പട്ടാപ്പകല്‍ മോഷണപരമ്പര കവര്‍ച്ചസംഘത്തെ വലയിലാക്കാന്‍ ഡാന്‍സെഫ് സ്ക്വാഡും
text_fieldsതേഞ്ഞിപ്പലം: പൊലീസിന് വെല്ലുവിളിയും പൊതുജനങ്ങള്‍ക്ക് ആശങ്കയുമായ പട്ടാപ്പകല്‍ മോഷണസംഘത്തെ കുരുക്കാന്‍ അന്വേഷണ സംഘത്തിലേക്ക് ഡാന്‍സെഫ് സ്ക്വാഡും. ജില്ല പൊലീസ് മേധാവി സുജിത് ദാസിന്റെ നിര്‍ദേശപ്രകാരം കൊണ്ടോട്ടി എ.എസ്.പി വിജയ് ഭാരത് റെഡ്ഡിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണസംഘം നീങ്ങുന്നത്.
തേഞ്ഞിപ്പലം സി.ഐ കെ.ഒ. പ്രദീപിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലേക്ക് നാല് ഡാന്‍സെഫ് സ്ക്വാഡ് അംഗങ്ങളെ കൂടിയാണ് ഉള്‍പ്പെടുത്തിയത്. പട്ടാപ്പകല്‍ കവര്‍ച്ച ചേലേമ്പ്ര കണ്ടായിപ്പാടത്ത് ആവര്‍ത്തിച്ചതോടെയാണ് അന്വേഷണസംഘത്തെ വിപുലപ്പെടുത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി നാടെങ്ങും വലവിരിച്ചിരിക്കുകയാണ് പൊലീസ്. ജയിലില്‍ നിന്ന് പരോളിനും ശിക്ഷ കഴിഞ്ഞും ഇറങ്ങിയ 50ലധികം കുറ്റവാളികളെയാണ് അന്വേഷണസംഘം ഇതുവരെ ചോദ്യം ചെയ്തത്.
ദേശീയപാതയിലും മറ്റ് പ്രധാന റോഡുകളിലും കവര്‍ച്ച നടന്ന വീടുകള്‍ക്ക് സമീപവുമുള്ള 25ലധികം നിരീക്ഷണ കാമറ ദൃശ്യങ്ങളും പരിശോധിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടപടികള്‍ മുന്നോട്ടുകൊണ്ടുപോകുകയാണ്. കഴിഞ്ഞ മേയ് ഒമ്പതിന് തേഞ്ഞിപ്പലം പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ ഇല്ലത്ത് സ്കൂളിന് സമീപത്ത് ദേവതിയാല്‍ സ്വദേശിയായ കാടശ്ശേരി വീട്ടില്‍ നായാടിയുടെ മകന് ഹരിദാസന്റെ മരുമകളുടെ 15ലധികം പവന്റെ സ്വര്‍ണാഭരണങ്ങള്‍ പട്ടാപ്പകല്‍ വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത് കവര്‍ന്ന സംഭവത്തോടെയാണ് മോഷണ പരമ്പരകളുടെ തുടക്കം.
പിന്നീട് ആഴ്ചകള്‍ക്കുള്ളില്‍ സര്‍വകലാശാല ജീവനക്കാരനായ നസീമുദ്ദീനും കുടുംബവും താമസിക്കുന്ന ഡി 22 ക്വാര്‍ട്ടേഴ്സിലായിരുന്നു കവര്‍ച്ച. ഇവിടെനിന്ന് മൂന്നര പവന്റെ സ്വര്‍ണാഭരണങ്ങളും 2000 രൂപയും കവര്‍ന്നു. ഇതിന് മുമ്പും പിമ്പുമായി പള്ളിക്കല്‍ മേഖലയിലും മോഷണങ്ങളുണ്ടായി.
പള്ളിക്കലില്‍ ധനകാര്യസ്ഥാപനം കുത്തിപൊളിച്ച് കവര്‍ച്ചാശ്രമവുമുണ്ടായി. ഇതിനെല്ലാം പിറകെയാണ് ചേലേമ്പ്ര കണ്ടായിപ്പാടത്തെ കുരുണേങ്ങല്‍ ബാലകൃഷ്ണന്റെ വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത് ശനിയാഴ്ച പട്ടാപ്പകല്‍ 14 പവന്റെ സ്വര്‍ണാഭരണങ്ങളും ഒന്നരലക്ഷം രൂപയും കൊണ്ടുപോയത്. ശനിയാഴ്ച രാവിലെ 10നും ഉച്ചക്ക് ഒന്നിനും ഇടയിലായിരുന്നു മോഷണം. വീട്ടുകാര്‍ ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് പോയ സമയത്ത് വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത് കവര്‍ച്ച നടത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.