നൂറ്റാണ്ട് പഴക്കമുള്ള മങ്കട ആയുർവേദ ഡിസ്പെൻസറി കെട്ടിടം പൊളിക്കുന്നു
text_fieldsമങ്കട: മങ്കട ഗവ. ഹൈസ്കൂളിന് എതിർവശമുള്ള ചരിത്ര ശേഷിപ്പായ ആയുർവേദ ഡിസ്പെൻസറി കെട്ടിടം പൊളിക്കുന്നു. മങ്കട കോവിലകത്തെ പരേതനായ റാവു ബഹദൂർ കൃഷ്ണവർമ രാജയുടെ സ്മാരകമായി മങ്കട കോവിലകത്തിൽനിന്ന് പണികഴിപ്പിച്ചതാണ് ഈ കെട്ടിടം. കൃഷ്ണവർമ ഹാൾ എന്നായിരുന്നു കെട്ടിടത്തിന്റെ പേര്. ആദ്യം ഇതിൽ ഒരു വായനശാല പ്രവർത്തിച്ചിരുന്നു. പിന്നീട് പ്രവർത്തനം നിലച്ചു.
ഇതേ തുടർന്നാണ് അന്ന് കോഴിക്കോട്ട് പറമ്പിൽ പ്രവർത്തിച്ചിരുന്ന ആയുർവേദ ഡിസ്പെൻസറി മങ്കടയിലെ കെട്ടിടത്തിലേക്ക് മാറ്റിയത്.എന്നാൽ കാലപ്പഴക്കത്താൽ കെട്ടിടം ദുർബലമായതിനെത്തുടർന്ന് പത്തുവർഷം മുമ്പ് ആയുർവേദ ഡിസ്പെൻസറിക്കായി തൊട്ടടുത്ത് തന്നെ മങ്കട ഗ്രാമപഞ്ചായത്ത് പുതിയ കെട്ടിടം നിർമിക്കുകയും ഡിസ്പെൻസറി പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. എന്നാൽ നൂറ്റാണ്ടോളം പഴക്കവും ചരിത്ര ശേഷിപ്പുകളുമുള്ള പഴയ കെട്ടിടം തൽസ്ഥിതിയിൽ സംരക്ഷിക്കണമെന്ന് നേരത്തെ തന്നെ ആവശ്യം ഉയർന്നിരുന്നു.
ചരിത്രാന്വേഷികളുടെ ഈ ആവശ്യം അവഗണിച്ചാണ് ഇപ്പോൾ നവീകരണ ഭാഗമായി പഴയ കെട്ടിടം പൊളിക്കുന്നത്.പഴയ കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന എം.സി. കൃഷ്ണവർമ രാജയുടെ ചിത്രം മങ്കട പൈതൃക സംരക്ഷണ സമിതി ഏറ്റെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.