അനാസ്ഥ രോഗത്തിന് ചികിത്സയില്ലാതെ...
text_fieldsകൊണ്ടോട്ടി: നിരന്തര അവഗണനയില്‍ രോഗാതുരമായ കൊണ്ടോട്ടി താലൂക്ക് ഗവ. അശുപത്രി അനാസ്ഥ രോഗത്തിനു ചികിത്സ തേടുന്നു. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റഫറല്‍ കേന്ദ്രം കൂടിയായ താലൂക്ക് ആശുപത്രി പ്രാഥമിക സൗകര്യങ്ങള്‍ പോലുമില്ലാതെ വീര്‍പ്പുമുട്ടുകയാണ്. ആതുരാലയത്തില്‍ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കാനും ചികിത്സ ഉപകരണങ്ങള്‍ വാങ്ങാനുമായി കിഫ്ബി ഫണ്ടില്‍നിന്ന് 44.19 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ആശുപത്രിയിലേക്കുള്ള റോഡ് കിഫ്ബി നിര്‍ദേശിക്കുന്ന രീതിയില്‍ വീതി കൂട്ടുന്നതോടെ മാത്രമേ ഈ പ്രവൃത്തികള്‍ ആരംഭിക്കാനാകു.
റോഡിനുള്ള സ്ഥലമേറ്റടുക്കല്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിച്ചു വരുകയാണെന്ന് ടി.വി. ഇബ്രാഹിം എം.എല്‍.എ നേരത്തേ അറിയിച്ചിരുന്നു. കിഫ്ബി ഗവേണിങ് ബോഡി യോഗത്തിലാണ് തുക അനുവദിച്ചത്. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ 36.19 കോടി രൂപയും ഉപകരണങ്ങള്‍ വാങ്ങാന്‍ എട്ട് കോടി രൂപയുമാണ് അനുവദിച്ചത്. താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയെങ്കിലും അവശ്യം വേണ്ട സൗകര്യങ്ങള്‍ മാസ്റ്റര്‍ പ്ലാന്‍ ഉണ്ടാക്കിയതല്ലാതെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ അനന്തമായി നീളുകയാണ്.
റോഡ് വികസനത്തിന് നടപടിയില്ല
കൊണ്ടോട്ടി താലൂക്ക് ആശുപത്രി വികസനത്തിന് അനിവാര്യമായ റോഡ് വികസിപ്പിക്കാൻ ഭൂമി ഏറ്റെടുക്കല്‍ വൈകുന്നു. സ്ഥലം വിട്ടുനല്‍കുന്നതില്‍ സ്വകാര്യ ഭൂവുമടകള്‍ കാണിക്കുന്ന തിരസ്കാര നയമാണ് ആതുരാലയ വികസനത്തെ ബാധിക്കുന്നത്. പ്രശ്നം പരിഹരിക്കാന്‍ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ചര്‍ച്ചകള്‍ നടത്തുമെന്ന് ടി.വി. ഇബ്രാഹിം എം.എല്‍.എ അറിയിച്ചിരുന്നെങ്കിലും തുടര്‍നടപടികള്‍ ജലരേഖയാകുകയാണ്. ഇക്കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളെ ഏകോപിപ്പിക്കാനും ജനകീയ ചര്‍ച്ചകള്‍ക്ക് സാധ്യതയൊരുക്കാനും നടപടികള്‍ ഉണ്ടായിട്ടില്ല.
നോക്കുകുത്തിയായി ഡയാലിസിസ് കേന്ദ്രം
കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് കേന്ദ്രം പ്രവര്‍ത്തന സജ്ജമാക്കുന്നതില്‍ അലംഭാവം തുടരുന്നു. കേന്ദ്രം പ്രവര്‍ത്തന സജ്ജമാക്കുമെന്ന നഗരസഭയുടെ പ്രഖ്യാപനം ജലരേഖയാകുമ്പോള്‍ ആശുപത്രിയിലുള്ള ആറ് മെഷീനുകള്‍ നശിക്കുകയാണ്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ആരംഭിക്കാനിരുന്ന പദ്ധതിയാണ് ഇപ്പോഴും അനിശ്ചിതത്വത്തിലുള്ളത്.
