ജനപ്രതിനിധികൾ സത്യവാചകം ചൊല്ലി
text_fieldsമലപ്പുറം നഗരസഭ
മലപ്പുറം: വർണാഭമായ ചടങ്ങിൽ നഗരസഭ അംഗങ്ങളുടെ അധികാരാരോഹണം. 40 വാര്‍ഡുകളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ തിങ്കളാഴ്ച രാവിലെ സത്യപ്രതിജ്ഞ ചെയ്തു. റിട്ടേണിങ് ഓഫിസര്‍ സബിത 33ാം വാര്‍ഡ് കോല്മണ്ണയില്നിന്ന് വിജയിച്ച അംഗവും കൂട്ടത്തിൽ ഏറ്റവും പ്രായംകൂടിയയാളുമായ അബ്ദുല്‍ ഹമീദ് പരിക്ക് ആദ്യം സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മറ്റു 39 പേരും അബ്ദുല്‍ ഹമീദിൽനിന്ന് ഏറ്റുചൊല്ലി.
യു.ഡി.എഫ് അംഗങ്ങൾ ദൈവ/അല്ലാഹുവിെൻറ നാമത്തിലാണ് സത്യവാചകം ചൊല്ലിയത്. സി.പി.എം, സി.പി.ഐ കൗൺസിലർമാർ ദൃഢപ്രതിജ്ഞ ചെയ്തപ്പോള്‍ എൽ.ഡി.എഫ് സ്വതന്ത്രരിൽ അധികവും ദൈവ/അല്ലാഹുവിെൻറ നാമത്തിലും സത്യവാചകം ഏറ്റുചൊല്ലി. നിറഞ്ഞ സദസ്സിന് മുന്നില്‍ രാവിലെ പത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്.
അധികാരമേറ്റതിന് ശേഷം അബ്ദുല്‍ ഹമീദ് പരിയുടെ അധ്യക്ഷതയിൽ ആദ്യ കൗണ്‍സില്‍ യോഗവും നടന്നു. സത്യപ്രതിജ്ഞാചടങ്ങില്‍ പി. ഉബൈദുല്ല എം.എല്‍.എ, നഗരസഭ സെക്രട്ടറി കെ. ബാലസുബ്രമണ്യ, മുന്‍ ചെയര്പേഴ്സൻ സി.എച്ച്. ജമീല, മുൻ കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവർ സംബന്ധിച്ചു.
34 പുതുമുഖങ്ങൾ
നഗരസഭ കൗൺസിലിലെ 40ൽ 35 പേരും ആദ്യമായാണ് തെരഞ്ഞെടുക്കപ്പെടുന്നത്. കഴിഞ്ഞ കൗൺസിലിലെ സ്ഥിരംസമിതി അധ്യക്ഷ മറിയുമ്മ ശരീഫ്, മുൻ സ്ഥിരംസമിതി അധ്യക്ഷൻ പി.കെ. സക്കീർ ഹുസൈൻ, ഒ. സഹദേവൻ, കെ.വി. ശശികുമാർ, പാറച്ചോടൻ ആമിന, കെ.കെ. ആയിഷാബി എന്നിവരൊഴിച്ചുള്ളവരെല്ലാം പുതുമുഖങ്ങളാണ്.
അധ്യക്ഷ തെരഞ്ഞെടുപ്പ് 28ന്
അധ്യക്ഷന്‍, ഉപാധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബർ 28ന് നടക്കും. രാവിലെ 11ന് അധ്യക്ഷനെയും ഉച്ച രണ്ടിന് ഉപാധ്യക്ഷയെയും തെരഞ്ഞെടുക്കും. 30ാം വാര്‍ഡ് ആലത്തൂര്പടിയില്നിന്ന് വിജയിച്ച മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി മുജീബ് കാടേരി ചെയർമാനാവാനാണ് സാധ്യത. ഉപാധ്യക്ഷ പദവി കോണ്‍ഗ്രസിന് നല്കുകയാണെങ്കില് വാര്‍ഡ് 23 വലിയവരമ്പില്നിന്ന് വിജയിച്ച കൊന്നോല ഫൗസിയ കുഞ്ഞിപ്പുവിന് ലഭിക്കും.
ലീഗ് ഏറ്റെടുത്താൽ 35ാം വാര്‍ഡ് പട്ടര്‍കടവ് അംഗം മറിയുമ്മ ശരീഫായിരിക്കും വൈസ് ചെയർപേഴ്സൻ. ഉപാധ്യക്ഷസ്ഥാനം കോൺഗ്രസിന് നൽകിയാൽ വികസനം, വിദ്യാഭ്യാസം, ആരോഗ്യം, പൊതുമരാമത്ത്, ക്ഷേമം എന്നീ സ്ഥിരംസമിതി അധ്യക്ഷപദവികൾ പതിവുപോലെ ലീഗ് വഹിക്കും. 40 അംഗ കൗൺസിലിൽ യു.ഡി.എഫ് 25, എൽ.ഡി.എഫ് 15 എന്നതാണ് കക്ഷിനില.
