'പിരിവ്' വികസനം മലപ്പുറം മോഡൽ
text_fieldsമലപ്പുറം: ജില്ലയുടെ അടിസ്ഥാന സൗകര്യത്തിന് സർക്കാർ ഫണ്ട് ചെലവഴിക്കുന്നതിന് പകരം 'ജനകീയ സഹകരണം' പതിവ് തെറ്റിക്കാതെ വീണ്ടും ഭരണകൂടം. കലക്ടർ കെ. ഗോപാലകൃഷ്ണെൻറനേതൃത്വത്തിലാണ് 'മലപ്പുറത്തിെൻറ പ്രാണവായു' എന്ന പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
മലപ്പുറം മാതൃക എന്ന ഓമനപ്പേര് നൽകി പണത്തിനായി ജനങ്ങെള സമീപിക്കുന്നത് തുടരുകയും കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഫണ്ട് ഉപയോഗിച്ച് ജില്ലയിൽ വികസനം നടപ്പാക്കാതിരിക്കുകയും ചെയ്യുന്നതിൽ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധമുയർന്നു. തിങ്കളാഴ്ച ജില്ല കലക്ടർ തുടക്കം കുറിച്ച 'മലപ്പുറത്തിെൻറ പ്രാണവായു' പദ്ധതി ഈ ഗണത്തിലെ അവസാനത്തെ ഉദാഹരണമാണ്. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് വികസന പ്രവർത്തനങ്ങൾ നടത്താതെ മലപ്പുറത്തുകാരുടെ ഉദാരമനസ്കത 'ഉപയോഗപ്പെടുത്തി' വികസനം കൊണ്ടുവരാൻ ജില്ല ഭരണകൂടം വീണ്ടും പദ്ധതിയിട്ടതാണ് പ്രതിഷേധം ഉയരാൻ കാരണം.
ജില്ലയിലെ എം.എൽ.എ, എം.പിമാർ പദ്ധതിയെക്കുറിച്ച് അറിഞ്ഞിട്ടില്ല. കഴിഞ്ഞ സംസ്ഥാന ബജറ്റിൽ 700 കോടി രൂപയാണ് ആരോഗ്യ മേഖലയുടെ വികസനത്തിന് ധനമന്ത്രി പ്രഖ്യാപിച്ചത്. എന്നാൽ, ഇതിൽ എത്ര കോടിരൂപ ജില്ലയിലെ ആരോഗ്യ മേഖലയിലെ വികസത്തിന് മാറ്റിവെച്ചിട്ടുണ്ടെന്നും ചോദ്യമുയരുന്നു.
എന്താണ് പ്രാണവായു
ജനങ്ങള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നതിനും കോവിഡ് മഹാമാരി അതിജീവിക്കുന്നതിനും ഭാവിയില്‍ ഇത്തരം രോഗങ്ങളുണ്ടാവുമ്പോള്‍ ആവശ്യമായ പ്രതിരോധ ചികിത്സ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനുമാണ് 'പ്രാണവായു' പദ്ധതി ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ 20 കോടിരൂപ വരുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ ആശുപത്രികളില്‍ ലഭ്യമാക്കും.
ഓക്സിജന്‍ ജനറേറ്ററുകള്‍, ക്രയോജനിക് ഓക്സിജന്‍ ടാങ്ക്, ഐ.സി.യു ബെഡുകള്‍, ഓക്സിജന്‍ കോണ്സൻട്രേറ്റര്, ആര്.ടി.പി.സി.ആര് മെഷീന്‍സ്, മള്‍ട്ടി പാരാമീറ്റര്‍ മോണിറ്റര്‍, ഡി ടൈപ്പ് ഓക്സിജന്‍ സിലണ്ടറുകള്‍, സെൻട്രൽ ഓക്സിജന്‍ പൈപ്പ് ലൈന്‍, ബയോസേഫ്റ്റി കാബിനറ്റ്, ക്രയോജനിക് ടാങ്ക് ട്രാന്‍സ്പോര്‍ട്ടിങ് വാഹനം എന്നിവയാണ് വാങ്ങാനുദ്ദേശിക്കുന്നത്.
