ഡീസൽ ചോർച്ച; കുടിവെള്ളത്തിന് ബദൽ മാർഗം തേടണമെന്ന് ഭൂഗർഭ ജല വകുപ്പ്
text_fieldsപെരിന്തൽമണ്ണ: അങ്ങാടിപ്പുറം പരിയാപുരത്ത് ടാങ്കർ മറിഞ്ഞ് ഡീസൽ ചോർന്ന പ്രദേശത്തെ കിണറുകളിൽനിന്ന് ദീർഘകാലം വെള്ളം കുടിക്കാൻ കഴിയില്ലെന്ന് ഭൂഗർഭ ജല വകുപ്പ്. കിണറുകളിൽ ഇപ്പോഴും ഉറവയായി ഡീസൽ കലർന്ന വെള്ളം വരുന്നുണ്ട്.
വെള്ളിയാഴ്ച ഭൂഗർഭജല വകുപ്പ് വിദഗ്ധർ പ്രദേശത്തെത്തി വെള്ളം പരിശോധിച്ചിരുന്നു. അതിനുശേഷം പഞ്ചായത്ത് സെക്രട്ടറിക്കാണ് നിർദേശം നൽകിയത്. ഒരു കിണറ്റിൽ വൻതോതിൽ ഡീസൽ കലർന്നതിനെ തുടർന്ന് മണിക്കൂറുകൾ നീണ്ട അഗ്നിബാധയുണ്ടായിരുന്നു. ഏതാനും കാലത്തേക്ക് പരിസരത്തെ കിണറുകളിലെ വെള്ളം ഉപയോഗിക്കരുതെന്നും ബദൽ സംവിധാനം കണ്ടെത്തണം എന്നുമാണ് നിർദേശം.
ജല അതോറിറ്റിയുടെ പൈപ്പ് കണക്ഷൻ ഉപയോഗിക്കാനാണ് പറയുന്നത്. പരിശോധനയുടെ വിശദാംശങ്ങൾ ചേർത്ത് ജില്ല കലക്ടർക്ക് റിപ്പോർട്ട് നൽകുമെന്നും അതിൽ ഇക്കാര്യങ്ങൾ നിർദേശിക്കുമെന്നുമാണ് പഞ്ചായത്ത് സെക്രട്ടറിയെ ഭൂഗർഭജല വകുപ്പ്, ജിയോളജി പ്രതിനിധികൾ അറിയിച്ചത്.
ഇക്കാര്യങ്ങൾ സെക്രട്ടറി ജനങ്ങളെ അറിയിച്ചിട്ടുണ്ട്. 20,000 ലിറ്റർ ഡീസലാണ് പരിയാപുരത്ത് ടാങ്കർ മറിഞ്ഞ് നിലത്ത് ആഴ്ന്നത്. അതിന് 400 മീറ്റർ അകലെയുള്ള കിണറ്റിലാണ് മൂന്നാം ദിവസം മോട്ടോർ ഓൺ ചെയ്തപ്പോൾ വൻ അഗ്നിബാധയുണ്ടായത്. പ്രദേശത്തുകാർക്ക് ബദൽ കുടിവെള്ള സൗകര്യം ഏർപ്പെടുത്തണമെന്ന് നിർദേശം നൽകിയെങ്കിലും പ്രായോഗിക രൂപമായിട്ടില്ല.
അതേസമയം, ഈ ഭാഗത്ത് ജല അതോറിറ്റിയുടെ പൈപ്പെത്തുന്നില്ല. പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയതല്ലാതെ കുടുംബങ്ങളുടെ കുടിവള്ള പ്രശ്നത്തിന് ഇപ്പോഴും പരിഹാരം കണ്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.