മലപ്പുറം ജില്ല കോൺഗ്രസിൽ പോര് തുടരുന്നു
text_fieldsമലപ്പുറം: ജില്ല കോൺഗ്രസിൽ പ്രതിഷേധം തുടരുന്നു. വെള്ളിയാഴ്ച വൈകീട്ട് ഡി.സി.സിയിൽ വിളിച്ച ജില്ല കമ്മിറ്റി യോഗം ബഹളത്തിൽ കലാശിച്ചു. പാർട്ടി വിവിധ ഘട്ടങ്ങളിൽ പിരിച്ച ഫണ്ട് വിനിയോഗവും കണക്കുമായി ബന്ധപ്പെട്ടാണ് ബഹളം തുടങ്ങിയത്.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്കായി ജില്ലയിൽനിന്ന് പിരിച്ച കണക്ക് അധ്യക്ഷൻ യോഗത്തിൽ അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബഹളത്തിന് തുടക്കം. ജില്ല കമ്മിറ്റി അംഗങ്ങളടക്കം കണക്ക് ആവശ്യപ്പെട്ട് രംഗത്തെത്തി. ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി സെക്രട്ടറി ടി.എ. സലീം അടക്കമുള്ളവർ യോഗത്തിലുണ്ടായിരുന്നു.
കോൺഗ്രസ് അംഗത്വ വിതരണത്തിലൂടെ ലഭിച്ച തുകയും ചലഞ്ച് ഫണ്ടിലൂടെ ലഭിച്ച തുകയുടെയും കണക്കുകൂടി ആവശ്യപ്പെട്ടതോടെ പ്രതിഷേധം കനത്തു. ജില്ലയിലെ നൂറിലധികം മണ്ഡലങ്ങളിൽനിന്നായി ഭാരത് ജോഡോ യാത്രക്കുവേണ്ടി രണ്ട് കോടിയോളം രൂപ പിരിച്ചിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. എ.ഐ.സി.സിയിൽനിന്ന് ഭാരത് ജോഡോ യാത്രക്കായി ഫണ്ട് കിട്ടിയിട്ടുണ്ട്. കെ.പി.സി.സിയുടെ ചലഞ്ച് ഫണ്ട് വിഭാഗത്തിലും ബൂത്ത് കമ്മിറ്റികളിൽനിന്ന് മണ്ഡലം കമ്മിറ്റി വഴി ജില്ല കമ്മിറ്റിയിലേക്കും തുക ലഭിച്ചിട്ടുണ്ട്.
കൂടാതെ പ്രദേശികമായി നടന്ന അംഗത്വ വിതരണത്തിലൂടെയും വ്യാപാര സ്ഥാപനങ്ങളിൽനിന്ന് പിരിച്ച തുകയുമടക്കം വൻ തുക ജില്ല കമ്മിറ്റി ലഭിച്ചിട്ടുണ്ടെന്നാണ് അംഗങ്ങളുടെ ആരോപണം. ആരോപണം കടുത്തതോടെ എല്ലാ വിഷയത്തിലും കൃത്യമായ കണക്ക് ഉടൻ അവതരിപ്പിക്കുമെന്ന് ജില്ല കോൺഗ്രസ് അധ്യക്ഷൻ വി.എസ്. ജോയി യോഗത്തിൽ മറുപടി നൽകി. ഡി.സി.സി അധ്യക്ഷനെതിരെ പാർട്ടിക്കുള്ളിൽ നിലവിൽ പടയൊരുക്കം ശക്തമാണ്.
ഇതിന്റെ ഭാഗമായാണ് യോഗത്തിലെ പ്രതിേഷധമെന്നാണ് സൂചന. വി.എസ്. ജോയിയെ തൽസ്ഥാനത്തുനിന്ന് നീക്കാൻ ചരടുവലി നടക്കുന്നുണ്ട്. ഇതിന് പാർട്ടിക്കുള്ളിൽ ഒപ്പുശേഖരണം നടക്കുകയാണ്. എ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ഒപ്പ് ശേഖരണത്തിന് ഐ വിഭാഗത്തിലെ പഴയ നേതാക്കളുടെയും പിന്തുണയുണ്ട്.
2021 ആഗസ്റ്റിലാണ് ജോയിയെ ഡി.സി.സി പ്രസിഡന്റായി പ്രഖ്യാപിക്കുന്നത്. സെപ്റ്റംബർ ഏഴിന് ചുമതല ഏറ്റെടുക്കുകയും ചെയ്തു. ജില്ലയുടെ തുടക്കം മുതൽ പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിനായിരുന്നു ലഭിച്ചത്. എ.പി. അനിൽകുമാർ എം.എൽ.എയുടെ ശക്തമായ പിന്തുണയിലായിരുന്നു ജോയിക്ക് പ്രസിഡന്റ് സ്ഥാനം ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.