നിയമസഭ തെരഞ്ഞെടുപ്പ്; 12 പേർക്കെതിരെ അച്ചടക്ക നടപടിയുമായി സി.പി.എം
text_fieldsമലപ്പുറം: പൊന്നാനി, പെരിന്തൽമണ്ണ നിയമസഭ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 12 പേർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ സി.പി.എം ജില്ല കമ്മിറ്റി തീരുമാനിച്ചു. പൊന്നാനിയിലെ ഏഴു പേർക്കെതിരെയും പെരിന്തൽമണ്ണയിൽ അഞ്ചുപേർക്കെതിരെയുമാണ് നടപടി. പൊന്നാനിയിൽ നടന്ന പരസ്യ പ്രകടനവും മറ്റു സംഘടന വിരുദ്ധ പ്രവർത്തനങ്ങളും പെരിന്തൽമണ്ണ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ചും അന്വേഷിക്കാൻ രണ്ടു കമീഷനുകളെ ജില്ല കമ്മിറ്റി നിയോഗിച്ചിരുന്നു.
ഇവർ സമർപ്പിച്ച റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി. ജില്ല സെക്രേട്ടറിയേറ്റഗം ടി.എം. സിദ്ദീഖ്, പെരിന്തൽമണ്ണ ഏരിയ കമ്മിറ്റിയംഗം എം. മുഹമ്മദ് സലീം, പൊന്നാനി ഈഴവതിരുത്തി ലോക്കൽ കമ്മിറ്റിയംഗം ഇ. മണി, പൊന്നാനി നഗരം ലോക്കൽ കമ്മിറ്റിയംഗങ്ങളായ പി.വി. നവാസ്, മഷ്ദുഖ് എന്നിവരെ നിലവിലെ സ്ഥാനങ്ങളിൽനിന്ന് ഒഴിവാക്കി. ജില്ല സെക്രേട്ടറിയറ്റംഗങ്ങളായ സി. ദിവാകരൻ, വി. ശശികുമാർ എന്നിവരെ ഏരിയ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി.
പെരിന്തൽമണ്ണ ഏരിയ കമ്മിറ്റിയംഗങ്ങളായ അഡ്വ. സുൽഫിക്കർ അലി, ഉണ്ണികൃഷ്ണൻ എന്നിവരെ ലോക്കൽ കമ്മിറ്റിയിലേക്കും തരംതാഴ്ത്തി. വെളിയങ്കോട് തണ്ണിത്തുറ ബ്രാഞ്ച് അംഗം ടി. താഹിർ, പുതുപൊന്നാനി ബ്രാഞ്ച് അംഗം പി.പി. അഷ്റഫ്, പൊന്നാനി ഏരിയ കമ്മിറ്റി ഓഫിസ് സെക്രട്ടറി നാസർ എന്നിവരെ പരസ്യമായി ശാസിക്കാനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.