ചെറുമുക്ക് റോഡിലെ തകരാറിലായ ഓവുപാലങ്ങൾ; പരിശോധന നടത്തി
text_fieldsതിരൂരങ്ങാടി: ചെറുമുക്ക് റോഡിലെ ഓവുപാലങ്ങളുടെ അരിക്ഭിത്തി തകർന്ന സംഭവത്തിൽ പൊതുമരാമത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു. പരപ്പനങ്ങാടി പി.ഡബ്യു.ഡി എൻജിനീയർ സിദ്ധീഖ്, ഓവർസിയർ സി. സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
ഉദ്യോഗസ്ഥരുടെ കൂടെ നാട്ടുകാരും കർഷകരുമുണ്ടായിരുന്നു. പള്ളിക്കത്തായത്ത് അഞ്ചും, കാടാംകുന്നിൽ മൂന്നും ഓവുപാലങ്ങളുടെ അരിക്ഭിത്തികൾ അധികൃതർ പരിശോധിച്ചു.ചെറുമുക്ക്-കാടാംകുന്ന് റോഡ്, ചെറുമുക്ക്-തിരൂരങ്ങാടി റോഡിലെ പള്ളിക്കത്തായം ഭാഗത്ത് എന്നിവടങ്ങളിലെ ഓവുപാലത്തിെൻറ അരിക്ഭിത്തി കല്ലുകളും കോൺക്രീറ്റും അടർന്ന് തകരാറായ വാർത്ത കഴിഞ്ഞ ദിവസം 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു.
ഏത് സമയത്തും അപകടം വിളിച്ച് വരുത്തുന്ന അവസ്ഥയിലാണ് ഓവുപാലങ്ങളുടെ നിലവിലെ അവസ്ഥ. അരിക് ഭിത്തി തകർന്നത് പള്ളിക്കത്തായം ആമ്പൽപാടത്തെ നെൽകർഷകരുടെ ശ്രദ്ധയിലാണ് പെട്ടിരുന്നത്. ഓവുപാലത്തിെൻറ കല്ലുകളും കോൺക്രീറ്റും തകർന്നതിനാൽ ഉടൻ വകുപ്പ് തല ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് നടപടിയെടുക്കണമെന്ന് നാട്ടുകാരും കർഷകരും ആവശ്യപ്പെട്ടിരുന്നു. ഓവുപാലത്തിെൻറ തറയുടെ കല്ല് ഇളകിയതിനാൽ പാലത്തിെൻറ ഭാരം താങ്ങാനുള്ള ശക്തി കുറയുകയും അപകടം സംഭവിക്കുകയും ചെയ്യും. ഈ ഭാഗങ്ങളിലെ റോഡിെൻറ ഉയരം കുറവായതിനാൽ വർഷക്കാലത്ത് വെള്ളം കയറുന്നത് പതിവാണ്. ഇതും അരിക്ഭിത്തി തകരാൻ കാരണമായിട്ടുണ്ട്. പള്ളിക്കത്തായത്ത് അഞ്ച് ഓവുപാലമുണ്ട്. അതിൽ രണ്ടണ്ണം കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
കാടാംകുന്ന് റോഡിൽ മൂന്ന് ഓവുപാലവുമാണുള്ളത്. ഇവയുടെയെല്ലാം കോൺക്രീറ്റ് അടർന്നിട്ടുമുണ്ട്. ഇവ പൂർണമായും അധികൃതർ പരിശോധിച്ചു. ഏകദേശം 35-40 വർഷം പഴക്കമുള്ള ഓവുപാലങ്ങളാണ് ഇവിടെയുള്ളത്.
ബുധനാഴ്ച രാവിലെ പത്തിന് തുടങ്ങിയ പരിശോധന ഉച്ചവരെ നീണ്ടു. ചില തകരാറുകൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും പരിശോധന റിപ്പോർട്ട് തയാറാക്കി വകുപ്പ് തലത്തിൽ സമർപ്പിക്കുമെന്നും പി.ഡബ്യൂ.ഡി എൻജിനീയർ സിദ്ധീഖ് പറഞ്ഞു. ഇതിന് ശേഷം തുടർ നടപടികൾ കൈക്കൊള്ളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.