മെഡിക്കൽ കോളജ്, വിമാനത്താവളം, സ്റ്റേഡിയം... എല്ലാം പിരിവെടുത്തത്
ജനങ്ങളിൽനിന്ന് പിരിവെടുത്ത് സർക്കാർ പദ്ധതി നടപ്പാക്കുക എന്ന രീതി മലപ്പുറത്ത് തുടങ്ങിയിട്ട് നാളുകളേറെയായി. ജില്ലയിലെ പ്രധാന പദ്ധതികളെല്ലാം ഈ രീതിയിൽ നടപ്പാക്കിയവയാണ്. 2013ൽ മഞ്ചേരിയിലെ ജനറൽ ആശുപത്രി മെഡിക്കൽ കോളജായി മാറ്റി. മറ്റുജില്ലകളിൽ 100 ഏക്കേറാളം സ്ഥലങ്ങളിൽ മെഡിക്കൽ കോളജ് ഉയർന്നപ്പോൾ ജില്ലയിൽ 20 ഏക്കർ സ്ഥലത്ത് ഞെരുങ്ങിയാണ് മെഡിക്കൽ കോളജ് സ്ഥിതിചെയ്യുന്നത്. കെട്ടിടങ്ങളും മറ്റും സ്ഥാപിക്കാൻ അധികാരികൾ കണ്ടെത്തിയ മാർഗവും 'പിരിവ്' മോഡൽ തന്നെയായിരുന്നു.
മഞ്ചേരി പയ്യനാട്ടെ സ്റ്റേഡിയവും ജില്ലയിലെ ഫുട്ബാൾ പ്രേമികളുടെയും സുമനസ്സുകളുടെയും വിയർപ്പിെൻറ വില തന്നെയാണ്. കരിപ്പൂർ വിമാനത്താവളത്തിെൻറ റൺവേ വികസനത്തിനുപോലും നാട്ടുകാരിൽനിന്ന് അഞ്ചുകോടി രൂപയോളം പിരിച്ചു. പിന്നീട് ഹഡ്കോയിൽനിന്ന് 60 കോടി രൂപ വായ്പയെടുത്തു. ഇത് തിരിച്ചടക്കാനും അധികൃതർ കണ്ടത് യാത്രക്കാരുടെ പോക്കറ്റാണ്. യൂസർ ഫീ ഏർപ്പെടുത്തിയത് അതിനുവേണ്ടിയായിരുന്നു. ഇനിയുമുണ്ട് ചെറുതും വലുതുമായ പിരിവ് വികസനങ്ങൾ. പറഞ്ഞാൽ തീരില്ല. ജില്ലയിലെ നൂറുകണക്കിന് സ്കൂൾ കെട്ടിടങ്ങൾ, അംഗൻവാടികൾ തുടങ്ങിയവ ഉദാഹരണങ്ങളാണ്.
കോവിഡ് പ്രതിരോധ സാമഗ്രികൾ വാങ്ങാനും പാണക്കാട്ടേക്ക്!
കോവിഡ് വ്യാപനം രൂക്ഷമായപ്പോൾ പി.പി.ഇ കിറ്റ്, മാസ്ക് തുടങ്ങിയ പ്രതിരോധ സാമഗ്രികൾ വാങ്ങാൻ ജില്ല കലക്ടർ കെ. ഗോപാലകൃഷ്ണൻ നേരെ പോയത് പാണക്കാട് ഹൈദരലി തങ്ങളുടെ അടുത്തേക്ക്. സർക്കാറിനെ സമീപിക്കുന്നതിനുപകരം ജനങ്ങളെ സമീപിച്ചാൽ കാര്യം നടക്കുമെന്ന് അധികൃതർക്കറിയാം.
മുസ്ലിം ലീഗ് പ്രവർത്തകർക്കുപുറമെ പാർട്ടി ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളും എം.എൽ.എമാരും അന്ന് പിരിച്ചുകൊടുത്തത് ആറ് കോടികളാണ്. എം.എൽ.എമാർ എല്ലാവരും കൂടി അഞ്ചുകോടി രൂപയും ജില്ല പഞ്ചായത്ത് ഒരുകോടിയുടെ ഉപകരണങ്ങളും നൽകി. ഇതുതന്നെയാണ് വികസന പ്രവർത്തനങ്ങൾക്കായി ജനങ്ങളുടെ അടുത്തേക്ക് പിരിവുമായി വരാൻ അധികൃതരെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകവും.
