സി.ഡബ്ല്യു.സി അഭിമുഖം: അയോഗ്യരാക്കിയവരെയും ഉൾപ്പെടുത്തി പുതിയ പട്ടിക
text_fieldsമലപ്പുറം: ചൈൽഡ് വെൽഫെയർ കമ്മിറ്റി രൂപവത്കരണത്തിന് പുതിയ വിജ്ഞാപനപ്രകാരം തയാറാക്കിയ റാങ്ക് പട്ടികയിൽ ഇടം നേടി മുമ്പ് അയോഗ്യരായവർ. മലപ്പുറം, വയനാട്, കാസർകോട്, ആലപ്പുഴ ജില്ലകളിലാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി രൂപവത്കരിക്കാനുള്ളത്. പ്രവൃത്തിപരിചയമോ യോഗ്യതയോ ഇല്ലാത്തവരെയാണ് അഭിമുഖത്തിനുശേഷം അയോഗ്യരാക്കിയിരുന്നത്.
വനിത-ശിശു വികസന വകുപ്പ് ഡയറക്ടർ ടി.വി. അനുപമയുടെ നേതൃത്വത്തിലായിരുന്നു അഭിമുഖം. 25 പേർ അയോഗ്യരെന്ന് കണ്ടെത്തിയിരുന്നു. സി.ഡബ്ല്യു.സി പാനലിലേക്ക് യോഗ്യരായവരെ കണ്ടെത്താത്തതിനെത്തുടർന്ന് വീണ്ടും വിജ്ഞാപനം ഇറക്കി. അതിനിടെ, അനുപമയെ തൽസ്ഥാനത്തുനിന്ന് മാറ്റിയത് വിവാദമായിരുന്നു. മലപ്പുറം ജില്ലയിൽനിന്ന് അഞ്ചുപേരെയാണ് അയോഗ്യരായി കണ്ടെത്തിയിരുന്നത്.
എന്നാൽ, പുതിയ അഭിമുഖത്തിനുള്ള പട്ടികയിൽ ഇവർ ഇടംപിടിച്ചിട്ടുണ്ട്. ഭരണപക്ഷ പാർട്ടിയുടെ പൊന്നാനിയിൽനിന്നുള്ള നേതാവിനെ സി.ഡബ്ല്യു.സി ചെയർമാനാക്കാനാണ് നീക്കമെന്ന് ആരോപണമുണ്ട്. ഇദ്ദേഹം ഉൾപ്പെടെ നേരത്തേ അയോഗ്യരാക്കപ്പെട്ടവരാണ്. നിയമമേഖലയിൽ മാത്രം പരിചയമുള്ളതും ശിശുസംരക്ഷണ മേഖലയിൽ പ്രവൃത്തിപരിചയമില്ലാത്തതുമായവരെ നിയമിക്കുന്നതിലും ആക്ഷേപമുണ്ട്.
മലപ്പുറം ജില്ലയുടെ സി.ഡബ്ല്യു.സി തെരഞ്ഞെടുപ്പിനുള്ള അഭിമുഖം തിങ്കളാഴ്ചയാണ്. ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ ഒരുചെയർപേഴ്സനും നാലംഗങ്ങളും ഉൾപ്പെടെ അഞ്ചുപേരാണ് വേണ്ടത്. അഞ്ചിൽ ഒരാൾ വനിതയായിരിക്കണം. മൂന്ന് വർഷത്തേക്കാണ് നിയമനം. സോഷ്യോളജി, സൈക്കോളജി, വിദ്യാഭ്യാസം തുടങ്ങിയ വിഷയത്തിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ആരോഗ്യം, നിയമം, ശിശുവികസനം എന്നിവയിൽ ബിരുദം, ഏഴുവർഷത്തെ പ്രവർത്തനപരിചയം എന്നിവയാണ് യോഗ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.