ദേവധാർ റെയിൽവേ മേൽപ്പാലം; ടോൾ പിരിവ് പുനരാരംഭിച്ചു
text_fieldsതാനൂർ: പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ച താനൂർ ദേവധാർ റെയിൽവേ മേൽപ്പാലത്തിലെ ടോൾ പിരിവ് പുനരാരംഭിച്ചു. പത്ത് വർഷമായിട്ടും പിരിവ് തുടരുന്നതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടത്തിയ മാർച്ചിനെ തുടർന്ന് താൽക്കാലികമായി നിർത്തി വെച്ചതായിരുന്നു. ഹൈകോടതിയിൽ നിന്ന് ഇടക്കാല ഉത്തരവ് നേടി കഴിഞ്ഞ ദിവസം വൈകുന്നേരം മുതലാണ് വീണ്ടും പിരിവ് തുടങ്ങിയത്.
താനൂർ ഡിവൈ.എസ്.പി വി.വി.ബെന്നിയുടെ നേതൃത്വത്തിൽ സമരക്കാരുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് ടോൾ പിരിവ് ആരംഭിച്ചത്.
ഫാസ്റ്റ് ടാഗ് സംവിധാനത്തിലേക്ക് മാറിയാലും ടോൾ ഇളവുള്ള താനൂർ നഗരസഭയിലെയും താനാളൂർ പഞ്ചായത്തിലെയും വാഹനങ്ങൾക്കും ടോൾ ബൂത്തിന്റെ സമീപത്തുള്ള ഒഴൂർ പഞ്ചായത്ത് വാർഡുകളിലെ വാഹനങ്ങൾക്കും ഫാസ്റ്റ് ടാഗ് സംവിധാനത്തിലും ഇളവ് തുടരുമെന്ന് കരാറുകാർ വ്യക്തമാക്കിയിട്ടുണ്ട്.
തിരൂർ-കടലുണ്ടി പ്രധാന പാതയിൽ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാനായി ഹമ്പ് ഒഴിവാക്കി പകരം റബിൾ സ്ട്രിപ് സ്ഥാപിച്ചിരിക്കെ ടോൾ ബൂത്ത് ജീവനക്കാർ സ്ഥാപിച്ചിരുന്ന റബർ ഹമ്പ് അനധികൃതമാണെന്ന ആരോപിച്ചായിരുന്നു ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഇതടക്കമുള്ള ക്രമീകരണങ്ങൾ പൊളിച്ചുനീക്കിയത്. സമരം നടക്കുന്നതിനിടെ സ്ഥലത്തെത്തിയ മന്ത്രി വി. അബ്ദുറഹ്മാൻ പൊതുമരാമത്ത് മന്ത്രിയെയും ഉദ്യോഗസ്ഥരെയും ഫോണിൽ ബന്ധപ്പെട്ട ശേഷം തുടർ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ തീരുമാനമായതായും ഫാസ്റ്റ് ടാഗിലേക്ക് മാറുന്നത് ഉൾപ്പെടെയുള്ള നവീകരണങ്ങൾ സംബന്ധിച്ച് യോഗം ചേർന്ന് പിന്നീട് തീരുമാനമെടുക്കുമെന്നും അറിയിക്കുകയായിരുന്നു.
എന്നാൽ ആർ.ബി. ഡി.സി നിർദേശാനുസരണം ഫാസ്റ്റ് ടാഗിലേക്ക് മാറുന്നതിന്റെ ഭാഗമായി സ്ഥാപിച്ച ക്രമീകരണങ്ങളാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ തകർത്തതെന്നാണ് ടോൾ ബൂത്ത് നടത്തിപ്പുകാർ പറയുന്നത്. നിയമപ്രകാരം നടപടികൾ പൂർത്തീകരിച്ച് കരാർ നേടിയെടുത്തവർക്ക് ടോൾ ബൂത്ത് പ്രവർത്തിപ്പിക്കാനനുവാദിക്കാതെ സമരവുമായി വരുന്നത് രാഷ്ട്രീയ താൽപര്യങ്ങൾ മൂലമാണെന്നാണ് നടത്തിപ്പുകാർ പറയുന്നത്.
കോൺഗ്രസിന്റെ പ്രമുഖ നേതാവാണ് കരാറുകാരനെന്നതും ഡി.വൈ.എഫ്.ഐയുടെ ടോൾ ബൂത്തിനെതിരായ സമരത്തിൽ രാഷ്ട്രീയ താൽപ്പര്യം ആരോപിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നുണ്ട്. 2013 ൽ യു.ഡി.എഫ് ഭരണകാലത്ത് ആരംഭിച്ച ടോൾ ബൂത്തിനെതിരെ അന്നു മുതൽ തന്നെ പ്രതിഷേധമുണ്ടായിരുന്നു. ഭരണം മാറിയശേഷവും ടോൾ പിരിവ് നിർത്തലാക്കാനുള്ള നടപടികളൊന്നുമുണ്ടായില്ല. പത്ത് വർഷമായിട്ടും തുടരുന്ന ടോൾ കൊള്ളക്കെതിരെ ജനങ്ങളിൽ പ്രതിഷേധം വ്യാപകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.