2014 കാലഘട്ടത്തിലാണ് കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് കേന്ദ്രം ആരംഭിക്കാന്‍ പദ്ധതിയിടുകയും ആറ് മെഷീനുകള്‍ എത്തിക്കുകയും ചെയ്തത്. കേന്ദ്രത്തിന്റെ നടത്തിപ്പു ചുമതല ശിഹാബ് തങ്ങള്‍ ചാരിറ്റബ്ള്‍ സൊസൈറ്റിക്ക് കൈമാറുകയും ചെയ്തു. സൊസൈറ്റിയുടെ കീഴില്‍ കൂടുതല്‍ മെഷീനുകള്‍ എത്തിച്ച് ഡയാലിസിസ് ആരംഭിക്കുകയും ചെയ്തിരുന്നു.
പഞ്ചായത്ത് 2015ല്‍ നഗരസഭയായതോടെ കേന്ദ്രം നഗരസഭയുടെ അധീനതയിലായി. സര്‍ക്കാര്‍ ആശുപത്രിയുടെ സൗകര്യങ്ങള്‍ സ്വകാര്യ സൊസൈറ്റി ഉപയോഗപ്പെടുത്തുന്നതിലെ ചട്ടലംഘനം ചൂണ്ടിക്കാട്ടി ആദ്യമായി അധികാരത്തിലെത്തിയ ജനകീയ മുന്നണി ഭരണ സമിതി 2016ല്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനം മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വാങ്ങിയ അറ് മെഷീനുകള്‍ ആശുപത്രിയില്‍തന്നെ നിലനിര്‍ത്തി സൊസൈറ്റി വാങ്ങിയ മെഷീനുകള്‍ കേന്ദ്രത്തില്‍ നിന്ന് മാറ്റി 2018 മുതല്‍ പുറത്ത് ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.
ഇതോടെ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ആറ് ഡയാലിസിസ് യന്ത്രങ്ങള്‍ താലൂക്ക് ആശുപത്രിയില്‍ പൊടിപിടിച്ച് കിടക്കുകയാണ്. പ്രതിദിനം 13 രോഗികള്‍ക്ക് വരെ ഡയാലിസിസ് നടത്താന്‍ സാധിക്കുന്ന ഉപകരണങ്ങളാണിവിടെ ഉള്ളത്.
വൃക്ക രോഗികള്‍ അനുദിനം വര്‍ധിക്കുമ്പോള്‍ ഒരുമാസം 400 രോഗികള്‍ക്കു വരെ ഉപയോഗപ്രദമാകുന്ന ഡയാലിസിസ് മെഷീനുകള്‍ ഉപയോഗപ്പെടുത്താത്തതില്‍ പ്രതിഷേധവുമായി വിവിധ സംഘടനകളും രോഗികളും രംഗത്തെത്തിയിരുന്നു. ഇതൊന്നും ബന്ധപ്പെട്ടവര്‍ ഇതുവരെ ചെവിക്കൊണ്ടിട്ടില്ല.
പഴയ കെട്ടിടങ്ങള്‍ പൊളിക്കാനും നടപടിയില്ല
ആതുരാലയത്തിലെ ഉപയോഗശൂന്യമായ കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് നേരത്തേ അനുമതിയായതാണ്. എന്നാല്‍, നവീകരണത്തിനുള്ള ഫണ്ട് ലഭ്യമാകാതിരുന്നതിനാല്‍ പരിമിതമായ സൗകര്യങ്ങളില്തന്നെ പ്രവര്‍ത്തിക്കേണ്ട അവസ്ഥയാണ് നിലവിൽ. നവീകരണം ആരംഭിക്കുകയും ചികിത്സ സൗകര്യങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്നത് സാധാരണക്കാരായ രോഗികള്‍ക്ക് ആശ്വാസമാകും. എന്നാല്‍, ഇക്കാര്യത്തില്‍ അധികൃതര്‍ തുടരുന്ന അനാസ്ഥ കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റഫറല്‍ ചികിത്സ കേന്ദ്രം കൂടിയായ കൊണ്ടോട്ടിയിലെ താലൂക്ക് ഗവ. ആശുപത്രിക്ക് വെല്ലുവിളിയാകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.