യു.ഡി.എഫിന്റെ ഭാഗമാകാനായി ഡൽഹിയിൽ കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലംകണ്ടില്ല. മറ്റു ദേശീയപാർട്ടികളിലേക്കും വഴിതെളിഞ്ഞില്ല.
ജനുവരി അഞ്ചിന് നിലമ്പൂർ വനംവകുപ്പ് ഓഫിസ് ആക്രമണക്കേസില്‍ അന്‍വറിനെ അറസ്റ്റ് ചെയ്തത് ജയിലിലടച്ചത് വൻ വിവാദമായി. തൊട്ടടുത്ത ദിവസം ജാമ്യം കിട്ടി ജയില്‍മോചിതനായ അൻവർ യു.ഡി.എഫിനൊപ്പം നിന്ന് പിണറായി സർക്കാറിനെ താഴെയിറക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും സ്വീകരിക്കുന്നത് സംബന്ധിച്ച് കോൺഗ്രസിൽ ഭിന്നാഭിപ്രായം ഉയർന്നു.
പാണക്കാട്ടെത്തിയ അന്‍വര്‍ ലീഗ് നേതാക്കളെ കണ്ടെങ്കിലും മഞ്ഞുരുകിയില്ല. തൃണമൂല്‍ കോൺഗ്രസ് നേതൃത്വം ഏറ്റെടുക്കുേമ്പാഴും യു.ഡി.എഫുമായുള്ള ബാന്ധവം തുടരാനുള്ള താൽപര്യവും അൻവർ പ്രകടിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.