ഡി.എൽ.എഡ് കോഴ്സ് വൈകുന്നു: വർഷം നഷ്ടമാവുമെന്ന ആശങ്കയിൽ വിദ്യാർഥികൾ
text_fieldsമലപ്പുറം: അധ്യാപക പരിശീലന കോഴ്സായ ഡിപ്ലോമ ഇൻ എലമെന്‍ററി എജുക്കേഷൻ (ഡി.എൽ.എഡ്) നിശ്ചിത സമയത്ത് പൂർത്തിയാവില്ലെന്നുറപ്പായതോടെ തങ്ങൾക്ക് ഒരു വർഷം നഷ്ടമാവുമെന്ന ആശങ്കയിൽ വിദ്യാർഥികൾ. 2020-22 ബാച്ചിലെ വിദ്യാർഥികളാണ് സമയബന്ധിതമായി കോഴ്സ് തീരാത്തതിന്‍റെ ദുരിതമനുഭവിക്കുന്നത്. 2020ൽ പ്രവേശനം നേടിയവരുടെ ക്ലാസുകൾ തുടങ്ങിയതുതന്നെ കോവിഡ് കാരണം ഏറെ വൈകിയാണ്. മാത്രമല്ല കോഴ്സ് ആരംഭിച്ചിട്ടും ലോക്ഡൗൺ ഉൾപ്പെടെ കാരണങ്ങളാൽ പലകുറി ക്ലാസുകൾ നഷ്ടപ്പെടുകയും ചെയ്തു.
ശനിയാഴ്ചകളടക്കം പ്രവൃത്തി ദിനമാക്കി കോഴ്സ് സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് നേരത്തേതന്നെ വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തുടക്ക ഘട്ടത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടാവാത്തതാണ് പ്രതിസന്ധിയായത്.
ഒന്നാംതരം മുതൽ ഏഴാംതരം വരെയുള്ള അധ്യാപകരാവുന്നതിനുള്ള കോഴ്സാണിത്. യു.പി വിഭാഗത്തിന് ഡി.എൽ.എഡിനൊപ്പം ബിരുദം കൂടിവേണം. തങ്ങൾക്ക് ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനുമെല്ലാം ചേരാനുള്ള അവസരമാണ് കോഴ്സ് കാലാവധി നീളുന്നതിലുടെ നഷ്ടമാവുന്നതെന്നാണ് പഠിതാക്കൾ പറയുന്നത്.
ഈ മാർച്ചോടെയാണ് കോഴ്സ് പൂർത്തിയാവേണ്ടത്. നാലുസെമസ്റ്റർ കോഴ്സിൽ മൂന്നെണ്ണം മാത്രമാണ് ഇതിനകം പൂർത്തിയായത്. മൂന്നാമത്തെ സെമസ്റ്ററിന്‍റെ പരീക്ഷതന്നെ ജൂൺ 13നാണ് തുടങ്ങുന്നത്. നാലാം സെമസ്റ്റർ ക്ലാസുകൾ പൂർത്തിയായിട്ടുവേണം പരീക്ഷകൾ നടത്തി ഫലം പ്രസിദ്ധീകരിക്കാൻ. പരീക്ഷ നടത്തിപ്പിനും മൂല്യ നിർണയത്തിനും മാത്രം രണ്ടുമാസത്തോളം സമയമെടുക്കും.
ഓരോ സെമസ്റ്ററിനും മിനിമം നൂറുദിവസ ക്ലാസുകളെങ്കിലും വേണമെന്നാണ് അധികൃതർ പറയുന്നത്. ഇതോടെ കോഴ്സ് അവസാനിക്കാൻ നവംബറെങ്കിലുമാകും.
ഇതിനിടെ ഡിഗ്രി ഉൾപ്പെടെയുള്ള കോഴ്സുകളുടെ പ്രവേശന നടപടികൾ അവസാനിക്കുമെന്നതാണ് വിദ്യാഥികളെ ആശങ്കപ്പെടുത്തുന്നത്. അതിനിടെ വിദ്യാർഥികൾ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ വകുപ്പിനെ സമീപിച്ചിരുന്നു. തുടർന്ന് ശനിയാഴ്ചകളിലടക്കം പ്രവൃത്തിദിനമാക്കി കോഴ്സ് സമയബന്ധിതമായി പർത്തീകരിക്കണമെന്ന് ഏപ്രിലിൽ ഉത്തരവും വന്നു. എന്നിട്ടും കോഴ്സ് പെട്ടെന്ന് പൂർത്തീകരിക്കാൻ നടപടിയുണ്ടായിട്ടില്ലെന്നാണ് ആക്ഷേപം. 2020ൽ പ്രവേശനം നേടിയവരുടെ കോഴ്സ് നവംബറിലാണ് തീരുക എന്നിരിക്കെ ഇതിനുശേഷം പ്രവേശനം നേടിയവരുടെ കോഴ്സ് ആഗസ്റ്റിൽ തീർക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ജില്ലയിൽ 14 സ്ഥാപനങ്ങളിലായി ആയിരത്തിലേറെ വിദ്യാർഥികളാണ് ഈ കോഴ്സ് പഠിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.