ചോർന്നൊലിച്ച് ദുരിതം...
text_fieldsമലപ്പുറം: സിവിൽ സ്റ്റേഷനിലെ ജി.എസ്.ടി ഓഡിറ്റ് വിഭാഗം ഡെപ്യൂട്ടി കമീഷണറുടെ കെട്ടിടം ചോർന്നൊലിച്ച് അപകടാവസ്ഥയിൽ. ഏറെ പഴക്കമുള്ള കെട്ടിടത്തിന്റെ ഓടു പൊളിഞ്ഞാണ് വെള്ളം ഉള്ളിലെത്തുന്നത്. ഓട് പൊളിഞ്ഞ ഭാഗത്ത് ഷീറ്റിട്ട് താൽക്കാലികമായി മറച്ചിട്ടുണ്ടെങ്കിലും പല ഭാഗത്തും ചോർച്ച തുടരുന്നുണ്ട്. വെള്ളം ചുമരിലൂടെ ഒലിച്ചിറങ്ങി സ്വിച്ച് ബോർഡുകൾ കേട് വന്നിട്ടുണ്ട്. കൂടാതെ നിലത്ത് പല ഭാഗത്തും വെള്ളം കെട്ടി കിടക്കുന്നതും ജീവനക്കാർക്ക് വലിയ പ്രയാസം സൃഷ്ടിക്കുകയാണ്.
ഇതിനൊപ്പം കെട്ടിടത്തിന്റെ പരിസര പ്രദേശങ്ങളെല്ലാം കാടുമൂടി കിടക്കുന്നതിനാൽ പാമ്പ് ശല്യവുമുണ്ട്. കഴിഞ്ഞ ദിവസം ഈ ഓഫിസിനുള്ളിൽനിന്ന് പാമ്പിനെ പിടികൂടിയിരുന്നു. അതിനുശേഷം ഭയപ്പാടോടെയാണ് ജീവനക്കാർ ജോലി ചെയ്യുന്നതെന്നും പരാതിയുണ്ട്. സിവിൽ സ്റ്റേഷനിലെ ജില്ല പബ്ലിക്ക് ഹെൽത്ത് ലാബിന്റെ കെട്ടിടത്തോട് ചേർന്നാണ് ജി.എസ്.ടി ഓഡിറ്റ് വിഭാഗം ഓഫിസും പ്രവർത്തിക്കുന്നത്. ദിനേന നൂറു കണക്കിനാളുകൾ ആശ്രയിക്കുന്ന പബ്ലിക് ലാബിലും മേൽക്കൂര തകർന്നതും മെഷീനുകൾ പണി മുടക്കിയതും പരിശോധന കേന്ദ്രത്തിലെ പ്രവർത്തനങ്ങൾ പാടെ താളം തെറ്റിച്ചിരിക്കുകയാണ്.
ലാബിലെ പൊട്ടിപ്പൊളിഞ്ഞ മേൽക്കൂരയിൽനിന്ന് ഏതുസമയവും അപകടം താഴ്ന്നിറങ്ങാവുന്ന സാഹചര്യത്തിൽ നെഞ്ചിടിച്ചാണ് ജീവനക്കാരും ജോലി ചെയ്യുന്നത്. പബ്ലിക് ലാബിൽ അഞ്ച് വർഷം മുമ്പേ പുതിയ ഷീറ്റിട്ട് മേൽകൂര നവീകരിച്ചപ്പോൾ അതിനു താഴെ ദ്രവിച്ച ഓടും പട്ടികയും മാറ്റാഞ്ഞതാണ് അപകടത്തിന് വഴിയൊരുക്കിയത്. അതേസമയം ജി.എസ്.ടി ഒഫീസിൽ കുറേ വർഷങ്ങളായി നവീകരണ പ്രവൃത്തികൾ ഒന്നും നടന്നിട്ടില്ല. കെട്ടിടത്തിന്റെ നവീകരണം വൈകുന്നതിനാൽ ജീവനക്കാർ വലിയ പ്രയാസത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.