പെരിന്തൽമണ്ണ നഗരസഭ
പെരിന്തൽമണ്ണ: നഗരസഭയുടെ ആറാമത് ഭരണസമിതി സത്യവാചകം ചൊല്ലി ചുമതലയേറ്റു. മുതിർന്ന അംഗം 29ാം വാർഡ് തേക്കിൻകോട്ടുനിന്ന് തെരഞ്ഞെടുക്കപ്പെട്ട എം.കെ. സരോജത്തിന് വരണാധികാരി ജില്ല വ്യവസായകേന്ദ്രം ജനറൽ മാനേജർ ടി. അബ്ദുൽ വഹാബ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് 33 അംഗങ്ങൾക്കും എം.കെ. സരോജം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്താണ് അംഗങ്ങൾ ചുമതലയേറ്റത്.
തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ അനുമോദിച്ച് മുൻ ചെയർമാൻ എം. മുഹമ്മദ് സലീം, താമരത്ത് ഉസ്മാൻ, വിവിധ കക്ഷികളുടെ പ്രതിനിധികളായ കെ. ഉണ്ണികൃഷ്ണൻ, സി. മമ്മി, എം.എം. സക്കീർ ഹുസൈൻ, പച്ചീരി ഫാറൂഖ് എന്നിവർ സംസാരിച്ചു. നഗരസഭ സെക്രട്ടറി എസ്. അബ്ദുൽ സജീം സ്വാഗതവും മുനിസിപ്പൽ എൻജിനീയർ പ്രസന്നകുമാർ നന്ദിയും പറഞ്ഞു.
മലപ്പുറം: മലപ്പുറം ബ്ലോക്ക് പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 15 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന അംഗമായ മുഹമ്മദാലിക്ക് വരണാധികാരി അനില്‍ സാം സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. ബാക്കിയുള്ള അംഗങ്ങള്‍ക്ക് മുഹമ്മദാലിയും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലോക്ക് പഞ്ചായത്തിലെ പഴയ അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, ബ്ലോക്ക് സെക്രട്ടറി ടി. നിർമല, ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കൂട്ടിലങ്ങാടി: പടിഞ്ഞാറ്റുമ്മുറിയിലെ പഞ്ചായത്ത് ഓഫിസിന് സമീപം ബാങ്ക് പരിസരത്ത് പ്രത്യേകം തയാറാക്കിയ വേദിയിൽ നിറഞ്ഞ സദസ്സിനെ സാക്ഷിനിർത്തി അംഗങ്ങൾ സത്യപ്രതിജ്ഞ ചൊല്ലി. മുതിർന്ന അംഗം 19ാം വാർഡിലെ മുസ്ലിം ലീഗ് പ്രതിനിധി എൻ.കെ. ഹുസൈന് വരണാധികാരി കെ. പ്രീത ആദ്യ സത്യവാചകം ചൊല്ലിക്കൊടുത്തു.
തുടർന്ന് വാർഡുകളുടെ ക്രമത്തിൽ അംഗങ്ങൾ ഹുസൈന് സത്യപ്രതിജ്ഞ ചെയ്ത് രജിസ്റ്ററിൽ ഒപ്പുവെച്ചു. വിവിധ കക്ഷിനേതാക്കളായ എൻ.കെ. അഹമ്മദ് അഷ്റഫ്, വി. മൻസൂർ, പി.പി. സുഹ്റാബി, എം. സുരേഷ്, സി.എച്ച്. സലാം എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി എം. രാജേഷ് സ്വാഗതവും അസി. സെക്രട്ടറി അനീഷ് കൊഴിഞ്ഞിലിൽ നന്ദിയും പറഞ്ഞു. അധ്യക്ഷ തെരഞ്ഞെടുപ്പ് ഡിസംബർ 30ന് നടക്കും. അഞ്ചു വർഷത്തെ ഇടവേളക്കുശേഷം 19ൽ 14 സീറ്റ് നേടി ഭരണം തിരിച്ചുപിടിച്ച യു.ഡി.എഫ് അംഗങ്ങൾ ജാഥയായാണ് പ്രതിജ്ഞാവേദിയിലേക്ക് എത്തിയത്.
കോഡൂർ: ഗ്രാമപഞ്ചായത്ത് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടവർ അധികാരമേറ്റു. കോഡൂർ പഞ്ചായത്ത് ഓഫിസ് പരിസരത്ത് നടന്ന ചടങ്ങിൽ മുതിർന്ന അംഗം പാന്തൊടി മുഹമ്മദ് ഉസ്മാന് വരണാധികാരി മുസ്തഫ ആദ്യം സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് മറ്റ് 18 അംഗങ്ങളും ഉസ്മാനിൽനിന്ന് സത്യവാചകം ഏറ്റുചൊല്ലി.