16 എം.എൽ.എമാർ, മൂന്ന് എം.പിമാർ
ജില്ലയുടെ വികസന പ്രവർത്തനത്തിന് ഫണ്ട് അനുവദിക്കുകയും അവ ഏകോപിപ്പിക്കുന്നതിനും മൂന്ന് എം.പിമാരും 16 എം.എൽ.എമാരുമുണ്ട്. 2.5 കോടി രൂപ എം.എൽ.എ ഫണ്ടും അഞ്ചുകോടി എം.പി ഫണ്ടും കേന്ദ്ര-സംസ്ഥാന സർക്കാർ അനുവദിക്കുന്നു. എം.പി ഫണ്ട് അടുത്തിടെ കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചിരുന്നു. കോവിഡ് രോഗം രൂക്ഷമായ സമയത്ത് ജില്ലയിലെ എം.പിമാർ ആശുപത്രികളിൽ വെൻറിലേറ്ററടക്കമുള്ള സജ്ജീകരണമൊരുക്കാൻ കോടികളുടെ ഫണ്ട് അനുവദിച്ചു. രാഹുൽ ഗാന്ധി ഒരു കോടി 28 ലക്ഷം രൂപ, പി.കെ. കുഞ്ഞാലിക്കുട്ടി ഒരു കോടി, ഇ.ടി. മുഹമ്മദ് ബഷീർ 50 ലക്ഷം എന്നിങ്ങനെയാണ് അനുവദിച്ചത്.
തുക പാസായി മാസങ്ങൾ കഴിഞ്ഞിട്ടും വെൻറിലേറ്റർ വാങ്ങാത്തതിനെതിരെ എം.പിമാർ തന്നെ രംഗത്തുവന്നിരുന്നു. പിന്നീടാണ് വെൻറിലേറ്ററുകളും മറ്റും വാങ്ങാൻ ജില്ല ഭരണകൂടം തയാറായത്. മഞ്ചേരി മെഡിക്കൽ കോളജ്, താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ അഞ്ച് വെൻറിലേറ്ററുകൾ വാങ്ങാൻ 50 ലക്ഷം രൂപയും ഗവ. ആശുപത്രികളിൽ സാധന സാമഗ്രികൾ വാങ്ങാനുമായിരുന്നു 50 ലക്ഷം രൂപ അനുവദിച്ചിരുന്നത്.
സര്‍ക്കാര്‍ മുന്‍കൈെയടുത്ത് ചെയ്യേണ്ട കാര്യങ്ങള്‍ ജനങ്ങള്‍ ചെയ്യട്ടെ എന്ന രീതി ശരിയല്ലെന്നും മലപ്പുറം ജില്ലയിലെ ഭരണകൂടം ആരംഭിച്ച പ്രാണവായുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടിയായി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ പറഞ്ഞു.
ഫേസ്ബുക്ക് പേജിൽ കലക്ടർക്ക് വിമർശനം
ജില്ലയിലെ ജനങ്ങളിൽനിന്ന് പൈസ പിരിച്ചെടുത്ത് നടപ്പാക്കുന്ന മലപ്പുറത്തിെൻറ പ്രാണവായു പദ്ധതിക്കെതിരെ ജില്ല കലക്ടറുടെ േഫസ്ബുക്ക് പേജിൽ വ്യാപക വിമർശനം. തിങ്കളാഴ്ച ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ ചിത്രങ്ങളും വാർത്തകളും ഫേസ് ബുക്കിൽ കലക്ടർ പോസ്റ്റ് ചെയ്തിരിന്നു. അതിന് താഴെയാണ് ജില്ല നേരിടുന്ന അവഗണനക്കെതിരെ രൂക്ഷ പ്രതികരണങ്ങൾ വരുന്നത്.
നാട്ടുകാരിൽനിന്ന് പിരിവ് എടുത്ത് വികസനപ്രവർത്തനങ്ങൾ നടത്താനാണോ കലക്ടറെയും ജില്ല പഞ്ചായത്ത് പ്രസിഡൻറിനെയും നിയമിച്ചിട്ടുള്ളതെന്നും സർക്കാർ ഫണ്ടുപയോഗിച്ച് വികസന പ്രവർത്തനങ്ങൾ നടപ്പാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.