തുടർന്ന് രജിസ്റ്ററിൽ ഒപ്പുവെച്ചു. 19ൽ 14 സീറ്റ് നേടി യു.ഡി.എഫ് അധികാരം നിലനിർത്തുകയായിരുന്നു കോഡൂരിൽ. അധ്യക്ഷ തെരഞ്ഞെടുപ്പ് ഡിസംബർ 30ന് നടക്കും. മുസ്ലിം ലീഗിനാണ് പ്രസിഡൻറ് സ്ഥാനം. വനിതാ സംവരണമായതിനാൽ ഏഴാം വാർഡ് ചട്ടിപ്പറമ്പ് അംഗം റാബിയ കരുവാട്ടിലോ 11ാം വാർഡ് അറക്കൽപടിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആസ്യ കുന്നത്തോ പ്രസിഡൻറാവും.
ഏലംകുളം: ഗ്രാമപഞ്ചായത്തിലെ മുതിർന്ന അംഗം എൻ.പി. ഉണ്ണികൃഷ്ണൻ മാസ്റ്റർക്ക് വരണാധികാരി പെരിന്തൽമണ്ണ സബ് രജിസ്ട്രാർ സ്വാലിഹ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് മറ്റ് 15 അംഗങ്ങളെയും ഉണ്ണികൃഷ്ണൻ മാസ്റ്റർ സത്യപ്രതിജ്ഞ ചെയ്യിച്ചു. പുതുതായി അധികാരമേറ്റ അംഗങ്ങളെ അനുമോദിച്ച് പി. ഗോവിന്ദപ്രസാദ്, പി.കെ. കേശവൻ, കുഞ്ഞാപ്പ മാസ്റ്റർ, പി.പി. ഫൈസൽ, എം.എ. അജയകുമാർ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജീവ് സ്വാഗതവും അസി. സെക്രട്ടറി സുനിൽകുമാർ നന്ദിയും പറഞ്ഞു.
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം പഞ്ചായത്തിൽ മുതിർന്ന അംഗം കോറാടൻ റംലക്ക് വരണാധികാരി താലൂക്ക് സപ്ലൈ ഒാഫിസർ പ്രസാദ് ആദ്യം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശേഷം 22 അംഗങ്ങൾക്ക് ഇവർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞാചടങ്ങിന് ശേഷം ആദ്യ ഭരണസമിതി യോഗം നടത്തി. മുതിർന്ന അംഗം അധ്യക്ഷത വഹിച്ചു. ഷബീർ കറുമുക്കിൽ, കെ.ടി. നാരായണൻ മാസ്റ്റർ, വി. രതീഷ് എന്നിവർ വിവിധ കക്ഷികളെ പ്രതിനിധാനംചെയ്ത് സംസാരിച്ചു.
മേലാറ്റൂർ: മേലാറ്റൂരിൽ വരണാധികാരി ഉമ്മർ മുതിർന്ന അംഗം എ.കെ. യൂസുഫ് ഹാജിക്ക് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. തുടർന്ന്, അദ്ദേഹം മറ്റ് അംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എടപ്പറ്റ ഗ്രാമപഞ്ചായത്തിൽ മുതിർന്ന അംഗം പി. ജോർജ് മാത്യുവിന് റിട്ടേണിങ് ഓഫിസർ കെ. സജിത് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
കീഴാറ്റൂര്‍ ഗ്രാമപഞ്ചായത്തിൽ മുതിര്‍ന്ന അംഗം പി.കെ. അബ്ദുസ്സലാമിന് വരണാധികാരി എം. മുരളീധരന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മറ്റ് അംഗങ്ങള്‍ക്ക് മതിര്‍ന്ന അംഗം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് സെക്രട്ടറി ഇ. ഷറഫുദ്ദീന്, ഉദ്യോഗസ്ഥരായ വേണു, വല്ലഭന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
വെട്ടത്തൂർ ഗ്രാമപഞ്ചായത്തിൽ റിേട്ടണിങ് ഒാഫിസർ വി. അബ്ദുൽ ഹമീദ് മുതിർന്ന അംഗം എം. ഹംസക്കുട്ടിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
പുലാമന്തോൾ: ഗ്രാമപഞ്ചായത്തിൽ വരണാധികാരി മങ്കട എ.ഇ.ഒ ലിസമ്മ ഐസക് മുതിർന്ന അംഗം മുഹമ്മദ് കുട്ടിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി മധുസൂദനൻ സ്വാഗതവും അസി. സെക്രട്ടറി മുരളീധരൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.